രാജേഷ് പൈലറ്റ് വാഹനാപകടത്തില്‍ മരിച്ചു
ജയ്പൂര്‍: കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റ് വാഹനാപകടത്തില്‍ മരിച്ചു. ജയ്പൂരില്‍ നിന്നും 90 കിലോ മീറ്റര്‍ അകലെയുള്ള ദോസയില്‍വെച്ചാണ് അപകടമുണ്ടായത്.
ഞായറാഴ്ച്ച വൈകുന്നേരം 4.45ന് രാജേഷ് പൈലറ്റ് സഞ്ചരിച്ചിരുന്ന ജീപ്പ് രാജസ്ഥാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ജയ്പ്പൂരിലെ സവായി മാന്‍സിങ് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ ഹൃദയമിടിപ്പ് നിലച്ചിരുന്നെന്നും തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
രാജേഷ് പൈലറ്റിന് 55 വയസായിരുന്നു.
പൈലറ്റിനൊപ്പം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു ഗണ്‍മാനും വാഹനത്തിലുണ്ടായിരുന്നു. ഗണ്‍മാന്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബോധാവസ്ഥയിലാണ്.
മരണവിവരമറിഞ്ഞ് സോണിയാഗാന്ധിയും മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പൈലറ്റിന്റെ വീട്ടിലെത്തി. പൈലറ്റിന്റെ മരണം പാര്‍ട്ടിക്ക് വന്‍നഷ്ടമാണെന്ന് പ്രണാബ് മുക്കര്‍ജിയും മന്‍മോഹന്‍സിങും പറഞ്ഞു.
1979ല്‍ പൈലറ്റ് സ്ഥാനം രാജിവെച്ചതിനു ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ദോഹയെ ആറ് തവണ ലോക്സഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 80ലാണ് ആദ്യമായി ഭരത്പൂരില്‍ നിന്നാണ് ലോക്സഭയിലെത്തുന്നത്. രാജീവ്ഗാന്ധിയുടെ മന്ത്രിസഭയില്‍ ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രിയായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. ഭാര്യ രമ രാജസ്ഥാന്‍ നിയമസഭയില്‍ അംഗമാണ്.