അത്താഴത്തിന് ലേശം പട്ടിയിറച്ചിയായാലോ..? ഈ രാജ്യങ്ങളില്‍ പോയാല്‍ മതി
ഭക്ഷണത്തിനായി കോഴി, താറാവ്, കാട, പോത്ത്, പന്നി, മുയല്‍ എന്നിവയെ കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എത്ര പേര്‍ പട്ടിയിറച്ചി കഴിച്ചിട്ടുണ്ടാകും. കേള്‍ക്കുമ്പോള്‍ തന്നെ അല്‍പം അറപ്പും അവജ്ഞയുമൊക്കെ ഉള്ളില്‍ തോന്നുന്നുണ്ടാകും അല്ലേ. എന്നാല്‍ നായ്ക്കളുടെ മാംസം നിയമവിധേയമായും അല്ലാതെയും ഭക്ഷണത്തിന് ഉപയോഗിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്.
ചില രാജ്യങ്ങള്‍ മാംസാവശ്യത്തിനായി നായ്ക്കളെ വളര്‍ത്തുന്ന ഫാമുകള്‍ വരെ നടത്തി വരുന്നുണ്ട്. അതേസമയം നായ്ക്കളെ മാംസാവശ്യത്തിനായി അനധികൃതമായി കൊന്നൊടുക്കി അവയുടെ വംശത്തിനാകെ ദോഷം ചെയ്യുന്ന തരത്തിലുള്ള വേട്ടയാടലുകള്‍ നിരോധിച്ച രാജ്യങ്ങളുമുണ്ട്. ഏതൊക്കെ രാജ്യങ്ങളിലാണ് നായ്ക്കളുടെ മാംസം ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നത് എന്ന് നോക്കാം.

നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുമൃഗങ്ങളായി പരിപാലിച്ച് വന്നവരില്‍ പ്രഥമസ്ഥാനീയര്‍ ആണ് ചൈനക്കാര്‍. ചൈനയില്‍ ഏകദേശം 130 ദശലക്ഷത്തോളം വളര്‍ത്തു നായ്ക്കള്‍ ഉണ്ട് എന്നാണ് കണക്ക്. അതായത് ശരാശരി 10 ആളുകള്‍ക്ക് ഒരു നായ എന്ന തരത്തില്‍. അതേസമയം തന്നെ ചൈനയിലെ വര്‍ഷങ്ങളായുള്ള പാരമ്പര്യത്തിന്റെ ഭാഗമായി നായ മാംസം ഭക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് തികച്ചും നിയമപരവുമാണ്.
ദക്ഷിണ കൊറിയയിലും പട്ടിയിറച്ചി നിയമവിധേയമാണ്. ഇവിടെ 20000 ത്തിലധികം റെസ്റ്റോറന്റുകളില്‍ പട്ടിയിറച്ചിയാണ് പ്രധാന വിഭവം. മാത്രമല്ല പട്ടിയിറച്ചി കഴിച്ച് കൊണ്ടുള്ള ആഘോഷങ്ങളും ഇവിടെ നടന്ന് വരുന്നു. പ്രതിദിനം രാജ്യത്ത് 15000 വരെ നായ്ക്കളെയും പൂച്ചകളെയും ഭക്ഷ്യാവശ്യത്തനായി ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നായ മാംസ വ്യവസായം 2 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.
പ്രതിവര്‍ഷം അരലക്ഷം നായ്ക്കളെ കൊല്ലുന്ന ഫിലിപ്പീന്‍സിലും നായയുടെ മാംസം കഴിക്കുന്നത് അസാധാരണമല്ല. രാജ്യത്ത് പന്നിയിറച്ചിയും ആട്ടിറച്ചിയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ മാംസം നായ മാംസമാണ്. അസോസീന എന്ന ഫിലിപ്പിനോ വിഭവം പ്രധാനമായും നായ മാംസം കൊണ്ടാണ് ഉണ്ടാക്കുന്നത്. നായ എന്നതിന്റെ ഫിലിപ്പിനോ പദമാണ് അസോ. സീന എന്നാല്‍ അത്താഴം അല്ലെങ്കില്‍ വൈകുന്നേരത്തെ ഭക്ഷണം എന്നാണ് അര്‍ത്ഥം.
പൂച്ചകളെ ഭക്ഷിക്കുന്നതില്‍ പ്രസിദ്ധമായ വിയറ്റ്‌നാമില്‍ പട്ടിയിറച്ചിയും വ്യാപകമായി വില്‍ക്കപ്പെടുന്നു. തായ്ലന്‍ഡിലും നായ്ക്കളുടെ മാംസം, നായയുടെ തൊലി എന്നിവയുടെ വില്‍പന വലിയ ലാഭത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യാപാരമാണ്. അതേസമയം ഇവിടെ അനധികൃത നായ വേട്ടയും വ്യാപകമാണ്. വളര്‍ത്ത് നായ്ക്കളെ സ്റ്റണ്‍ തോക്കുകള്‍ ഉപയോഗിച്ച് അബോധാവസ്ഥയിലാക്കുന്ന മോഷ്ടാക്കാള്‍ ഭക്ഷണാവശ്യത്തിനായി വ്യാപാരികള്‍ക്ക് മറിച്ച് വില്‍ക്കാറുണ്ട്.
തായ്വാനില്‍ 'സുഗന്ധമുള്ള മാംസം' എന്നാണ് നായ്ക്കളുടെ മാംസത്തെ വിളിക്കുന്നത്. ശൈത്യകാലത്ത് ശരീരത്തിന്റെ താപനില നിലനിര്‍ത്താന്‍ ഇവിടെയുള്ളവര്‍ കറുത്ത നായ്ക്കളെ കഴിക്കാറുണ്ട്. എന്നാല്‍ തായ്വാന്‍ പാര്‍ലമെന്റ് പട്ടിയിറച്ചി കഴിക്കുന്നത് നിരോധിച്ചുകൊണ്ട് നിയമം പാസാക്കുകയും നിയമം ലംഘിക്കുന്നവര്‍ക്ക് 300 ഡോളര്‍ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം തായ്വാനിലുടനീളം 100-ലധികം റെസ്റ്റോറന്റുകളില്‍ നായ മാംസം മെനുവിന്റെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ട്.
ഇന്തോനേഷ്യയിലെ ഭൂരിഭാഗം മുസ്ലീം ജനങ്ങള്‍ക്കും പട്ടിയിറച്ചിയും പന്നിയിറച്ചിയും കഴിക്കുന്നത് മതപരമായി നിഷിദ്ധമാണ്. എന്നാല്‍ രാജ്യത്തെ വംശീയ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗോത്ര സമൂഹമായ മിനഹാസ പരമ്പരാഗതമായി നായ്ക്കളെയും പൂച്ചകളെയും കാട്ടെലികളെയും പഴംതീനി വവ്വാലുകളേയും തിന്നുന്നവരാണ്. പോളിനേഷ്യയിലും നായ മാസം സംസ്‌കാരത്തിന്റെ ഭാഗമായി കഴിച്ച് വരുന്നു.
മുന്‍കാലങ്ങളില്‍ ഇത് പുരുഷന്മാര്‍ക്ക് മാത്രം വിളമ്പുകയും സ്ത്രീകള്‍ക്ക് നിഷിദ്ധമായി കണക്കാക്കുകയും ചെയ്തിരുന്നു. നായ്ക്കളെ രാജകുടുംബം മാത്രമേ ഭക്ഷിക്കാവൂ എന്നും ദൈവത്തിന്റെ ഭക്ഷണമായി കണക്കാക്കിയിരുന്നു. നായ മാംസം കാനഡയിലെ റെസ്റ്റോറന്റുകളിലും നിയമപരമായി വിറ്റുവരുന്നു. നായയുടെയും പൂച്ചയുടെയും മാംസം കഴിക്കുന്നത് ഇവിടെ നിയമവിരുദ്ധമല്ല. ഭക്ഷണാവശ്യത്തിനായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കാനഡയില്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇതിന് അധികതൃരുടെ അനുമതി പത്രം വേണം.












Click it and Unblock the Notifications