സി.പി.എം. സോണിയയോട് നന്ദിപറയുക
സി.പി.എം നന്ദി പറയേണ്ടത് സോണിയാഗാന്ധിയോടാണ്. പരസ്യമായി അങ്ങനെ പറയാന്‍ മനസ്സനുവദിക്കുന്നുണ്ടാവില്ല. എങ്കിലും ഉളളില്‍ കൃതജ്ഞതയുടെ ഒരു നേരിയ നീര്‍ച്ചാലെങ്കിലും ഉണ്ടാവണം. പിണറായി വിജയന് ദേഷ്യമായിരിക്കുമെങ്കിലും കുറഞ്ഞപക്ഷം വി. എസ്സ് . അച്ച്യുതാനന്ദനെങ്കിലും അല്‍പ്പം നന്ദി തോന്നേണ്ടതാണ്.
സി.പി.എമ്മിന് എന്തിനാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയായ സോണിയയോട് നന്ദി തോന്നേണ്ടത്? സോണിയയുടെ കോണ്‍ഗ്രസ്സും സുര്‍ജിതിന്റെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയും തമ്മില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ചില്ലറ പ്രേമവും സഹവാസവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അതൊക്കെ താഴെ വച്ച മട്ടാണ്. എത്ര ശ്രമിച്ചാലും പൂച്ചക്കും എലിക്കും ഒന്നിച്ചു കഴിയാനാവില്ലല്ലോ. അപ്പോള്‍ പിന്നെ എന്തിനു സി.പി.എമ്മിന് സോണിയയോട് നന്ദി തോന്നണം.
അതിന് കേരളത്തില്‍ സംഭവിക്കാമായിരുന്ന രാഷ്ട്രീയ രംഗം ഭാവനയില്‍ കാണണം.പലരുടേയും സ്വപ്നങ്ങളിലുണ്ടായിരുന്ന ആ ചിത്രം ഇതാണ്. ബംഗാളിലെ മഹാസഖ്യമെന്നോ ന്യൂനപക്ഷതാല്‍പ്പര്യമെന്നോ ഏതെങ്കിലും തൊടുന്യായം പറഞ്ഞ് മുസ്ളിംലീഗ് ഐക്യജനാധിപത്യമുന്നണി വിട്ട് എല്‍. ഡി. എഫില്‍ ചേരാന്‍ തീരുമാനിക്കുന്നു. പിണറായിയും സംഘവും അവരെ സ്വീകരിക്കാന്‍ തയ്യാറാവുന്നു. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ വര്‍ഗ്ഗീയവിമതനായ വി.എസ്സ് . അച്ച്യുതാനന്ദന്‍ സര്‍വശക്തിയും സമാഹരിച്ച് അതിനെ എതിര്‍ക്കുന്നു. സി.പി.എമ്മിന്റെ സംസ്ഥാനസമിതിയില്‍ പിണറായിയുടെയും വിജയന്റെയും സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു. പിന്നെ അതിന്റെ അനന്തരഫലങ്ങള്‍.
ഇനി, കഴിഞ്ഞയാഴ്ച ദില്ലിയില്‍ നടന്ന അത്താഴവിരുന്നു നാടകത്തിന്റെ ദൃശ്യങ്ങളിലേക്ക്. കേരളത്തില്‍ യു.ഡി. എഫുമായി അല്‍പ്പം നീരസം ഭാവിച്ചു നിന്നിരുന്ന കക്ഷിയായ ലീഗിന്റെ അദ്ധ്യക്ഷന്‍ പാണക്കാട് ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള നേതാക്കളെ സോണിയാഗാന്ധി ദില്ലിയിലേക്ക് ക്ഷണിക്കുന്നു. ജന്‍പഥ് വാര്‍ഡിലെ പത്താം നമ്പര്‍ വസതിയില്‍ സോണിയാഗാന്ധി, ആന്റണി കരുണാകരനാദി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കൂട്ടായും പിന്നീട് ശിഹാബ് തങ്ങളുമായി ഒറ്റക്കും സംസാരിക്കുന്നു. പിന്നെ തങ്ങളും കൂട്ടരും പത്രലേഖകരെക്കണ്ട് ലീഗ് ഐക്യജനാധിപത്യമുന്നണിയില്‍ പാറപോലെ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുന്നു. അത്ര ശക്തിയായി പറയാതെ ചില്ലറ ഉപാധികളുടെ സുഷിരങ്ങള്‍ ഇട്ട് സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടി നടത്തിയ ദുര്‍ബലശ്രമങ്ങളെ കൂടുതല്‍ പരിചയ സമ്പന്നനായ ഇ. അഹമ്മദ് ഇടപെട്ട് പരാജയപ്പെടുത്തുന്നു.
രണ്ടു കാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന്: ലീഗ് മുന്നണി വിടുന്നില്ലെന്ന് വ്യക്തമാകുന്നു.
രണ്ട്: ലീഗിനെ ഇടതു മുന്നണിയിലേക്ക് മാമോദീസാ മുക്കി എടുക്കുന്നതു സംബന്ധിച്ച് സി.പി.എമ്മില്‍ ഉണ്ടാവാമായിരുന്ന ഗുരുതരമായ പ്രതിസന്ധി ഒഴിവാകുന്നു. ലീഗിനെ യു.ഡി.എഫില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പ്രേരണയായത ് സോണിയാഗാന്ധിയുടെ ഇടപെടല്‍ ആണെന്നിരിക്കെ പാര്‍ട്ടിയെ രക്ഷിച്ചതിന് സി.പി.എം സോണിയാഗാന്ധിയോടല്ലാതെ മറ്റാരോടാണ് നന്ദി പറയുക?