കാനഡയിലെ ഒരു മലയാളിയുടെ അതിജീവനം: അന്ന് ഐടി വിദഗ്ധന്‍, ഇന്ന് ടെസ്ലയില്‍ ഡെലിവറി ബോയി
കാനഡയില്‍ സമീപകാലത്ത് കുടിയേറ്റ ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയുന്നത് ജോലി, പാർപ്പിടം എന്നിവയാണ്. ജനസംഖ്യ വലിയ തോതില്‍ വർധിച്ചതോടെ അതിന് ആവശ്യമായ തരത്തിലുള്ള പാർപ്പിട സൌകര്യങ്ങളോ ജോലികളോ കാനഡയില്‍ വർധിക്കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ പുതിയ ജോലി കണ്ടെത്തെനായി ബുദ്ധിമുട്ടുന്നുണ്ട്.
പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഏത് സാഹചര്യത്തേയും നേരിട്ടുകൊണ്ട് മുന്നോട്ട് പോകുന്ന മിടുക്കരും കാനഡയിലുണ്ട്. അത്തരത്തില്‍ ഒരാളാണ് അനീഷ് മാവേലിക്കര എന്ന യുവാവ്. ഒടു ഐടി പ്രൊഫഷണല്‍ ആയിരുന്ന താന്‍ എങ്ങനെ ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനായി എന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ തുറന്ന് പറയുകയാണ് അനീഷ്.

സ്വന്തം വാഹനമായ ടെസ്ല കാറാണ് അനീഷ് ഡെലിവറിക്കായി ഉപയോഗിച്ചിരിക്കുന്നത്. 'മലയാളിയായ ഒരു സുഹൃത്തിന്റെ ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയില്‍ പാർട് ടൈം ജീവനക്കാരനായി പോകുകയാണ് ഇപ്പോള്‍. എന്റെ ഐടി ജോലി കഴിയാറായ. ഈ ചൊവ്വാഴ്ചത്തോടെ കരാർ അവസാനിക്കും. അതിന് ശേഷം ജോലി ഉണ്ടാവില്ല' അനീഷ് പറയുന്നു.
കഴിഞ്ഞ രണ്ട് മാസമായി പുതിയ ജോലി നോക്കുകയാണ്. ജോലി കിട്ടുന്നത് വരെ ജീവിക്കണമെല്ല. രണ്ട് ഇന്റർവ്യൂ മാത്രമാണ് കിട്ടിയത്. ഇപ്പോള്‍ ഐടി മാർക്കറ്റും പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ജോലി ലഭിക്കാന്‍ റഫറല്‍ ഒക്കെ വേണമെന്ന് തോന്നുന്നു. ആ ഒരു ട്രാക്കിലേക്ക് എത്താന്‍ എനിക്കും ഒരു രണ്ട് മൂന്ന് ഇന്‍റർവ്യൂ വേണം.
കാനഡയില്‍ വന്നാല്‍ എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാകണം. ഞാന്‍ ഇവിടെ ടൊറന്റോയിലാണ് ജീവിക്കുന്നത്. ഇവിടുത്തെ കളക്ടറായിരുന്നു ഞാന്‍ എന്ന് വിചാരിക്കുക, അത് നഷ്ടപ്പെട്ടാല്‍ വേറെ എന്തെങ്കിലും ജോലി ചെയ്യാന്‍ തയ്യാറാകണം. നാട്ടിലാണെങ്കില്‍ ഒരു വൈറ്റ് കോളർ ജോലി ചെയ്തുവന്ന ആള്‍ പിന്നീട് ഒരു ഹോട്ടലിലോ മറ്റോ ജോലി ചെയ്യേണ്ടി വന്നാല്‍ ദുരഭിമാനമായി ചിന്തിക്കുമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
നമുക്ക് എന്ത് ജോലി ചെയ്യുന്നതിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്. ഞാന്‍ മാത്രമല്ല, വേറെ രണ്ട് മൂന്ന് സുഹൃത്തുക്കള്‍ ഊബർ ഓടുന്നുണ്ട്. ഒരു അധിക വരുമാനം കൂടുതലാണ് ഇത്. വെളുപ്പിന് ഒരു നാല് മണിക്കൂർ ഞാനും ഊബർ ഓടുന്നുണ്ട്. അടുത്ത മാസം ജോലി കിട്ടിയില്ലെങ്കില്‍ ആ നാല് മണിക്കൂർ എന്നുള്ളത് എട്ടു മണിക്കൂർ ആക്കേണ്ടി വരും.
അതിരാവിലെ ഊബർ ഓടുകയാണെങ്കില്‍ കൂടുതല്‍ എയർപോർട്ട് ഓട്ടം കിട്ടാന്‍ സാധ്യതയുണ്ട്. അവിടുന്ന് വേറെയും ഓട്ടം കിട്ടും. വൈകീട്ട് ഇത്രയും ഓട്ടം ലഭിക്കണമെന്നില്ല. ഊബർ ഓട്ടം പോകുന്നത് നല്ല അനുഭവമാണ്. ചിലർ ആദ്യമായിട്ടാകും ടെസ്ലയില്‍ കയറുന്നത്. ചില യാത്രക്കാർക്ക് അതിന്റെ കൌതുകം ഉണ്ടാകാറാണ്ട്. ടെസ്ല ആയതുകൊണ്ട് തന്നെ പ്രീമിയത്തില്‍ ഓടിക്കാന്‍ പറ്റും. അതിന് കൂടുതല്‍ കാശും കിട്ടും.
ടെസ്ലയ്ക്ക് ആദ്യമൊക്കെയായിരുന്നു പ്രീമിയം ലുക്കും വലിയ കാശുമൊക്കെ. ഇപ്പോള്‍ നല്ല രീതിയില്‍ വില കുറഞ്ഞിട്ടുണ്ട്. എന്തായാലും ജോലി സജീവമായി നോക്കുകയാണ്. എവിടെയെങ്കിലും എനിക്ക് യോജിച്ച ജോലി ഉണ്ടെങ്കില്‍ ആരെങ്കിലും അറിയിച്ചാല്‍ അതൊരു സഹായകമാവും. ഇങ്ങോട്ടേക്ക് വരുമ്പോള്‍ എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാകണമെന്ന് ഒരിക്കല്‍ കൂടി പറയുകയാണെന്നും അനീഷ് മാവേലിക്കര കൂട്ടിച്ചേർക്കുന്നു.
ഞാന്‍ നെഗറ്റീവ് പറഞ്ഞ് നടക്കുകയാണെന്ന് ചിലർ നാട്ടിലൊക്കെ പറഞ്ഞ് നടക്കുണ്ടെന്ന് അറിഞ്ഞെന്നും ചിരിച്ചുകൊണ്ട് അനീഷ് പറയുന്നു. ഞങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ചില കാര്യങ്ങള്‍ നെഗറ്റീവാണ്. മൊത്തത്തിലും പ്രശ്നങ്ങളുണ്ട്. അതെല്ലാം മാറും. ഇവിടെ മാത്രമ, യുകെയിലും ബുദ്ധിമുട്ടുകളുണ്ട്. എല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications