കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കശ്മീര്‍ മന്ത്രി മൈന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ സംസ്ഥാന വൈദ്യുതി മന്ത്രി ഗുലാം ഹസ്സന് ഭട്ടും അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകരും ഉള്‍പ്പടെ അഞ്ചു പേര് കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ദോരുവിനടുത്തുള്ള മുന്ത്പേരയിലാണ് സംഭവം.
ഭീകരര്‍ അതിശക്തമായ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മന്ത്രി സഞ്ചരിച്ചിരുന്ന കാര്‍ തകര്‍ക്കുകയാണ് ഉണ്ടായത്. മന്ത്രി, രണ്ട് അംഗരക്ഷകര്‍, വയര്‍ലെസ്സ് ഓപ്പറേറ്റര്‍, കാര്‍ ഡ്രൈവര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. എല്ലാവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പോലീസ് ഐ ജി അശോക് ഭട്ട് ഉള്‍പ്പടെയുള്ള മുതിര്‍ന്ന പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. 1996 ല്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് സര്‍ക്കാര്‍ കശ്മീരില്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭീകരര്‍ വധിക്കുന്ന ആദ്യത്തെ മന്ത്രിയാണ് ഗുലാം ഭട്ട്.