കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന് 3535 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

  • By Staff
Google Oneindia Malayalam News

ന്യൂദില്ലി: കേരളത്തിന് 2000-2001 വര്‍ഷത്തേക്ക് 3535 കോടി രൂപയുടെ വാര്‍ഷിക പദ്ധതി. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 285 കോടി രൂപ കൂടുതലാണ്. മുഖ്യമന്ത്രി ഇ.കെ. നായനാരും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.സി. പാന്തും തമ്മില്‍ നടത്തിയ ചര്‍ച്ചക്കു ശേഷമാണ് പദ്ധതി വിഹിതം പ്രഖ്യാപിച്ചത്.

പദ്ധതി അടങ്കലില്‍ കൃഷി, വൈദ്യുതി, വ്യവസായം, ശുദ്ധജലവിതരണം, ജലസേചനം എന്നീ മേഖലകള്‍ക്കാണ് മുന്‍ഗണന. 883 കോടി രൂപ കേന്ദ്രം നല്‍കുമ്പോള്‍ 1944 കോടി രൂപ സംസ്ഥാനം തന്നെ കണ്ടെത്തണം.

ഇതില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 1045 കോടി രൂപയാണ്. വൈദ്യുതി മേഖലക്ക് 652.7 കോടി രൂപയും സാമൂഹ്യ-സാമൂഹ്യസേവന സര്‍വീസുകള്‍ക്ക് 604 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ജലസേചന മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത് 275 കോടി രൂപയാണ്. കൃഷി അനുബന്ധ പദ്ധതികള്‍ക്ക് 259.5 കോടിയും വ്യവസായ മേഖലയ്ക്ക് 252 കോടി രൂപയും വകയിരുത്തിയിരിക്കുന്നു.

ഒമ്പതാം പദ്ധതിയുടെ നാലാമത്തെ വര്‍ഷത്തേക്കുള്ള പദ്ധതിവിഹിതമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായെങ്കിലും ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍ത്തന്നെ കേരളം ലക്ഷ്യം കൈവരിച്ചതായി മുഖ്യമന്ത്രി ഇ.കെ. നായനാര്‍ പറഞ്ഞു. 97-98-ല്‍ 2851 കോടി രൂപ വിഭാവനം ചെയ്ത സ്ഥാനത്ത് 3394 കോടി രൂപയുടെയും 98-99-ല്‍ 3100 കോടി രൂപയുടെ വിഭവസമാഹരണം നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. 99-2000 വര്‍ഷത്തില്‍ വിഭാവനം ചെയ്ത 3250 കോടി രൂപയില്‍ 3213 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചു.

വികേന്ദ്രീകൃത ആസൂത്രണത്തിന്റെ വിജയത്തിലും സാമൂഹ്യമേഖലകളുടെ വികസനത്തില്‍ കൈവരിച്ച നേട്ടത്തിലും ആസൂത്രണകമ്മീഷന്‍ കേരളത്തെ അഭിനന്ദിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. അധികാര വികേന്ദ്രീകരണത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ 7947 കിലോമീറ്റര്‍ ഗ്രമീണ മുനിസിപ്പല്‍ റോഡുകള്‍ പൂര്‍ത്തിയാക്കിയെന്നും ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള 98,499 കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷി മേഖലയില്‍ വലിയ പുരോഗതിയുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും വൈദ്യതി മേഖലയില്‍ അത് സാധ്യമായെന്ന് അദ്ദേഹം പറഞ്ഞു.

കേരള ധനകാര്യമന്ത്രി ടി.ശിവദാസമേനോന്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ ഐ.എസ്. ഗുലാത്തി, ധനകാര്യ സെക്രട്ടറി വിനോദ് റായി, ആസൂത്രണബോര്‍ഡ് അംഗങ്ങളായ സാംബമൂര്‍ത്തി, ഇ.എം. ശ്രീധരന്‍, ആസൂത്രണ വകുപ്പ് സെക്രട്ടറി കെ.എന്‍. കുറുപ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X