കശ്മീര്‍ കൂട്ടക്കൊലക്കെതിരെ ആഗോള പ്രതിഷേധമുയരുന്നു
ദില്ലി: കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയെ ലോക നേതാക്കളും സന്നദ്ധ സംഘടനകളും അപലപിച്ചു. കശ്മീരില്‍ സമാധാന ചര്‍ച്ചകള്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ ആരംഭിക്കാനും അവര്‍ ഇന്ത്യയോടും പാകിസ്ഥാനോടും അഭ്യര്‍ത്ഥിച്ചു.
കശ്മീരില്‍ നടന്ന കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. വിഘടനവാദം മൂലം കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 30,000-ത്തിലധികം പേര്‍ മരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗസ്ത് രണ്ട് ബുധനാഴ്ച പ്രധാനമന്ത്രി വാജ് പേയിയെ ടെലഫോണില്‍ വിളിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ കൂട്ടക്കൊലയിലുള്ള പ്രതിഷേധവും അനുശോചനവും അറിയിച്ചു. പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പാകിസ്ഥാന്‍ ഭരണാധികാരികളുമായി താന്‍ സംഭാഷണം നടത്താമെന്നും ക്ലിന്‍റണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
തീവ്രവാദികളിലുള്ള സ്വാധീനം ഉപയോഗിച്ച് തീവ്രവാദികളോട് സമാധാനം അഭ്യര്‍ത്ഥിക്കാന്‍ പാകിസ്ഥാനെ പ്രേരിപ്പിക്കുമെന്ന് അമേരിക്കന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് പി.ജെ. ക്രൗളി വാഷിംഗ്ടണില്‍ പറഞ്ഞു. എന്നാല്‍ കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള സാധ്യത അദ്ദേഹം തള്ളി.
ആംനസ്റി ഇന്റര്‍നാഷണലും കൂട്ടക്കൊലകളെ അപലപിച്ചു. ജനങ്ങള്‍ക്കെതിരെ ഇനിയും ആക്രമണമുണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാനും സംഭവത്തെക്കുറിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താനും സംഘടന ജമ്മു-കശ്മീര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യകാരുണ്യനിയമം അംഗീകരിക്കാന്‍ തീവ്രവാദികളോടും സംഘടന ആവശ്യപ്പെട്ടു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഒരു മാസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാന സംഭാഷണങ്ങള്‍ക്കായി മുന്നോട്ടു വന്നതാണ് കശ്മീര്‍ കൂട്ടക്കൊലക്ക് പിന്നിലുള്ള വികാരമെന്ന് കരുതുന്നു. ആഗസ്ത് ഒന്നിന് ചൊവാഴ്ച വൈകുന്നേരം തുടങ്ങിയ കൂട്ടക്കൊലകളില്‍ 100-ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മിക്കവരും ഹിന്ദുക്കളാണ്. അമര്‍നാഥ് തീര്‍ത്ഥാടകര്‍, തൊഴിലാളികള്‍, ഗ്രാമീണര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും.