പ്രായം കൂടുമ്പോള്‍ ചര്‍മം അയഞ്ഞുതൂങ്ങുന്നത് ഒഴിവാക്കണോ? ഈ ഭക്ഷണരീതി ഇപ്പോഴേ ആരംഭിച്ചോളൂ
പ്രായം കൂടുന്തോറും ചര്‍മ്മം അയഞ്ഞു തൂങ്ങുന്നത് സ്വാഭാവികമാണ്. നമ്മുടെ ഭക്ഷണക്രമത്തിലെ താളപ്പിഴകള്‍ മൂലം ഈ പ്രക്രിയ നേരത്തെ ആരംഭിച്ചേക്കാം. എന്നാല്‍ മൃദുലവും ദൃഢവുമായ ചര്‍മ്മത്തിന് സഹായിക്കുന്ന നിരവധി ഭക്ഷണ സാധനങ്ങള്‍ നമ്മുടെ അടുക്കളകളില്‍ സുലഭമാണ്. ഇക്കാര്യത്തില്‍ മുഖത്ത് തേയ്ക്കുന്ന ക്രീമുകളേക്കാള്‍ വിശ്വസിക്കാവുന്നതും നമ്മുടെ ആഹാര രീതിയെയാണ്.
പ്രായത്തിനനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഡെര്‍മറ്റോളജിസ്റ്റുകള്‍ പറയുന്നു. വിറ്റാമിന്‍ സി, അമിനോ ആസിഡുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമായ ആഹാര രീതി ശരീരത്തിലെ കൊളാജന്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. ലളിതമായ മാറ്റങ്ങളിലൂടെ ചര്‍മ്മത്തിലെ ചുളിവുകളും അയഞ്ഞു തൂങ്ങുന്ന അവസ്ഥയും കുറയ്ക്കാന്‍ സാധിക്കും.
കൊളാജന്റെ പ്രധാന്യം
ചര്‍മ്മത്തിന് അവശ്യമായ പ്രധാന പ്രോട്ടീനാണ് കൊളാജന്‍. ഇത് ചര്‍മ്മത്തിന് ഉറപ്പും ആകൃതിയും ഇലാസ്തികതയും നല്‍കുന്നു. 25 വയസിനു ശേഷം ശരീരത്തിലെ കൊളാജന്‍ ഉത്പാദനം കുറഞ്ഞുതുടങ്ങും. സൂര്യപ്രകാശം, മാനസിക സമ്മര്‍ദം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. കൊളാജന്‍ സമൃദ്ധമായ ആഹാരരീതി ചര്‍മത്തിന്റെ ദൃഡത നിലനിര്‍ത്താന്‍ സഹായിക്കും.

നെല്ലിക്കയും പഴങ്ങളും
വിറ്റാമിന്‍ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് നെല്ലിക്ക. ഇത് കൊളാജന്‍ ഫൈബറുകള്‍ രൂപപ്പെടുത്താനും സംരക്ഷിക്കാനും സഹായിക്കുന്നു. നാരങ്ങ, ഓറഞ്ച്, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങളും കൊളാജന്റെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു. ഇവ നേരിട്ടോ സാലഡുകളില്‍ ഉള്‍പ്പെടുത്തിയോ കഴിക്കാവുന്നതാണ്.
എള്ളും ബദാമും
സിങ്ക്, കോപ്പര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പന്നമാണ് എള്ള്. ഈ ധാതുക്കള്‍ ചര്‍മ്മത്തിന്റെ ദൃഡത നിലനിര്‍ത്താന്‍ ഏറ്റവും നല്ലതാണ്. ബദാമില്‍ വിറ്റാമിന്‍ ഇയും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പഞ്ചസാര ചേര്‍ത്ത പ്രഭാതഭക്ഷണങ്ങള്‍ക്ക് പകരം കുതിര്‍ത്ത ബദാം ഉള്‍പ്പെടുത്താം.
മുരിങ്ങയിലയും മുരിങ്ങക്കായയും
മുരിങ്ങയിലയില്‍ വിറ്റാമിന്‍ സി, ഇരുമ്പ്, സസ്യാധിഷ്ഠിത പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങള്‍ കൊളാജനെയും രക്തയോട്ടത്തെയും പിന്തുണയ്ക്കുന്നു. സാമ്പാറില്‍ ഉപയോഗിക്കുന്ന മുരിങ്ങക്കായ ചര്‍മ്മത്തിനും എല്ലുകള്‍ക്കും ആവശ്യമായ ധാതുക്കള്‍ നല്‍കി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
ചീരയും മറ്റ് ഇലക്കറികളും
ചീര ഉള്‍പ്പെടുന്ന ഇലക്കറികളില്‍ വിറ്റാമിന്‍ സിയും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഇവ കോശങ്ങളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കൊളാജന്‍ നഷ്ടപ്പെടുന്നത് മന്ദഗതിയിലാക്കുന്നു.
പനീര്‍, തൈര്, പരിപ്പുവര്‍ഗങ്ങള്‍
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന അമിനോ ആസിഡുകള്‍ കൊളാജന്‍ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്. പനീര്‍, തൈര്, പരിപ്പുവര്‍ഗങ്ങള്‍, കടല എന്നിവ മികച്ച പ്രോട്ടീന്റെ ഉറവിടങ്ങളാണ്. ഇവയില്‍ കാല്‍സ്യവും ബി വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.
വാള്‍നട്ട്
ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് വാള്‍നട്ട്. ഇത് ചര്‍മ്മത്തിന്റെ സംരക്ഷണ പാളിയെയും ഈര്‍പ്പത്തെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. മെച്ചപ്പെട്ട ഈര്‍പ്പം ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും മൃദുത്വവും നല്‍കുന്നു. ദിവസവും ഒരു ചെറിയ പിടി വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്.
ദൃഢമായ ചര്‍മ്മത്തിനുള്ള ശീലങ്ങള്‍
ഭക്ഷണം മാത്രം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അയവുകള്‍ പൂര്‍ണമായും മാറ്റാന്‍ കഴിയില്ല. ദിവസവും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, ഉച്ചവെയില്‍ ഒഴിവാക്കുക, കൃത്യസമയത്ത് ഉറങ്ങുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പുകവലി ഒഴിവാക്കുക എന്നിവയെല്ലാം പ്രധാനമാണ്.












Click it and Unblock the Notifications