സൗദിയില്‍ വന്‍ തൊഴില്‍ അവസരം വരുന്നു: കൊറിയന്‍ കമ്പനിയുമായി 41000 കോടിയുടെ വമ്പന്‍ പദ്ധതി
റിയാദ്: ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് മോട്ടോറുമായി രാജ്യത്ത് വാഹന നിർമ്മാണ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പി ഐ എഫ്). കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷൻ 2030 എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ കരാറും വരുന്നത്. 2030 ഓടെ രാജ്യത്തെ അടിമുടി മാറ്റി മറിക്കുകയെന്ന ലക്ഷ്യങ്ങൾക്ക് അനുസൃതമായി വികസനവും സാമ്പത്തിക വൈവിധ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ തോതിലുള്ള പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്ക് വരുന്നത്.
ഞായറാഴ്ച നടന്ന സൗദി അറേബ്യ - ദക്ഷിണ കൊറിയൻ ബിസിനസ് ഫോറത്തിലാണ് സംയുക്ത സംരംഭത്തെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. കാരാറിന്റെ 70 ശതമാനം ഓഹരികളും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. ബാക്കി 30 ശതമാനം ഹ്യൂണ്ടായ് കമ്പനിയാണ് ചിലവഴിക്കുക. പദ്ധതിയുടെ ആകെ നിക്ഷേപം 500 ദശലക്ഷം ഡോളർ (41,57,39,50,000 രൂപ) കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഫാക്ടറിയില്‍ നിന്നും പ്രതിവർഷം 50,000 വാഹനങ്ങൾ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു. 2026-ൽ ഉൽപ്പാദനം ആരംഭിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം അടുത്ത വർഷം മുതല്‍ തുടങ്ങിയേക്കും. ഫാക്ടറിയുടെ സ്ഥലം ഉള്‍പ്പടെ ഉടന്‍ കണ്ടെത്തും.
പുതിയ പ്ലാന്റ് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. എഞ്ചിനീയറിങ്ങ് മുതല്‍ വലിയ വൈദഗ്ധ്യം വേണ്ടാത്ത ജോലികളും ഇതിലൂടെ ലഭ്യമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഞങ്ങളുടെ 13 മുൻഗണനാ മേഖലകളിലൊന്നായ സൗദി അറേബ്യയുടെ ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റത്തിന്റെ വളർച്ച വിജയകരമായി പ്രാപ്തമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള പിഎഫ്ഐയുടെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഹ്യുണ്ടായുമായുള്ള പങ്കാളിത്തം' പി എഫ് ഐ ഡെപ്യൂട്ടി ഗവർണറും എം ഇ എന്‍ എ ഇൻവെസ്റ്റ്‌മെന്റ് മേധാവിയുമായ യസീദ് അൽ - ഹുമീദ് പറഞ്ഞു.
"മേഖലയിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ഭാവി വളർത്തിയെടുക്കാനും വാഹന ഉൽപ്പാദനത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കാനുമുള്ള ഈ സംരംഭത്തിന്റെ സാധ്യതയെക്കുറിച്ച് ഞങ്ങൾ ആവേശഭരിതരാണ്. ഞങ്ങളുടെ സംയുക്ത പ്രയത്‌നങ്ങൾ നവീകരണത്തിനും പാരിസ്ഥിതിക പുരോഗതിക്കും അവസരമൊരുക്കും," ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ ജെഹൂൺ ചാങ് പറഞ്ഞു.












Click it and Unblock the Notifications