വന്ദേഭാരത് സർവ്വീസുകളുടെ വരുമാനം കുതിക്കുന്നു: കാരണമായത് ഇത്..ഏറ്റവും പുതിയ കണക്ക് പുറത്ത്
ചെന്നൈ: വന്ദേഭാരത് സർവീസുകളുടെ വരുമാനത്തിൽ വൻ വർധനവ്.'കറന്റ് റിസർവേഷൻ സംവിധാനം' നടപ്പാക്കിയതാണ് വരുമാനം ഉയരാൻ കാരണമായത്. ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുന്നതിന് 15 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഈ സൗകര്യം കൂടുതൽ യാത്രക്കാരെ വന്ദേഭാരതിലേക്ക് ആകർഷിച്ചെന്ന് കണക്കുകൾ പറയുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള 24 വന്ദേഭാരത് ട്രെയിനുകളിലായി ആകെ 77.38 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഇതിലൂടെ 803.86 കോടി രൂപയുടെ വരുമാനവും റെയിൽവെയ്ക്ക് ലഭിച്ചു. 2024-25 വർഷത്തിൽ 54.12 ലക്ഷം യാത്രക്കാരും 540.65 കോടി രൂപയുമായിരുന്നു വരുമാനം. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23.26 ലക്ഷം യാത്രക്കാരും 263.21 കോടി രൂപയും അധികം.

കറന്റ് ബുക്കിംഗ് കണക്കുകളിൽ ഗണ്യമായ വർധനവാണ് ഉണ്ടായത്. 2024-25-ൽ 2,98,989 യാത്രക്കാരാണ് ഈ സൗകര്യം ഉപയോഗിച്ചത്. ഇതിലൂടെ 2,181 ലക്ഷം രൂപ വരുമാനം ലഭിച്ചു. എന്നാൽ 2025-26-ൽ ഇത് 7,42,428 യാത്രക്കാരായി, 5,706 ലക്ഷം രൂപ വരുമാനത്തിലേക്കും ഉയർന്നു. സാധാരണയായി ഒഴിഞ്ഞുപോകാൻ സാധ്യതയുള്ള സീറ്റുകൾ പോലും അവസാന നിമിഷ ബുക്കിംഗിലൂടെ നിറയാൻ തുടങ്ങിയതോടെ ട്രെയിനുകളുടെ ഓക്ക്യുപൻസി മെച്ചപ്പെട്ടതായും റെയിൽവേ വ്യക്തമാക്കുന്നു.
2025 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ എട്ട് വന്ദേഭാരത് ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം ആദ്യം നടപ്പാക്കിയത്. ഈ ഘട്ടത്തിൽ കറന്റ് ബുക്കിംഗിൽ 80 ശതമാനവും വരുമാനത്തിൽ 78 ശതമാനവും വർധന രേഖപ്പെടുത്തിയതോടെയാണ് പദ്ധതി പിന്നീട് മുഴുവൻ 24 ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചത്.
മംഗളൂരു-തിരുവനന്തപുരം, കാസർഗോഡ്-തിരുവനന്തപുരം, ചെന്നൈ എഗ്മോർ-നാഗർകോവിൽ തുടങ്ങിയ റൂട്ടുകളിൽ പല സർവീസുകളും 100 ശതമാനത്തിന് മുകളിലുള്ള ഓക്ക്യുപൻസി രേഖപ്പെടുത്തുന്നുണ്ടെന്നും, ഇടത്താവളങ്ങളിൽ കയറുന്ന യാത്രക്കാരെയും ഉൾപ്പെടുത്തി കണക്കാക്കുന്നതിനാൽ സീറ്റുകളുടെ പരമാവധി ഉപയോഗം ഉറപ്പാക്കാൻ കഴിയുന്നതായും റെയിൽവേ അറിയിച്ചു.
രാജ്യത്ത് വലിയ സ്വീകാര്യത വന്ദേഭാരത് ട്രെയിനുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക സൗകര്യങ്ങളും കുറഞ്ഞ യാത്രാസമയവും ഉയർന്ന സുരക്ഷയും ഒരുമിച്ച് ലഭ്യമാക്കുന്നുവെന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. എയർപോർട്ട് നിലവാരത്തിലുള്ള സൗകര്യങ്ങൾ, സമയപാലനത്തിലെ കൃത്യത, സുഖകരമായ സീറ്റിംഗ് ക്രമീകരണം എന്നിവയാണ് വന്ദേഭാരതിനെ മറ്റ് ട്രെയിനുകളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ദീർഘദൂര യാത്രകൾ പോലും കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതോടെ ബിസിനസ് യാത്രക്കാരും സാധാരണ യാത്രക്കാരും ഒരുപോലെ ഈ സർവീസുകളെ ആശ്രയിക്കുന്നുണ്ട്. നിലവിൽ 80 ഓളം റൂട്ടുകളിൽ ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ട്.












Click it and Unblock the Notifications