മഹാസഖ്യത്തില്‍ ചേരില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
കല്‍ക്കത്ത: ബി.ജെ.പിയുമായി കോണ്‍ഗ്രസ് എവിടെയും സഖ്യം സ്ഥാപിക്കില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ഗുലാംനബി ആസാദും പശ്ചിമബംഗാള്‍ പി.സി.സി പ്രസിഡന്റ് എ.ബി.എ ഗനിഖാന്‍ ചൗധരിയും പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച്ച ഇവിടെയെത്തിയ ആസാദ് ഗനിഖാന്‍ ചാധരിയുമായി രണ്ടു മണിക്കൂര്‍ നേരം കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടിനിന്ന രാഷ്ട്രീയവിവാദത്തിന ്വിരാമം കുറിക്കുന്ന പ്രസ്താവന നടത്തിയത്.
എ.ഐ.സി.സിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ചേരുന്നതിനോട് എതിരാണെന്ന് ആസാദ് പറഞ്ഞു. ബി.ജെ.പിയെ ദേശീയആപത്തായാണ് കോണ്‍ഗ്രസ് കാണുന്നത്. സി.പി.എം സംസ്ഥാനതലത്തിലുള്ള ആപത്താണ്. അതുകൊണ്ടുതന്നെ ഈ രണ്ട് കക്ഷികളുമായി കോണ്‍ഗ്രസ് സഖ്യം സ്ഥാപിക്കുന്ന പ്രശ്നമില്ല. ബി.ജെ.പിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്നതിനോട് എ.ഐ.സി.സിയും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും യോജിക്കുന്നില്ല ആസാദ് പറഞ്ഞു.
അതേ സമയം മഹാസഖ്യം രൂപീകരിക്കുന്ന കാര്യത്തില്‍ പ്രശ്നമൊന്നുമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ജയന്ത ഭട്ടാചാര്യ പ്രസ്താവിച്ചു. ഖാന്‍ ചൗധരിയുമായി തങ്ങള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നെന്നും കോണ്‍ഗ്രസിന് മഹാസഖ്യത്തില്‍ ചേരുന്നതില്‍ താത്പര്യമുണ്ടെന്നും മറ്റുള്ള പ്രശ്നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്നും ജയന്ത ഭട്ടാചാര്യ പറഞ്ഞു.