ഹര്‍ത്താല്‍: സി.പി.എമ്മിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ദില്ലി: ബന്ദും നിര്‍ബന്ധിത ഹര്‍ത്താലും ഭരണഘടനാവിരുദ്ധമാണെന്ന കേരളഹൈക്കോടതി ഉത്തരവു ലംഘിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സി.പി.എമ്മിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ഹര്‍ത്താല്‍ സംബന്ധിച്ച കേസില്‍ കോടതിയില്‍ കക്ഷിചേര്‍ന്ന കോണ്‍ഗ്രസിനും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടര്‍ ജനറലിനും ഇതോടൊപ്പം നോട്ടീസ് അയച്ചിട്ടുണ്ട്.
ബന്ദും ഹര്‍ത്താലും ഭരണഘടനാവിരുദ്ധമാണെന്ന കേരള ഹൈക്കോടതിവിധി നേരത്തെ സുപ്രീം കോടതി ശരിവെച്ചിരുന്നു. പിന്നീട് നിര്‍ബന്ധിത ഹര്‍ത്താല്‍ ഭരണഘടനാവിരുദ്ധമാണെന്നും കേരളഹൈക്കോടതി ഉത്തരവിട്ടു. ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ കക്ഷി ജനപ്രാതിനിധ്യനിയമപ്രകാരം ഭരണഘടനാലംഘനം നടത്തിയതായി പരാതി ലഭിച്ചാല്‍ വാദം കേട്ട ശേഷം ആ കക്ഷിയുടെ അംഗീകാരം റദ്ദാക്കാമെന്ന് ഹൈക്കോടതി ഉത്തരവുകളില്‍ കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിന് നോട്ടീസ് അയച്ചത്.
കൊച്ചിയിലെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഇന്‍സ്റിറ്റ്യൂട്ടിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സെപ്തംബര്‍ ആറിന് 11 മണിക്ക് തെളിവെടുപ്പിനായി കമ്മീഷനുമുമ്പില്‍ ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ബന്ദ് നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവിനു ശേഷം 1998 സെപ്തംബര്‍ 25-ന് ഹര്‍ത്താല്‍ നടത്തിയ സി.പി.എമ്മിന്റെ അംഗീകാരം റദ്ദാക്കണമെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ എം.എസ്. ഗില്ലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ സമ്പൂര്‍ണ്ണയോഗമാണ് നോട്ടീസ് അയക്കാനുള്ള തീരുമാനമെടുത്തത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയകക്ഷിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുന്നത് ഇതാദ്യമായാണ്.












Click it and Unblock the Notifications