മുങ്ങിക്കപ്പല്‍ അപകടം: നോര്‍വീജിയന്‍ വിദഗ്ദ്ധരെത്തി
മോസ്കോ: ബേരന്റ്സ് കടല്‍ത്തട്ടില്‍ മുങ്ങിക്കിടക്കുന്ന റഷ്യന്‍ മുങ്ങിക്കപ്പലായ കുര്‍സ്കില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ നോര്‍വെയില്‍ നിന്ന് മുങ്ങല്‍ വിദഗ്ദ്ധരെത്തി. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് കപ്പലായ നോര്‍മന്‍ഡ് പയനിയറിനൊപ്പം ഇവരും ചേര്‍ന്നു.
രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് റഷ്യ, ബ്രിട്ടന്‍, നോര്‍വെ എന്നീ രാജ്യങ്ങളിലെ വിദഗ്ദ്ധര്‍ ചര്‍ച്ചയാരംഭിച്ചിട്ടുണ്ട്. അതേസമയം കുര്‍ക്സിലെ 118 നാവികരും ഇതിനകം മരണപ്പെട്ടിരിക്കാമെന്ന് റഷ്യന്‍ അധികൃതര്‍ പറയുന്നു.
മുങ്ങിക്കപ്പലുകളുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ ദുരന്തമാണിതെന്ന് റഷ്യന്‍ നാവികസേനയുടെ വടക്കന്‍ മേഖലാ കമാന്‍ഡര്‍ മിഖായെല്‍ മോട്സാക് പറഞ്ഞു. ആന്റി ക്ലാസ് മാതൃകയിലുള്ള വാഹനം നേരിടുന്ന ആദ്യ ദുരന്തമാണിത്. മറ്റൊരു മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ചതോ രണ്ടാം ലോകമഹായുദ്ധകാലത്തെ മൈനില്‍ തട്ടിയോ ആകാം കുര്‍സ്ക് അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞയാഴ്ചയാണ് കുര്‍സ്ക് അപകടത്തില്‍പെട്ടത് .