കരുണാകരവിഭാഗം രഹസ്യയോഗം ചേര്‍ന്നു
തിരുവനന്തപുരം: ഗ്രൂപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കരുണാകര വിഭാഗത്തിന്റെ രഹസ്യയോഗം ഞായറാഴ്ച തിരുവനന്തപുരത്ത് നടന്നു.
കെ.കരുണാകരന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രധാനമായും കെ.മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കാനുള്ള ചരടുവലികള്‍ ആസൂത്രണം ചെയ്യാനാണ് യോഗം ചേര്‍ന്നത്. യു.ഡി.എഫിലെ നേതൃമാറ്റത്തെക്കുറിച്ച് കെ.കരുണാകരന്റെ പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിലെ മറ്റുവിഭാഗങ്ങള്‍ ആന്റണിക്ക് പിന്നില്‍ അണിനിരക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമായത്. എ.ഐ.സി.സി ജോയിന്റ് സെക്രറി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി ഉപനേതാവ് ജി. കാര്‍ത്തികേയനും നേതൃത്വം കൊടുക്കുന്ന മൂന്നാം ഗ്രൂപ്പ് ശക്തമായി തന്നെ ആന്റണിക്ക് പിന്നില്‍ അണി നിരന്നു.
കെ.മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനോട് കരുണാകര ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. കരുണകരന് അനുകൂലമായി കെ.പി.സി.സി ജനറല്‍ സെക്രറിമാരടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ രംഗത്തിറങ്ങാത്തതും ഇതുകൊണ്ടാണ്. ഇവരില്‍ പലരും ഇന്നത്തെ യോഗത്തില്‍ വന്നെങ്കിലും നിശബ്ദത പാലിക്കുകയായിരുന്നു.
മൂന്നാം ഗ്രൂപ്പിന്റെ ശക്തനായ വക്താവ് കെ.സി. വേണുഗോപാലിനെ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റാനുള്ള തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്തു. അതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്ന രാജ്യരക്ഷാറാലിയില്‍ നിന്ന് വിട്ടുനില്‍ക്കാനും റാലിയെ പരാജയപ്പെടുത്താനും സമാന്തരമായി തൃശൂരില്‍ സംഘടിപ്പിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് കരുണാകര വിഭാഗത്തിന്റെ റാലി വിജയിപ്പിക്കാനുമുള്ള നടപടികളുമായി മുന്നോട്ട് പോകാനും ഗ്രൂപ്പ് യോഗം തീരുമാനിച്ചു.