കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി വിമാനത്താവളത്തില്‍ കാര്‍ഗോ പൂര്‍ണതോതിലാക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അടുത്ത മാസം മുതല്‍ പൂര്‍ണതോതില്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അറിയിച്ചു.

പ്രതിദിനം 150 ടണ്‍ ചരക്ക് നെടുമ്പാശേരിയിലെ കാര്‍ഗോ കോംപ്ലക്സില്‍ കൈകാര്യം ചെയ്യും. കേരളത്തിലെയും തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെയും കയറ്റുമതിക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ചരക്കുകള്‍ വിദേശത്തേക്കയക്കാന്‍ കാര്‍ഗോ കോംപ്ലക്സ് സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫൈന്‍ ആര്‍ട്സ് കോളജില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനിയുടെ അസാധാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിലെ ഏറ്റവും വലിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് താമസിയാതെ വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യാന്തര കമ്പനിയായ അല്‍ഫ റീട്ടെയ്ലിനാണ് ഇതിന്റെ ചുമതല. വിമാനത്താവളത്തിന്റെ സാമ്പത്തിക പുന:സംഘടനയും ചരക്ക് ഗതാഗതം, ഭൂമിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വില്പന എന്നിവയും പൂര്‍ത്തിയാകുന്നതോടെ ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് വിരാമമാകും. വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനകമ്പനികള്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള കേന്ദ്രാനുമതി താമസിയാതെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാസംതോറും ശരാശരി ഒരു കോടിയോളം പ്രവര്‍ത്തനലാഭം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വിമാനത്താവളം കൈവരിച്ചു. എങ്കിലും കടമെടുത്തിട്ടുള്ള തുകയും പലിശയും മറ്റും മൂലം ഈ ലാഭം വിമാനത്താവളത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ വിമാനത്താവളത്തിന് സാമ്പത്തികഭദ്രത കൈവരുത്തിയേക്കും.

കമ്പനിയുടെ അംഗീകൃത മൂലധനം 200 കോടിയായി ഉയര്‍ത്തും. കൂടുതലായി സമാഹരിക്കുന്ന മൂലധനം ഉയര്‍ന്ന പലിശനിരക്കില്‍ കമ്പനി ഏറ്റെടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടക്കാന്‍ സഹായകമാകും. സാമ്പത്തിക പുന:സംഘടന ഫലപ്രദമായി പൂര്‍ത്തീകരിക്കാനായാല്‍ ചുരുങ്ങിയ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X