Get Updates
Get notified of breaking news, exclusive insights, and must-see stories!

'നല്ല തലകള്‍' തിരഞ്ഞ് റിക്കാര്‍ഡിലേക്ക്...

Giribalaനല്ല തലകള്‍ കണ്ടെത്താനുള്ള അഭിനിവേശം ഗിരി ബാലസുബ്രഹ്മണ്യത്തിന് ഒരു ഓമനപ്പേര് സമ്മാനിച്ചു: 'പിക് ബ്രെയിന്‍'. അങ്ങിനെ ഗിരി ബാലസുബ്രഹ്മണ്യം എന്ന ക്വിസ് മാസ്റര്‍ ഗിരി 'പിക്ബ്രെയിന്‍' ബാലസുബ്രഹ്മണ്യം എന്നറിയപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ഇദ്ദേഹത്തെ അറിയാന്‍ തുടക്കത്തില്‍ ഗിരിയെന്നോ ഒടുക്കത്തില്‍ ബാലസുബ്രഹ്മണ്യമെന്നോ ഉച്ചരിക്കേണ്ട കാര്യമില്ല. ഇന്ത്യയിലെ നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 'പിക് ബ്രെയിന്‍' എന്ന പേര് സുപരിചിതം.

ക്വിസിനോടുള്ള ഭ്രാന്തമായ അഭിനിവേശം ഈ ചെറുപ്പക്കാരനെ പലപ്പോഴും ഏകാന്തമായി യാത്രചെയ്യാന്‍ പ്രേരിപ്പിച്ചു. ഈ ഒറ്റപ്പെട്ട യാത്രകളെല്ലാം ഇപ്പോള്‍ 'ലിംക ബുക്ക്' റിക്കാര്‍ഡുകളായി രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യമായി ഐടിയിലും ബയോടെക്നോളജിയിലും ടൂറിസം മേഖലകളിലും ക്വിസുകള്‍ സംഘടിപ്പിച്ചത് പിക് ബ്രെയിനാണ്. ആദ്യമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ യാത്രചെയ്ത് ഐടിയുടെ മേഖലയിലേക്ക് ക്വിസിലൂടെ പുതിയ വാതായനം തുറന്ന് കൊടുത്തതും പിക് ബ്രെയിന്‍ തന്നെ. അങ്ങിനെ കിസില്‍ ഏഴ് റിക്കാര്‍ഡുകള്‍ തുറന്ന് ലിംക ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇന്ത്യന്‍ ക്വിസ് മേഖലയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ഗിരി പിക്ബ്രെയിന്‍ ബാലസുബ്രഹ്മണ്യം എന്ന ഈ 31കാരന്‍. ഈയിടെ ഐടി ക്വിസ് അടിസ്ഥാനമാക്കി മാക്മില്ലന്‍ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ പുസ്തകം വിപണിയില്‍ ചൂടപ്പമായിരുന്നു.
ലിംക റിക്കാര്‍ഡ് ബുക്കിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ക്വിസിന് പ്രത്യേക വിഭാഗം ഏര്‍പ്പെടുത്തിയത്. എട്ട് എന്‍ട്രികള്‍ ലഭിച്ച സിദ്ധാര്‍ത്ഥ ബസുവാണ് ക്വിസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം. തൊട്ടുപിന്നില്‍ ഏഴു എന്‍ട്രികളോടെ ഗിരി ബാലസുബ്രഹ്മണ്യവും ഡെറക് ഒബ്രിയാനും രണ്ടാം സ്ഥാനത്താണ്.

ഒന്നാം സ്ഥാനം സിദ്ധാര്‍ത്ഥ ബസുവിനാണെന്നതിനാല്‍ ഈ ചെറുപ്പക്കാരന് ദു:ഖിക്കേണ്ടതില്ല. ഇപ്പോള്‍ ബാംഗ്ലൂരിലെ ഇന്ത്യാഇന്‍ഫോ.കോമില്‍ സ്ട്രാറ്റജിക് അലയന്‍സ് വൈസ് പ്രസിഡണ്ടാണ് ഗിരി 'പിക്ബ്രെയിന്‍' ബാലസുബ്രഹ്മണ്യം. 2003ല്‍ പുതിയ ക്വിസ് പരീക്ഷണങ്ങളുമായി മുന്നേറാന്‍ ഒരുങ്ങുന്ന ഈ ചെറുപ്പക്കാരനായ ക്വിസ് മാസ്ററുമായി അഭിമുഖം.

ലിംക റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനംപിടിച്ചതിനെക്കുറിച്ച് എന്ത് തോന്നുന്നു?

ദശകങ്ങളായി ഇന്ത്യ ക്വിസ് രംഗത്ത് നേടിയ കുതിപ്പിനും സംഭാവനകള്‍ക്കും കുറെക്കൂടി നേരത്തെ ലഭിക്കേണ്ട അംഗീകാരമായി ഞാന്‍ ഇതിനെ കാണുന്നു. അതേ സമയം ക്വിസിനെ കൂടി വിദ്യാഭ്യാസം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ 'ലിംക' കാണിച്ച സന്മനസ്സിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.

ലിംക റിക്കാര്‍ഡ് ബുക്കില്‍ ഇടം കിട്ടുക എന്നത് തീര്‍ച്ചയായും നല്ലൊരു കാര്യം തന്നെ. ഈ അംഗീകാരം കൂടുതല്‍ പ്രചോദനകരമാണ്. ഇന്ത്യയില്‍ ക്വിസിന് അംഗീകാരവും പ്രാധാന്യവും ലഭിച്ചുവരുന്ന ഈ അവസരത്തില്‍തന്നെ ലിംക ബുക്കില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

ക്വിസിന് ഇന്ത്യയില്‍ അംഗീകാരം കൂടിവരുന്നതിനെക്കുറിച്ച് വിശദീകരിക്കാമോ?

സിദ്ധാര്‍ത്ഥ ബസുവും ബാറിയും ഡെറികും ഞാനും ഉള്‍പ്പെടുന്ന ചില പേരുകളാണ് ഇന്ത്യയിലെ ക്വിസ് രംഗത്തെ കുതിപ്പിനും ഇന്നത്തെ പ്രാധാന്യത്തിനും കാരണമെന്ന സുചനയാണ് ലിംക പുസ്തകം നല്കുന്നത്. പക്ഷെ ഇതിനൊക്കെ അപ്പുറം വര്‍ഷങ്ങളായി ക്വിസിനെ സജീവമാക്കി നിലനിര്‍ത്തിയിരുന്ന സ്കൂള്‍ അധ്യാപകരെയും ക്വിസ് അസോസിയേഷനുകളെയുമാണ് നമ്മള്‍ യഥാര്‍ത്ഥത്തില്‍ അഭിനന്ദിക്കേണ്ടത്.

ലിംക ബുക്കില്‍ സ്ഥാനം പിടിച്ച ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു ക്വിസ് മാസ്റര്‍ എന്ന നിലയില്‍ എന്തുതോന്നുന്നു?

ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ ക്വിസ് രംഗത്തേക്ക് എത്തിപ്പെടുന്നവര്‍ ചുരുക്കമാണ്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയില്‍ നിന്ന് ഞാന്‍ മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഒരു മുഴുവന്‍ സമയ ക്വിസ് മാസ്ററായി ജീവിതത്തില്‍ തുടരുക എളുപ്പമുള്ള കാര്യമായി തോന്നുന്നില്ല. ക്വിസിന് വേണ്ടി ഞാന്‍ പലതും ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. വാള്‍ട്ട് ഡിസ്നി നീട്ടിയ തൊഴില്‍വാഗ്ദാനം ഞാന്‍ നിരസിച്ചത് ക്വിസ് രംഗത്ത് തന്നെ തുടരാന്‍ വേണ്ടിയാണ്. പക്ഷെ എന്റെ ആ തീരുമാനത്തെ ഇപ്പോഴിതാ ഭാഗ്യം തുണച്ചിരിക്കുന്നു.

ക്വിസിന്റെ പേരില്‍ റിക്കാര്‍ഡ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ഒരിക്കലുമില്ല. 1997ലേ ഞങ്ങള്‍ ക്വിസ് രംഗത്ത് റിക്കാര്‍ഡിട്ടിരുന്നു. ഇപ്പോള്‍ അക്കാര്യം ലിംക പരാമര്‍ശിച്ചുവെന്നേയുള്ളു. ഏറ്റവും നല്ല രീതിയില്‍ ചെയ്ത കാര്യങ്ങള്‍, ചെയ്തുകൊണ്ടേയിരുന്നാല്‍ അംഗീകാരങ്ങളും റിക്കാര്‍ഡുകളും വഴിയേ വന്നുകൊള്ളും.

ഐടി, ബയോ ടെക്നോളജി,ആരോഗ്യം.... ഈ മേഖലകളെ കേന്ദ്രീകരിച്ച് ക്വിസ് നടത്താന്‍ എന്തെങ്കിലും കാരണങ്ങള്‍?

ഞങ്ങള്‍ എപ്പോഴും ഗുണനിലവാരമുള്ള ഗവേഷണത്തിന് പ്രത്യേകം ഊന്നല്‍ നല്കുന്നു. ഇങ്ങിനെ ഗവേഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിയാല്‍ പിന്നെ ഏത് വിഷയങ്ങളെ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്നു എന്നതിന് പ്രസക്തിയേയില്ല. ഈ വിഷയങ്ങളെ- ഐടി, ബയോടെക്നോളജി, ആരോഗ്യം, ടൂറിസം- എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തിലും ഞങ്ങള്‍ തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നു. ഐടി, ബയോടെക്നോളജി തുടങ്ങിയ വിഷയങ്ങള്‍ ആരെയാണ് ലക്ഷ്യമാക്കുന്നത് എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രത്യേക മേഖലകളിലുള്ള ഞങ്ങളുടെ ക്വിസ് പരിപാടികള്‍ക്ക് നല്ല ജനപ്രിയതയും പ്രോത്സാഹനവുമുണ്ട്.

ഒരു ക്വിസ് മാസ്ററുടെ വഴി തിരഞ്ഞെടുക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണം?

ക്വിസ് മത്സരങ്ങള്‍ ഇക്കാലത്ത് വെറും മനസ്സിന്റെ വിനോദം മാത്രമായൊതുങ്ങുന്നില്ല. വിവിധ ബ്രാന്റ്നാമങ്ങള്‍ വളര്‍ത്താനുള്ള വഴിയെന്ന നിലയിലും വിദ്യാഭ്യാസത്തിനുള്ള ഉപകരണമെന്നനിലയിലും ബോധവല്ക്കരണത്തിനുള്ള ഉപാധിയെന്ന നിലയിലും ക്വിസിന് ഇന്ന് പ്രാധാന്യമുണ്ട്. ഇത്തരം ലക്ഷ്യങ്ങളോടെ ക്വിസ് സംഘടിപ്പിക്കണമെങ്കില്‍ നല്ല ആസൂത്രണവും കൃത്യമായ ചിട്ടപ്പെടുത്തലുകളും ആവശ്യമാണ്. ഒപ്പം ഇക്കാര്യങ്ങളെല്ലാം നന്നായി അവതരിപ്പിക്കുകയും വേണം. എന്നെ സംബന്ധിച്ചിടത്തോളം ക്വിസിനോടുള്ള ആവേശവും വിപണനരംഗത്തെ പരിചയവും ക്വിസ് മത്സരങ്ങള്‍ ഭംഗിയായി നടത്താന്‍ സഹായിക്കുന്നു.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+