Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേഷ് ഗോപി നല്ല മനുഷ്യൻ, പക്ഷേ തൃശൂരിൽ ജയിക്കില്ല; രാഷ്ട്രീയം പറഞ്ഞ് വോട്ട് തേടൂ'; സന്തോഷ് കീഴാറ്റൂർ

കണ്ണൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. സുരേഷ് ഗോപിക്ക് തൃശൂരിൽ ജയിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതമല്ല, രാഷ്ട്രീയം പറഞ്ഞാണ് ജനങ്ങളോട് വോട്ട് തേടേണ്ടത്. സിനിമ ഉൾപ്പെടെയുള്ള കലകളെ രാഷ്ട്രീയ, മതനേട്ടത്തിന് പ്രയോജനപ്പെടുത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. രാജ്യം അപകടകരമായ സാഹചര്യത്തിലൂടെ പോകുമ്പോൾ അതിനെതിരെ ഉറക്കെ പ്രതികരിക്കാൻ കലാകാരൻമാർ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

santhoshkeezhattur-

കേരള സ്റ്റോറിയെന്ന സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും തലപൊക്കിയിട്ടുണ്ട്. ദൂരദർശനിൽ സിനിമ സംപ്രേക്ഷണം ചെയ്തു. ക്രിസ്ത്യൻ പള്ളിയിലെ പ്രദർശനവുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായി. ഇതിന് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം കൂടിയുണ്ട്. ഇത്തരം സിനിമകളോട് ഏതു തരത്തിലുള്ള സമീപനമാണ് മലയാളി കൈകൊള്ളേണ്ടത് എന്നതാണ് താങ്കളുടെ അഭിപ്രായം ?

കേരള സ്റ്റോറി പോലുള്ള സിനിമകളൊക്കെ ഉണ്ടായിക്കൊണ്ടിരിക്കും. അത് നമ്മുക്ക് തടയാനൊന്നും സാധിക്കില്ല. പക്ഷേ ഇപ്പോൾ ഈ സിനിമ ദൂരദർശനിലും പള്ളികളിലുമൊക്കെ പ്രദർശിപ്പിക്കുന്നത് കല ജനങ്ങളെ ബോധവത്കരിക്കും എന്ന നിലയ്ക്കുള്ള ഉദ്ദേശ ശുദ്ധികൊണ്ടൊന്നുമല്ല. യോജിപ്പും വിയോജിപ്പുമൊക്കെ തോന്നുന്ന സിനിമകൾ ഉണ്ടാകും. അത് പാടില്ലെന്ന് പറയാൻ സാധിക്കില്ല. അതൊക്കെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരള സ്റ്റോറി പോലൊരു സിനിമ പ്രദർശിപ്പിക്കാനുള്ള തീരുമാനം തികച്ചും രാഷ്ട്രീയപ്രേരിതമാണ്. കലയുടെ ധർമ്മം സിനിമ നിറവേറ്റുന്നുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല, കാരണം സിനിമയൊരു വ്യവസായമാണ്. കേരള സ്റ്റോറി ഞാൻ കണ്ടിട്ടില്ല. പക്ഷേ നുണകൾ വല്ലാതെ പ്രചരിപ്പിക്കുന്നൊരു സിനിമയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്.

സിനിമ ഉൾപ്പെടെയുള്ള കലകളെ രാഷ്ട്രീയ, മതനേട്ടത്തിന് പ്രയോജനപ്പെടുത്തുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന വിമർശനങ്ങളെ എങ്ങനെ കാണുന്നു. മലയാള സിനിമയിലും ഇത്തരം പ്രവണതകൾ കൂടിയിട്ടുണ്ടോ ?

അപകടകരമായ അവസ്ഥയിലൂടെയാണ് നമ്മൾ പോയിക്കോണ്ടിരിക്കുന്നത്. കലകളെ മതവുമായി ഒരിക്കലും കൂട്ടിയോജിപ്പിക്കാൻ പാടില്ല. വിമർശനങ്ങൾ ഉണ്ടാകാം. മതങ്ങളെ വെളുപ്പിക്കാനായി സിനിമകൾ എടുക്കുന്നതിനോട് കലാകാരൻ എന്ന നിലയിൽ എനിക്ക് ഒരിക്കലും യോജിക്കാൻ സാധിക്കില്ല. മതാധിഷ്ഠിത സിനിമകൾ ചെയ്യുന്നത് ഇന്ത്യ പോലുള്ള മതേതര രാജ്യത്തെ വളരെ സ്ഫോടനാത്മകമായ ഒരു സാഹചര്യത്തിൽ എത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിൽപ്പ് ഭീഷണി നേരിടുന്നെന്നത് ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും പ്രധാന പ്രചാരണം. രാജ്യം അത്തരമൊരു അസന്നിഗ്ധ ഘട്ടത്തിലൂടെ കടന്നുപോവുന്നെന്ന് തോന്നുന്നുണ്ടോ?

നമ്മുടെ വിശ്വാസപ്രമാണം എന്നത് ഭരണഘടനയാണ്. ഭരണഘടന തന്നെ അപകടത്തിലാകുമ്പോൾ അതിനെയൊക്കെ എതിർക്കേണ്ട കലാകാരൻമാർ തന്നെ എതിർചേരിയിലേക്ക് പോയി അതിനെ പിന്തുണയ്ക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. ആരും ശബ്ദിക്കാതെ വാക്കുകൾ വിഴുങ്ങി നിൽക്കും. ഇത് എല്ലാവരേയും ബാധിക്കും. അപ്പോൾ നമ്മുക്ക് മനസിലാകും, ഇതിനെ അന്നേ എതിർക്കണമായിരുന്നുവെന്നത്.

കലാകാരൻമാർ തങ്ങളുടെ രാഷ്ട്രീയം ഉറക്കെ പറയണമെന്ന് കരുതുന്നുണ്ടോ?

കലാകരൻമാർ ഏതെങ്കിലും കൊടിപിടിക്കണമെന്നോ, ഏതെങ്കിലും പാർട്ടിക്ക് കീഴിൽ അണിനിരക്കണമോയെന്നതെല്ലാം വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. പക്ഷേ, രാജ്യത്തിന് ഭീഷണിയാകുന്ന നിയമങ്ങളൊക്കെ ഉണ്ടാക്കുമ്പോൾ അതിനെ കൃത്യമായി എതിർക്കേണ്ടത് കലാകാരൻമാരാണ്. കാരണം രാജ്യത്തിന്റെ നൻമകളും തിൻമകളും പുരോഗതിയുമൊക്കെ ജനങ്ങളോട് കലയിലൂടെ പറയുന്നവരാണ് നമ്മൾ. ഈയൊരു സമയത്ത് രാജ്യത്തിന് അപകടകരമാകുന്ന കാര്യങ്ങൾക്കെതിരെ കൊടിയുടെ നിറം നോക്കാതെ പ്രതികരിക്കണം. പ്രതികരിക്കുന്നുല്ലെങ്കിൽ ഇതെല്ലാവരേയും നാളെ ബാധിക്കും.

കേരളം ആരെ തുണയ്ക്കുമെന്നാണ് കരുതുന്നത്?

ഞാനൊരു ഇടതുപക്ഷ പ്രവർത്തകനാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പോടെ ജനങ്ങളുടെ മനസ് വിചിത്രമായി മാറാൻ തുടങ്ങി എന്നത് സത്യമാണ്. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഉണ്ടാകണം. അവർക്ക് അവരുടെ ആശയങ്ങളും നിലപാടുകളും അവരുടെ രാജ്യത്തിന് വേണ്ടി പറയാൻ സാധിക്കണം.ഇന്ന് കോൺഗ്രസ് പാർട്ടി എവിടെയാണ് എത്തി നിൽക്കുന്നത്. കോൺഗ്രസ് നേതാക്കൾ എപ്പോൾ പാർട്ടി മാറുമെന്ന് പറയാൻ സാധിക്കില്ല. കേരളത്തിൽ മാത്രമാണ് അൽപമെങ്കിലും മാറ്റം. മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടി മാറാതിരിക്കാൻ നേതാക്കളെ റിസോട്ടിലടക്കം പൂട്ടിയിടുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്. കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ സംസ്ഥാനങ്ങൾക്ക് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ആവില്ല. നമ്മുടെ ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ കെൽപ്പുള്ളവരായിരിക്കണം നമ്മുടെ എംപിമാർ. ഇടതുപക്ഷ സ്ഥാനാർത്ഥികൾ ഇവിടെ നിന്ന് ജയിച്ച് പോയാൽ അവർ കേരളത്തിന് വേണ്ടി സംസാരിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇടതുപക്ഷം ജയിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

ബി.ജെ.പി അക്കൗണ്ട് തുറക്കുമോ? എന്താണ് താങ്കളുടെ വിലയിരുത്തൽ?

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. എനിക്ക് വളരെ പ്രീയപ്പെട്ടൊരു നടനും മനുഷ്യനുമാണ് അദ്ദേഹം. സഹോദര തുല്യനാണ്. പക്ഷേ അദ്ദേഹമടക്കം ഒരിക്കലും പറയാൻ പാടില്ലാത്ത പദപ്രയോഗങ്ങൾ അടക്കം നടത്തിയാണ് തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തുന്നത്. തിരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടൂ. മതമല്ല, നമ്മുടെ നാടിന്റെ വികസനത്തെ കുറിച്ചാണ് പറയേണ്ടത്. ഏത് മുന്നണിയാണെങ്കിലും രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടേണ്ടത്. തൊഴിലില്ലായ്മ, പട്ടിണി അടക്കം രാജ്യം നേരിടുന്ന എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട്. അതിനിടയിലാണ് പറയുന്നത് വയനാടിന്റെ പേര് ഗണപതിവട്ടമാക്കുമെന്ന്. ഇതൊക്കെയാണോ ചർച്ച ചെയ്യേണ്ടത്. ബാലിശമായ കാര്യങ്ങൾ പറഞ്ഞ് നിങ്ങൾ ആരെയാണ് വിഡ്ഢികളാക്കുന്നത്? ജനങ്ങൾ ബോധമുള്ളവരാണ്. അവർ ചിന്തിക്കട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+