ഐഎന്‍എല്‍ ഒന്നേയുള്ളു: അബ്ദുള്‍ വഹാബിന് പിന്നില്‍ കൊടുവള്ളിയിലെ ഹവാല സംഘം: കാസിം ഇരിക്കൂർ
കോഴിക്കോട്: ഐഎന്‍എല്‍ എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസക്തി സമകാലീന കേരളത്തില്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. എപി അബ്ദുള്‍ വഹാബിനോടൊപ്പം പോയ നേതാക്കളും പ്രവർത്തകരും വലിയ തോതില്‍ പാർട്ടിയിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. ഇത് തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ്. വരും ദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ പാർട്ടിയിലേക്ക് എത്തുമെന്നും കാസി ഇരിക്കൂർ പറയുന്നു.
വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തില്‍ അബ്ദുള്‍ വഹാബ് പക്ഷത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളും അദ്ദേഹം നടത്തുന്നു.

ഐഎന്‍എല്‍ ഒന്നേയുള്ളു
ഐഎന്‍എല്‍ എന്ന് പറയുന്നത് ഒന്നേയുള്ളു. ഇബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് സ്ഥാപിച്ച ഓള്‍ ഇന്ത്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍, അതായത് ഇപ്പോള്‍ പ്രൊഫസർ സുലൈമാന്‍ സാഹബ് അധ്യക്ഷനായിട്ടുള്ള ഐഎന്‍എല്‍. അതിന്റെ കേരളത്തിലെ ഘടകം എന്ന് പറയുന്നത് അഹമ്മദ് ദേവർ കോവില്‍ പ്രസിഡന്റും കാസിം ഇരിക്കൂർ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ്.
ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് പ്രൊഫസർ അബ്ദുള്‍ വഹാബ് പ്രസിഡന്റായിട്ടുള്ള സംസ്ഥാന കമ്മിറ്റിയെ പിരിച്ച് വിടുന്നത്. അതിന് ശേഷംസംഘടനാപരമായ രീതിയില്‍ മെമ്പർഷിപ്പ് വിതരണം നടത്തി ഇപ്പോഴത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവില്‍ അബ്ദുള്‍ വഹാബ് പാർട്ടിക്ക് പുറത്താണ്. അവരുടെ കൂടെയന്ന് പറയാന്‍ എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു നേതാവായി അദ്ദേഹം മാത്രമേയുള്ളു.
എല്‍ഡിഎഫ് ഘടകക്ഷിയെന്ന നിലയിലും അല്ലാതെയും ഐഎൻഎല്‍ കൂടുതല്‍ ശക്തിപ്പെട്ട് വരികയാണ്. പാർട്ടിക്ക് മന്ത്രി പദവിയുമുണ്ട്. എന്നാല്‍ ഈ സമയത്ത് അബ്ദുള്‍ വഹാബ് പാർട്ടിയുടെ പേരും പതാകയുമൊക്കെ ദുരുപയോഗം ചെയ്യുന്നത് തുടർന്നു. ഇതോടെയാണ് ഞങ്ങള്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കുന്നത്. ഇനിമുതല്‍ വഹാബ് ഐഎന്‍എല്ലിന്റെ പേര് ഉച്ഛരിക്കാന്‍ പാടില്ലെന്നാണ് കോടതി പറഞ്ഞത്. പതാകയും ചിഹ്നവും ഉപയോഗിക്കാന്‍ പാടില്ല, അതിന്റെ പേരില്‍ കൂട്ടം കൂടാനോ മെമ്പർഷിപ്പ് വിതരണം നടത്താനോ പാടില്ലെന്നും കോടതി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

കോടതി വിധി മാനിക്കാതെ വഹാബിന്റെ നീക്കം
ഈ കോടതി വിധി നിലനില്‍ക്കെയാണ് ഐഎന്‍എല്‍ എന്ന പാർട്ടി രൂപീകരിച്ച് കെപി ഇസ്മയിലിനെ ആക്ടിക് പ്രസിഡന്റാക്കുന്നത്. കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ പാർട്ടിയില്‍ നിന്നും നാല് വർഷം മുന്‍പ് പുറത്താക്കപ്പെട്ട വ്യക്തിയാണ് കെപി ഇസ്മായില്‍. വഹാബിനെ ഏറ്റവും കൂടുതല്‍ വഴിതെറ്റിച്ച എൻ കെ അബ്ദുൾ അസീസ് എന്നയാള്‍ ഓർഗനൈസിങ് സെക്രട്ടറിയുമായി. ഐഎന്‍എല്‍ എന്ന പേര് പോലും ഉച്ഛരിക്കാന്‍ വഹാബിന് അവകാശമില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇതെല്ലാം നടക്കുന്നത്.
ഇവരുടെ ഈ പ്രവർത്തനമൊന്നും ഞങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല. പാർട്ടി പ്രവർത്തകർ ഞങ്ങള്‍ക്ക് ഒപ്പമാണ്. അതുകൊണ്ട് തന്നെയാണ് അച്ചടക്ക നടപടിയുടെ കാലാവധി കഴിയുന്നതിന് മുന്നോടിയായി വഹാബ് അടക്കമുള്ള ആരേയും തിരിച്ചെടുക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്. അതില്‍ ഉറച്ച് നില്‍ക്കുന്നു. അവർ പാർട്ടിയിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിച്ചാലും ഇപ്പോള്‍ നടക്കില്ല. ആ വിഷയത്തിലെ ചർച്ച അടഞ്ഞ അധ്യായമാണ്.
അവരുടെ കൂടെ പോയ കുറേയാളുകള്‍ ഇതിനോടകം തന്നെ തിരിച്ച് വന്നിട്ടുണ്ട്. അബൂബ്ബക്കർ ഹാജി, സമദ് നരിപ്പറ്റ, അഡ്വ. തമ്രൂക്ക്, നജീബ് ഉള്‍പ്പടേയുള്ളവർ തിരിച്ച് വന്ന നേതാക്കളില്‍ ചിലരാണ്. അച്ചടക്ക നടപടിക്ക് വിധേയമാകാതെ പുറത്ത് പോവുകയും പിന്നീട് തിരിച്ച് വരികയും ചെയ്ത നേതാക്കള്‍ക്ക് അർഹതപ്പെട്ട സ്ഥാനം ഞങ്ങള്‍ നല്‍കും.
പിന്നില്‍ കൊടുവള്ളിയിലെ ഹവാല സംഘം
കൊടുവള്ളിയിലെ ഒരു ഹവാല ടീമാണ് അബ്ദുള്‍ വഹാബിന് പിന്നിലുള്ളത്. പിടിഎ റഹീമിന്റെ പാർട്ടി ഞങ്ങളിലേക്ക് ലയിച്ചപ്പോഴും ലയിക്കാതെ തുടർന്ന ഒരു വിഭാഗമുണ്ട്. എന്നും നിഗൂഢ രാഷ്ട്രീയം കളിക്കുന്ന ഒരു സംഘം അവിടെയുണ്ട്. ഈ അഹമ്മദ് സാഹിബ് മുതല്‍ എന്‍കെ മുനീർ മത്സരിച്ചപ്പോള്‍ വരെ വിമത വിഭാഗമായി നില്‍ക്കുന്ന ഒരു മാഫിയ സംഘമുണ്ട്. അവരാണ് വഹാബിന് പിന്നിലുള്ളത്. ഇതിന് അപ്പുറം എവിടെയാണ് അദ്ദേഹത്തിന് പിന്തുണയുള്ളത്.
അബ്ദുള്‍ വഹാബ് എന്ന നേതാവിനോട് ഞങ്ങള്‍ക്ക് സഹതാപം മാത്രമേയുള്ളു. അദ്ദേഹം പ്രൊഫസറാണ്, അതിനുള്ള വിവരമൊക്കെയുണ്ടെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഏതൊക്കെയോ വിവരദോഷികളുടെ , സ്വാർത്ഥ മോഹികളുടെ നീക്കത്തില്‍ അദ്ദേഹവും പെട്ടു. തൃശ്ശൂരിലേയും തിരുവനന്തപുരത്തേയും കമ്മിറ്റികള്‍ക്കെതി ഞങ്ങള്‍ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അവർ വന്നാല്‍ തിരിച്ചെടുക്കും.

കോഴിക്കോട് ചുറ്റിക്കളിക്കുന്ന രണ്ട് മൂന്നു പേർ
വഹാബ് പക്ഷത്തെ കൂട്ടായ്മ അധികം വൈകാതെ തന്നെ പിരിച്ച് വിടും. വലിയ നേതാക്കളൊക്കെ അവർക്കില്ല. കോഴിക്കോട് ചുറ്റിക്കളിക്കുന്ന രണ്ടോ മുന്നോ പേരുണ്ട്. ശിക്ഷാ കാലാവധി കഴിയാതെ ഇവരാരേയും ഞങ്ങള്‍ തിരിച്ചെടുക്കില്ല. പാർട്ടി ഇപ്പോള്‍ നല്ല നിലയില്‍ മുന്നോട്ട് പോവുകയാണ്. തിരിച്ചെടുത്താല്‍ വീണ്ടും കുത്തിത്തിരുപ്പ് തുടരും. അഹമ്മദ് ദേവർ കോവിലിന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാന്‍ വേണ്ടി അങ്ങേയറ്റത്തെ വൃത്തികേട് കളിച്ചവരാണ് ഇവർ. പാർട്ടി ദേശീയ നേതാവ് സുലൈമാന്‍ സാഹിബിനെതിരേയും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു.
75-ാം വയസ്സിലും പാർട്ടിക്ക് വേണ്ടി ഓടി നടക്കുന്ന ഒരു മനുഷ്യനാണ് സുലൈമാന്‍ സാഹിബ്. അദ്ദേഹത്തെക്കുറിച്ചൊക്കെ വഹാബ് പറഞ്ഞത് കേട്ട് ഞങ്ങളുടെയൊക്കെ കണ്ണ് നിറഞ്ഞ് പോയിട്ടുണ്ട്. വിദ്യാഭ്യാസവും മാന്യതുയമൊക്കെ ഇക്കാര്യത്തില്‍ അവർ തെളിയിച്ചില്ല. ഒരു പാർട്ടി എന്നതിന് അപ്പുറം വിശാലമായ ഒരു കാഴ്ചപ്പാടിലാണ് ഞങ്ങള്‍ മുന്നോട്ട് പോവുന്നത്. അതുമായി ചേർന്ന് പോവാന്‍ തയ്യാറാവുന്ന ആരുമായും ഞങ്ങള്‍ സഹകരിക്കും.












Click it and Unblock the Notifications