താലിബാൻ മെയ്ഡ് 'പൊളിറ്റിക്കൽ വെപ്പൺ'! അഫ്ഗാനിൽ പയറ്റിയ പുതുതന്ത്രം... നഷ്ടമില്ലാതെ ലാഭം മാത്രം കൊയ്ത യുദ്ധം
ജൂലായ് അവസാനത്തോടെ തന്നെ അഫ്ഗാനിസ്ഥാന്റെ നാലില്‍ മൂന്ന് ഭാഗവും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. പ്രവിശ്യാ തലസ്ഥാനങ്ങളും ഒടുവില്‍ രാജ്യതലസ്ഥാനവും കൂടി പിടിച്ചെടുക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു താലിബാന്‍. ഒറ്റനോട്ടത്തില്‍ തോന്നുക, 2021 മെയ് 1 ന് തുടങ്ങിയ യുദ്ധം വെറും മൂന്നര മാസം കൊണ്ട് താലിബാന്‍ വിജയിച്ചു എന്നാണ്.
എന്നാല്‍ ഈ വിജയം താലിബാന്‍ നേടിയത് ആയുധങ്ങളുടെ കരുത്തുകൊണ്ടോ, കൊലപാതകങ്ങളുടെ ക്രൂരതകള്‍ കൊണ്ടോ മാത്രമല്ല. ഈ യുദ്ധം അവര്‍ തുടങ്ങിയത് ഇപ്പോഴല്ല. വളരെ തന്ത്രപരമായി അവര്‍ നടപ്പിലാക്കിയ 'പൊളിറ്റിക്കല്‍ എന്‍ജിനീയറിങ്' ആണ് അഫ്ഗാനിസ്ഥാനില്‍ കണ്ടത്.

താലിബാന്‍ കാബൂള്‍ കീഴടക്കാന്‍ 30 ദിവസവും അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിക്കാന്‍ 90 ദിവസവും എടുക്എകും എന്നായിരുന്നു കഴിഞ്ഞ ആഴ്ച പുറത്ത് വന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഓരോ ചലനവും അറിയുന്നു എന്ന് അവകാശപ്പെടുന്നവരാണ് അമേരിക്കന്‍ ഏജന്‍സികള്‍. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്ന ദിവസങ്ങള്‍ക്കുള്ളില്‍ കാബൂള്‍ വീണു, അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ കീഴിലായി. ഒരുപക്ഷേ, താലിബാനെ പോലും അത്ഭുതപ്പെടുത്തിയ വിജയം ആയിരുന്നു അത്.

അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന്റെ പരാജയമാണ് താലിബാന്‍ അധികാരത്തിലെത്താന്‍ കാരണം എന്ന് വേണമെങ്കില്‍ പൊതുവായി പറയാം. പലയിടത്തും പോരാട്ടത്തിന് പോലും നില്‍ക്കാതെ അവര്‍ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു. മറ്റുചിലയിടങ്ങളില്‍ മാത്രം താലിബാനോട് ഇഞ്ചോടിഞ്ച് പോരാടി. ചിലയിടങ്ങളില്‍ ചെറിയൊരു പ്രതിരോധത്തിന് പോലും നില്‍ക്കാതെ യുദ്ധക്കളത്തില്‍ നിന്ന് പിന്‍തിരിഞ്ഞോടി. ഇതെല്ലാം അഫ്ഗാനിസ്ഥാനിലെ സൈനികരുടെ മാത്രം പ്രശ്‌നം കൊണ്ടായിരുന്നില്ല. അസ്ഥിരമായ, വിശ്വാസ്യമായ ഒരു രാഷ്ട്രീയ നേതൃത്വം ഇല്ലാത്തതുകൊണ്ട് കൂടിയായിരുന്നു.

ഇപ്പോഴത്തെ വിജയത്തിന് താലിബാന്‍ അടിത്തറ പാകിയത് ഏറെ മുന്നേ തന്നെ ആയിരുന്നു.2001 ല്‍ ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ തന്നെ അവര്‍ തിരിച്ചുവരവിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് തുടങ്ങിയിരുന്നു. ആദ്യഘട്ടമെന്ന നിലയില്‍, താഴേ തട്ടിലുള്ള രാഷ്ട്രീയ നേതാക്കളുമായും സൈനിക ഉദ്യോഗസ്ഥരുമായും ബന്ധം സ്ഥാപിക്കുകയായിരുന്നു താലിബാന്‍ ചെയ്തത്. അതോടൊപ്പം തന്നെ ഗോത്രത്തലവന്‍മാരുമായും അടുത്ത ബന്ധം സ്ഥാപിച്ചു. ഇത് പതുക്കെ പതുക്കെ വളര്‍ത്തി കൊണ്ടുവരികയും ചെയ്തു. അവസാന ഘട്ടത്തില്‍ അവര്‍ക്ക് ഏറെ ഉപകാരപ്പെട്ടതും ഇത് തന്നെ ആയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ ഒരു യുദ്ധം ആയിരുന്നില്ല താലിബാന്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് ദക്ഷിണേഷ്യന്‍ സുരക്ഷാ വിദഗ്ധന്‍ ആയ അഫ്‌സാന്‍ഡ്യാര്‍ മിര്‍ വിലയിരുത്തുന്നത്. യുദ്ധത്തിന് പകരം അവര്‍ ലക്ഷ്യമിട്ടത് അഫ്ഗാന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ തകര്‍ച്ച ആയിരുന്നു. പക്ഷേ, യുദ്ധം ഒഴിവാക്കിക്കൊണ്ടായിരുന്നില്ല അവരുടെ നീക്കം. അതില്‍ ഒരുപാട് പേര്‍ കൊല്ലപ്പെടുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. എന്നിരുന്നാലും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ താഴെ വീണതിന്റെ വേഗത്തില്‍ താലിബാന്‍ നേതൃത്വത്തെ തന്നെ ആശ്ച്വര്യപ്പെടുത്തിയിട്ടുണ്ട് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണ ഗതിയില്‍ താലിബാന് ഒരു സ്വാധീനവും ഇല്ലാത്ത മേഖലകളില്‍ പോലും അഫ്ഗാന്‍ സൈന്യം പോരാട്ടത്തിന് മുതിര്‍ന്നില്ല എന്നത് ഏവരേയും അമ്പരപ്പെടുത്തിയ കാര്യമായിരുന്നു.

അഫ്ഗാന്‍ സൈന്യത്തിന്റേയും സര്‍ക്കാരിന്റേയും പെട്ടെന്നുള്ള കീഴടങ്ങലിനെ താലിബാന്‍ കാണുന്നത് മറ്റൊരു വിധത്തിലാണ്. സ്വയം തിരുത്തിയതുകൊണ്ടോ വിശ്വാസത്തിന്റെ പാതയിലേക്ക് വന്നതുകൊണ്ടോ അല്ല അഫ്ഗാന്‍ സൈന്യം തങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയത് എന്നാണ് താലിബാന്‍ പറയുന്നത്. അതിന് കാരണം, ഇനി 'ഡോളര്‍' സഹായം ഉണ്ടാവില്ല എന്ന ഒറ്റ തിരിച്ചറിവാണത്രെ. അമേരിക്കന്‍ സൈനിക പിന്‍മാറ്റത്തിന്റെ പ്രഖ്യാപനം ആണ് അഫ്ഗാന്‍ സേനയെ ശരിക്കും തളര്‍ത്തിക്കളഞ്ഞത്. ഇത്തരമൊരു സാഹചര്യത്തിന് വഴിവച്ചത് അമേരിക്കയുടെ പാളിച്ചകൊണ്ടായിരുന്നു എന്ന് അവര്‍ തന്നെ വിലയിരുത്തുന്നും ഉണ്ട്. ആടുകളെ പോലെയാണ് അവര്‍ തങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയത് എന്നാണ് ഒരു താലിബാന്‍ കമാന്‍ഡര്‍ പറഞ്ഞതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2001 ല്‍ ഭരണത്തില്‍ നിന്ന് പിന്‍തള്ളപ്പെട്ടതിന് ശേഷം താലിബാന്‍ പതിതെ പതിയെ ആയിരുന്നു അവരുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. കറുപ്പ് വില്‍പനയിലൂടേയും അനധികൃത ഖനനത്തിലൂടേയും പണം സമ്പാദിച്ചു. വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ കുറച്ചു. അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ പിന്നേയും കുറച്ചു. ഇതിനെല്ലാം പകരം, ജനങ്ങളില്‍ ഭയം നിറയ്ക്കാന്‍ താലിബാന്‍ ഉപയോഗിച്ചുപോന്നത് ചാവേറുകളെ ആയിരുന്നു. പ്രധാന നഗരങ്ങളില്‍ എല്ലാം ചാവേറുകല്‍ പൊട്ടിത്തെറിച്ച് വലിയ ആള്‍നാശം സൃഷ്ടിച്ചിരുന്നു. ഇത് പൊതുജനത്തിന് മുന്നില്‍ താലിബാനെ ഭയക്കാനുള്ള വഴി തുറന്നിടുകയും ചെയ്തു.

ഓരോ മേഖലയിലും തങ്ങളുടെ പോരാളികളെ വളര്‍ത്തിയെടുക്കുകയായിരുന്നു താലിബാന്‍ ഈ കാലഘട്ടത്തില്‍ ചെയ്തത്. ഇവരെ ഉപയോഗിച്ചായിരുന്നു ഓരോഇടത്തും താലിബാന്‍ വിജയം കൊയ്‌തെടുത്തത്. പലയിയടത്തും ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലൂടെ അധികാരത്തിലെത്താന്‍ ഇത് താലിബാനെ സഹായിച്ചിട്ടുണ്ട്. താലിബാന്റെ രാഷ്ട്രീയ നേതൃത്വവും സൈനിക നേതൃത്വവും തമ്മില്‍ രാജ്യമെമ്പാടും ഒരു ഏകീകരണം കൊണ്ടുവരുന്നതില്‍ നേതാവ് എന്ന നിലയില്‍ ബരാദര്‍ വിജയിച്ചതും പ്രത്യേകമായി എടുത്തുപറയേണ്ട ഒന്നാണ്.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനിക പിന്‍മാറ്റം സംബന്ധിച്ച് ജോ ബൈഡന്‍ നടത്തിയ പ്രഖ്യാപനം തന്നെ ആണ് വളരെ പെട്ടെന്നുള്ള ഈ വിജയത്തിന് താലിബാന് ഊര്‍ജ്ജം നല്‍കിയത്. ഇതിന് പിറകെ, അഫ്ഗാനിസ്ഥാന്‍ സേനയിലെ പൈലറ്റുമാരെ ലക്ഷ്യം വച്ച് താലിബാന്‍ ആക്രമണങ്ങള്‍ നടത്തുകയും പലരേയും കൊന്നൊടുക്കുകയും ചെയ്തു. അമേരിക്കന്‍ സൈന്യം പിന്‍മാറിയാല്‍, അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു താലിബാന്റെ ഈ നീക്കം. അടുത്തതായി സര്‍ക്കാരിന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍ തടയുക എന്ന രീതിയാണ് അവര്‍ അവലംബിച്ചത്. അതിര്‍ത്തികളിലെ പ്രധാന ചെക്ക് പോസ്റ്റുകള്‍ എല്ലാം തന്നെ താലിബാന്‍ പെട്ടെന്ന് കീഴടക്കി. ഇതോടെ സര്‍ക്കാരിന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടഞ്ഞു. അതിനകം തന്നെ കടുത്ത പ്രതിസന്ധിയില്‍ ആയിരുന്ന സര്‍ക്കാരിന് സുരക്ഷാ സേനകളെ തീറ്റിപ്പോറ്റാന്‍ പോലും ആകാത്ത സ്ഥിതിയായി. ഒടുവില്‍ ആരോടും മിണ്ടാതെ പ്രസിഡന്റ് ഒളിച്ചുരാജ്യം വിടുക കൂടി ചെയ്തപ്പോള്‍ പരാജയം പൂര്‍ണമായും, താലിബാന്റെ വിജയവും.












Click it and Unblock the Notifications