Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ അമേഠി ആവർത്തിക്കും; കോണ്‍ഗ്രസ് കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകുമെന്നും കെ സുരേന്ദ്രന്‍

വളരെ അപ്രതീക്ഷിതമായിട്ടാണ് വയനാട് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി പാർട്ടി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം നിയോഗിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലം എന്നത് കണക്കിലെടുത്ത് സഖ്യകക്ഷിയായ ബിഡിജെഎസില്‍ നിന്നും സീറ്റ് തിരിച്ചെടുത്ത ബിജെപി മത്സരത്തിനായി കെ സുരേന്ദ്രനെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ തന്നെ സ്ഥാനാർത്ഥിയായി എത്തിയപ്പോള്‍ മണ്ഡലത്തിലെ പ്രവർത്തകർക്കും ആവേശം ഇരട്ടിയായി. സംസ്ഥാനത്തിന്റെ മൊത്തം കാര്യങ്ങള്‍ കൂടി നോക്കേണ്ടതിനാല്‍ വലിയ തിരക്കിലാണ് കെ സുരേന്ദ്രന്‍. ഈ തിരക്കിനിടയിലും മണ്ഡലത്തിലേയും കേരളത്തിലേയും പാർട്ടിയുടെ പ്രതീക്ഷകളെ കുറിച്ച് വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍.

എന്തുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍?

സംസ്ഥാന അധ്യക്ഷന്‍ എന്നല്ല, ഒരോ നേതാക്കളും എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത് ദേശീയ നേതൃത്വമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്ര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവർ ഉള്‍പ്പെട്ട തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ആരൊക്കെ ഏത് മണ്ഡലത്തില്‍ മത്സരിക്കണം എന്ന് തീരുമാനിക്കുന്നത്. അങ്ങനെയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ തന്നെ മത്സരിക്കുന്നത്.

k-surendran-i

വയനാട്ടില്‍ അമേഠി ആവർത്തിക്കും

രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കുന്നു, അദ്ദേഹത്തിന് ആരാകണം എതിരാളി എന്നതിനേക്കാളെല്ലാം ഉപരിയായി തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് വയനാട് മണ്ഡലത്തില്‍ ബി ജെ പി ഇത്തവണ മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി അമേഠിയില്‍ എന്താണോ ചെയ്തത് അത് തന്നെയാണ് കഴിഞ്ഞ അഞ്ച് വർഷമായി വയനാട്ടിലും ചെയ്തത്. അമേഠിക്കാർ രാഹുലിനുള്ള മറുപടി കഴിഞ്ഞ തവണ കൊടുത്തു. ഇത്തവണ വയനാട്ടിലെ ജനങ്ങളും തങ്ങളുടെ അവസരം വിനിയോഗിക്കും. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വികാരം വയനാട്ടിലുണ്ട്. അമേഠി ആവർത്തിക്കപ്പെടും.

രാഹുല്‍ ഗാന്ധി പൂർണ്ണ പരാജയം

ഒരു എംപി എന്ന നിലയില്‍ അദ്ദേഹം പൂർണ്ണ പരാജയമാണ്. വിവിധ വിഷയങ്ങള്‍ ഉണ്ടായപ്പോഴും രാഹുല്‍ മണ്ഡലത്തിലെ ജനങ്ങളെ അവഗണിച്ചു. രാഹുല്‍ വന്നതിനേക്കാള്‍ കൂടുതല്‍ തവണ ആന വന്നിട്ടുണ്ടെന്നാണ് വയനാട്ടുകാർ തമാശയായി പറയുന്നത്. വിസിറ്റിങ് വിസയില്‍ മണ്ഡലത്തിലെത്തുന്ന വ്യക്തിയാണ് രാഹുല്‍. ആനി രാജയുടേയും കാര്യം വ്യത്യസ്തമല്ല. എന്നാല്‍ കെ സുരേന്ദ്രന്‍ എന്ന വ്യക്തി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് തന്നെ വയാനാട്ടില്ലാണ്. ഏത് സമയത്തും ഏത് വിഷയത്തില്‍ ആളുകള്‍ക്ക് ബന്ധപ്പെടാന്‍ പറ്റുന്ന അത്ര അടുത്ത്, അവർക്കിടയില്‍ ഞാനുണ്ടാകും. എന്നാല്‍ ആനിരാജയേയും രാഹുലിനേയുമൊക്കെ കാണാന്‍ ഡല്‍ഹിയില്‍ പോകേണ്ടി വരും.

രാജ്യത്ത് നരേന്ദ്ര മോദി സർക്കാർ തന്നെ മൂന്നാമതും അധികാരത്തില്‍ വരും. അപ്പോള്‍ വെറുതെ പ്രതിപക്ഷത്ത് ഇരിക്കാനായിട്ട് ഒരു എംപി വേണോ, അതോ വികസന പ്രവർത്തനങ്ങള്‍ നാട്ടിലേക്ക് എത്തിക്കാന്‍ ഏറെ സഹായകരമാകുന്ന തരത്തില്‍ ഒരു ഭരണപക്ഷ എംപി വേണമോയെന്നതാണ് ചോദ്യം.

k-surendran-

രാഹുല്‍ ഗാന്ധി തീർച്ചയായും ഒരു വലിയ നേതാവാണ്. ഇന്ത്യമുഴുവന് അറിയപ്പെടുന്ന, വിദേശത്ത് പോലും സ്വാധീനമുള്ള നേതാവാണ്. അങ്ങനേയുള്ള ഒരു നേതാവിന് വയനാട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നു. എന്നാല്‍ അദ്ദേഹം ഒന്നും ചെയ്തില്ല. എംപി ഫണ്ട് പോലും പാഴാക്കുകയാണ് ചെയ്തത്. വയനാട്ടില്‍ വലിയ തോതില്‍ പ്രളയക്കെടുതിയുണ്ടായി, കോവിഡ് പ്രശ്നങ്ങളുണ്ടായി. ആ സമയത്തൊക്കെ ഒരു നാഥനില്ലാത്ത അവസ്ഥയായിരുന്നു വയനാട്ടില്‍. എംപി എന്ന നിലയില്‍ അദ്ദേഹം പൂർണ്ണ പരാജയമായിരുന്നു.

പ്രതിപക്ഷ സഖ്യത്തിന് നിലപാടില്ല

വയനാട്ടില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാർത്ഥിയുടെ ഭർത്താവ് എന്നതില്‍ ഉപരി അവരുടെ പാർട്ടിയുടെ ദേശീയ അധ്യക്ഷനാണ് ഡി രാജ. കഴിഞ്ഞ ദിവസത്തെ പത്രത്തില്‍ ഡല്‍ഹിയില്‍ ഡി രാജയും രാഹുല്‍ ഗാന്ധിയും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടു. എന്നാല്‍ വയനാട്ടില്‍ രണ്ട് വേദിയിലാണ്. ഇവിടെ നടക്കുന്നത് ഒരു വ്യാജ ഏറ്റുമുട്ടലാണ്. ഇണ്ടി സഖ്യത്തിന്റെ നിലപാടില്ലായ്മ ഇതിലൂടെ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്ത് പല നിലപാടാണ്.

സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിയാണെന്നാണ് സി പി ഐ അടക്കമുള്ള കക്ഷികള്‍ പറയുന്നത്. എന്നിട്ട് ഇവിടെ പരസ്പരം മത്സരവും. ഇവർ ആരെയാണ് വിണ്ഡികളാക്കുന്നത്. ആര് ജയിച്ചാലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി. ബി ജെ പി മുന്നോട്ട് വെക്കുന്നത് ഭരണപക്ഷത്തെ ഒരു എംപിയെന്ന വാഗ്ദാനമാണ്.

k-surendran-wayand

ബിജെപി പുതിയ ചരിത്രം കുറിക്കും

കേരളത്തില്‍ ഇത്തവണ ബി ജെ പിക്ക് നല്ല തോതിലുള്ള വിജയ പ്രതീക്ഷയാണുള്ളത്. ദേശീയ തലത്തില്‍ ഇത്തവണ വീണ്ടും അധികാരത്തിലെത്തും. പ്രതിപക്ഷ പാർട്ടികള്‍ക്ക് തന്നെ അതിനെക്കുറിച്ച് ബോധ്യമുണ്ട്. അക്കാര്യം കേരളത്തിലും പ്രതിഫലിക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ ബിജെപി പുതിയ ചരിത്രം കുറിക്കും. മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബി ജെ പി വോട്ടുതേടുന്നത്. കേരളത്തിന് ഇടനിലക്കാരില്ലാത്ത വികസനം ആവശ്യമാണ്. അതിന് ബി ജെ പി സ്ഥാനാർത്ഥികള്‍ വിജയിക്കണം.

സുരേഷ് ഗോപി വിജയിക്കും

തിരഞ്ഞെടുക്കപ്പെട്ട ഒരു എംപിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ പോലും സുരേഷ് ഗോപിക്ക് തൃശൂരിലെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അങ്ങനേയുള്ള ഒരു നേതാവിനെ ജനങ്ങള്‍ വിജയിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

suresh-gopi-

കോണ്‍ഗ്രസ് അപ്രതക്ഷ്യമാകും

ദേശീയ തലത്തില്‍ ബി ജെ പിക്ക് ഇത്തവണ 400 സീറ്റുകള്‍ എന്ന ലക്ഷ്യം മറികടക്കാന്‍ സാധിക്കും. അതില്‍ കേരളം ഉള്‍പ്പെടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും നിർണ്ണായക പങ്ക് വഹിക്കും. കഴിഞ്ഞ തവണ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകള്‍ നേടിയ പാർട്ടി ബി ജെ പിയാണ്. ഇത്തവണ ബി ജെ പി അതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 40 കടക്കില്ലെന്ന് അവരുടെ സഖ്യകക്ഷികള്‍ തന്നെ പറയുന്നു. ഈ തിരഞ്ഞെടുപ്പോടെ ദേശീയ തലത്തില്‍ നിന്ന് മാത്രമല്ല, കേരളത്തില്‍ നിന്നും കോണ്‍ഗ്രസ് പൂർണ്ണമായും അപ്രതക്ഷ്യമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+