400 സീറ്റ് പോയിട്ട് 200 സീറ്റ് പോലും ബിജെപി നേടില്ല; എന്‍ഡിഎ കക്ഷികള്‍ പാലം വലിക്കും: രാജീവ് ജോസഫ്
അരവിന്ദ് കെജ്രിവാളിന്റേയും ഷിബു സോറന്റേയും അറസ്റ്റില്‍ പ്രതിഷേധിച്ച് രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച മഹാറാലി വലിയ വിജയമാണെന്ന വിലയിരുത്തലിലാണ് ഇന്ത്യാ മുന്നണി നേതാക്കള്‍. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നണിയുടെ ശക്തിപ്രകടനമായി മെഗാറാലി മാറുകയും ചെയ്തു.
ഇഡി ഉള്‍പ്പെടേയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടായാടുന്നുവെന്ന ആരോപണം കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യാ മുന്നണി നേതാക്കള്‍. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കും ഇഡി നോട്ടീസ് കിട്ടിയെന്നും രാഷ്ട്രീയപരമായി വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നും ഡല്‍ഹി പിസിസി അംഗമായ രാജീവ് ജോസഫ് വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. ഇതുള്‍പ്പെടേയുള്ള സുപ്രധാനമായ മറ്റ് പല കാര്യങ്ങളും ഡിപിസിസി ദക്ഷിണേന്ത്യ വിഭാഗം സ്റ്റേറ്റ് ചെയർമാന്‍ കൂടിയായ രാജീവ് വണ്‍ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തുറന്ന് പറയുന്നു.

രാംലീലയിലെ മെഗാറാലി
രാംലീല മൈതാനിയിലെ മാഹാറാലി ഒരു മഹാവിജയമായിരുന്നു. നരേന്ദ്ര മോദിയുടെ ഇഡി വേട്ടക്കെതിരെ, സിബിഐ വേട്ടക്കെതിരെയെല്ലാമുള്ള ഈ രാജ്യത്തെ മതേതര ജനാധിപത്യ പാർട്ടികളുടെ നേതൃത്വത്തിലുള്ള മഹാറാലിയാണ് രാംലീല മൈതാനിയില്‍ നടന്നത്. കഴിഞ്ഞ പത്ത് വർഷമായി കോർപ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണ് നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
വർഗീയ വത്കരണത്തിലൂടെ രാജ്യത്തെ ചിഹ്നഭിന്നമാക്കി ഏകാധിപത്യ, ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ഇഡി വേട്ടയൊക്കെ. പ്രതിപക്ഷത്തെ ഇതിലൂടെ ഇല്ലാതാക്കി കളയാമെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. എത്രയേറെ പ്രതിപക്ഷ നേതാക്കളെയാണ് വേട്ടായാടുന്നത്. അവരെ പീഡിപ്പിക്കുകയും ജയിലാലാക്കുകയുമാണ്.
താനും ഒരു ഇര
ഇത്തരം വേട്ടയുടെ ഒരു ഇരയാണ്. നാല് മാസങ്ങള്‍ക്ക് മുമ്പ് എനിക്കും ഇഡിയുടെ ഒരു സമന്‍സ് വന്നു. നരേന്ദ്രമോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ രീതിയില്‍ തന്നെ ഡല്‍ഹിയില്‍ പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതാണ് അവരെ ചൊടിപ്പിച്ചത്. ഒട്ടോറിക്ഷയിലും ബസിലും മെട്രോയിലും യാത്ര ചെയ്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയാണ് ഞാന്‍. സാധാരണക്കാരനായ എന്നെപ്പോലും ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് പറയുന്നത് ജനാധിപത്യത്തിന് എത്രയേറെ അപകടകരമായ കാര്യമാണ്.
ഇഡിയുടെ ഓഫീസില്‍ രണ്ട് തവണ ഞാന്‍ ഹാജരായി. അവർ പറഞ്ഞ മുഴുവന്‍ രേഖകളും സമർപ്പിച്ചു. ഇപ്പോള്‍ രണ്ട് മാസമായി യാതൊരു വിവരവും ഇല്ല. അവർ തന്നെ അറസ്റ്റ് ചെയ്തേക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എന്ത് കാട്ടി ഭീഷണിപ്പെടുത്തിയാലും കോണ്‍ഗ്രസില്‍ ഉറച്ച് നില്‍ക്കും. തന്നെ ബി ജെ പിയില്‍ എത്തിക്കാമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. മരിക്കുന്നത് വരെ ഞാന്‍ കോണ്‍ഗ്രസില്‍ തന്നേയുണ്ടാകു. ബി ജെ പിക്കെതിരെ ശക്തമായ രീതിയില്‍ പ്രവർത്തിക്കുകയും ചെയ്തു.

200 സീറ്റുകള്‍ പോലും നേടില്ല
400 സീറ്റ് പോയിട്ട് 200 സീറ്റുകള്‍ പോലും തികയ്ക്കാന്‍ മോദിക്ക് കഴിയില്ല. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ബി ജെ പിക്കെതിരായ ജനവിധിക്ക് തയ്യാറാണ്. ബി ജെ പിക്കുള്ളില്‍ തന്നെ പ്രശ്നമുണ്ട്. എന്‍ ഡി എയിലെ ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇന്ത്യ സംഖ്യം അതിശക്തമായി മുന്നോട്ട് പോകുകയാണെങ്കില്‍ അവരില്‍ പലരും എന്‍ ഡി എ സഖ്യം വിട്ട് ഇങ്ങോട്ട് വരും. രാംലീല മൈതാനിയിലെ മാഹാറാലി തന്നെ നോക്കൂ. എത്രയധികം ആളുകളാണ് ഇവിടെ എത്തിയത്.
ഏഴ് സീറ്റും നേടും
ഡല്‍ഹിയെ ഏഴ് പാർലമെന്റ് സീറ്റും കോണ്‍ഗ്രസ് - എ എ പി സഖ്യം നേടും. ഒരിടത്തും ബി ജെ പിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല. എനിക്ക് ഇക്കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കും. ഡല്‍ഹിയില്‍ താമസിക്കുന്ന രണ്ട് കോടിയോളം പേരില്‍ 25 ലക്ഷത്തോളം പേർ ദക്ഷിണേന്ത്യയില്‍ നിന്നാണ്. ഇവർ മാത്രം വിചാരിച്ച് കഴിഞ്ഞാല്‍ 7 സീറ്റിലും ഇന്ത്യാ സഖ്യത്തിന് വിജയിക്കാന്‍ കഴിയും.












Click it and Unblock the Notifications