വിമാനറാഞ്ചല്‍: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
ദില്ലി: കഴിഞ്ഞ ഡിസംബറില്‍ കാഠ്മണ്ഡുവില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടികൊണ്ടുപോയ സംഭവത്തെ കുറിച്ച് അന്വേഷിച്ച സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
എട്ടുപാക്കിസ്ഥാനികള്‍ക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെയാണ് കുറ്റപത്രം. പാക്കിസ്ഥാനികളെ അറസ്റ്റ് ചെയ്യാനായി ഇന്റര്‍പോളിനോട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ സി.ബി.ഐ അപേക്ഷിച്ചിട്ടുണ്ട്.
പട്ട്യാല കോടതിയിലെ സെഷന്‍സ് ജഡ്ജി ജെ.എസ്.ചാവ്ലക്കാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റവാളികളെ കൈമാറാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനോടും സി.ബി.ഐ അഭ്യര്‍ഥിച്ചിട്ടുണ്ട്.
റാഞ്ചികളായ ഇബ്രാഹി അത്തര്‍, ബര്‍ഗര്‍ എന്ന അഹ്മദ് ക്വാസി, ഡോക്ടര്‍ എന്ന ഷാഹിദ് സയിദ് അക്തര്‍, ബോല എന്ന സഹൂര്‍ ഇബ്രാഹിം മിസ്ട്രി, ആര്‍.ജി.വര്‍മ എന്ന ഷക്കീര്‍ അബ്ദുള്‍ എന്നിവരും അബ്ദുള്‍ റൗഫ്, യൂസഫ് അസ്ഹര്‍ എന്നിവരുമാണ് പാക്കിസ്ഥാനികളായ പ്രതികള്‍.
റാഞ്ചികളുടെ ആവശ്യപ്രകാരം വിട്ടയച്ച ഭീകരരിലൊരാളായ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുള്‍ റൗഫ്. യൂസഫ് അസ്ഹര്‍ മൗലാന മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരനുമാണ്.
ജനുവരി 11 നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. 350 സാക്ഷികളെ വിസ്തരിച്ച അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട 300 രേഖകള്‍ കണ്ടെടുത്തു.












Click it and Unblock the Notifications