പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പ്; ഭൂരിപക്ഷം സീറ്റുകളിലും ലീഡ് നേടിയെന്ന് ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ
ന്യൂഡൽഹി: പാകിസ്ഥാനിലെ ദേശീയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മികച്ച നേട്ടം സ്വന്തമാക്കിയെന്ന അവക്ഷവാദവുമായി മുൻ ക്രിക്കറ്റ് താരവും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ. ഭൂരിപക്ഷം സീറ്റുകളിൽ മികച്ച ലീഡ് നേടിയതായി ഇമ്രാന്റെ പാർട്ടിയായ പിടിഐ അവകാശപ്പെട്ടു. ഫലസൂചന ലഭ്യമായ 184 സീറ്റിൽ 114 ഇടത്ത് പിടിഐ സ്വതന്ത്രർക്ക് ലീഡുണ്ടെന്നാണ് അവർ പറയുന്നത്.
മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പിഎംഎൽഎൻ പാർട്ടിക്ക് 41 ഇടത്ത് ലീഡ് ഉണ്ടെന്നും പിടിഐ പറയുന്നു. ഇമ്രാൻ ഖാന്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ വിജയിച്ചതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വൈകുകയാണെന്ന് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അവകാശപ്പെട്ടതായി ഇംഗ്ലീഷ് ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് പലയിടത്തും ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടതാണ് ഫലം അറിയുന്നത് വൈകാൻ ഇടയാക്കുന്നത്.

ഇതിനിടെ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ പിടിഐ പ്രവർത്തകർ ആഘോഷം തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഇസ്ലാമാബാദിലെ പോളിംഗ് സ്‌റ്റേഷൻ 244, എൻഎ 48ൽ ആഘോഷങ്ങൾ ആരംഭിച്ചു. തങ്ങളുടെ സ്ഥാനാർത്ഥി അലി ബുഖാരി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചുവെന്ന് പിടിഐ അവകാശപ്പെട്ടു.
വോട്ടെണ്ണൽ പുരോഗമിക്കവേ പാർട്ടിയുടെ മുന്നേറ്റത്തിൽ ജനങ്ങളോട് നന്ദി അറിയിക്കാൻ ഇമ്രാൻ ഖാൻ സമൂഹ മാധ്യമമായ എക്‌സിൽ പോസ്‌റ്റ് പങ്കുവച്ചു. "ജനങ്ങളുടെ താൽപര്യം തകർക്കാൻ സാധ്യമായ എല്ലാ രീതികളും അവലംബിച്ചിട്ടും, നമ്മുടെ ആളുകൾ ഇന്ന് വോട്ടിനായി വൻ ജനക്കൂട്ടമായി ഇറങ്ങി. നമ്മൾ ആവർത്തിച്ച് പറഞ്ഞതുപോലെ, "സമയമെത്തുമ്പോൾ ഒരു ആശയത്തെയും പരാജയപ്പെടുത്താൻ ഒരു ശക്തിക്കും കഴിയില്ല." ഇമ്രാൻ ചൂണ്ടിക്കാട്ടി.
അതേസമയം, തിരഞ്ഞെടുപ്പിൽ പിടിഐക്ക് നേരിട്ട് മത്സരിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) ജയിലിൽ കിടക്കുന്ന 71 കാരനായ മുൻ ക്രിക്കറ്റ് താരവും പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാൻ ഖാന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ 'ബാറ്റ്' അസാധുവാക്കിയിരുന്നു. ഇതോടെയാണ് സ്ഥാനാർത്ഥികൾ സ്വതന്ത്രരായി മത്സരിക്കാൻ നിർബന്ധിതരായത്.
വോട്ടെണ്ണൽ പുരോഗമിക്കുന്ന പാകിസ്ഥാനിൽ ആകെയുള്ള 336 സീറ്റിൽ കേവലഭൂരിപക്ഷം ഉറപ്പിക്കാൻ 169 സീറ്റുകളാണ് നേടേണ്ടത്. ആകെ 336ൽ 266 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റൊരു 60 സീറ്റുകൾ സ്ത്രീകൾക്കും 10 എണ്ണം ന്യൂനപക്ഷങ്ങൾക്കും സംവരണം ചെയ്‌തിരിക്കുന്നു.












Click it and Unblock the Notifications