കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് തീവ്രവാദികള്‍ ജാമ്യമെടുക്കാന്‍ മടിക്കുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: കന്നഡ സിനിമാ താരം രാജ്കുമാറിനെയും മറ്റു മൂന്നു പേരെയും മോചിപ്പിക്കുന്നതിനു പകരം വീരപ്പന്‍ ജയിലില്‍ നിന്നു വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന അഞ്ച് തമിഴ് തീവ്രവാദികള്‍ക്ക് ജയിലില്‍ നിന്നു പുറത്തു കടക്കാന്‍ പേടിയാണെന്ന് സംശയം.

വീരപ്പന്റെ ആവശ്യ പ്രകാരം ഈ അഞ്ചു തീവ്രവാദികളെയും വിട്ടയയ്ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ജയിലിനു പുറത്തിറങ്ങാന്‍ തീവ്രവാദികള്‍ വിസമ്മതിക്കുകയാണെന്നറിയുന്നു. തമിഴ് നാഷണല്‍ റിട്രീവല്‍ ട്രൂപ്സിലെ മുത്തുകുമാര്‍, മണികണ്ഠന്‍, തമിഴ് നാഷണല്‍ ലിബറേഷന്‍ ആര്‍മിയിലെ പൊന്നിളവന്‍, സത്യമൂര്‍ത്തി, റേഡിയോ വെങ്കിടേശന്‍ എന്നിവരാണ് ജാമ്യം എടുക്കാന്‍ വിസമ്മതിച്ചു കൊണ്ട് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി നല്‍കിയിരിക്കുന്നത്.

ഇവരില്‍ റേഡിയോ വെങ്കിടേശന്റെ മോചനത്തിന് വേണ്ടിയിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ അനുമതി പ്രത്യേകശ്രമത്തിലൂടെ തമിഴ് നാട് സര്‍ക്കാര്‍ ഞായറാഴ്ച നേടിയെടുത്തു. അഞ്ചു പേര്‍ക്കും ജാമ്യം അനുവദിച്ച് വീരപ്പന്റെ അടുത്തെത്തിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഈ ശ്രമങ്ങളെയെല്ലാം പാഴാക്കുന്ന നിലപാടാണ് തങ്ങളുടെ മോചനക്കാര്യത്തില്‍ തീവ്രവാദികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇവരുടെ മോചനം നീളുന്നതുകൊണ്ടാണ് രാജ്കുമാറിന്റെയും മറ്റും മോചനം നീളുന്നതെന്ന് കരുതുന്നു.

ജയിലിനു പുറത്തിറങ്ങിയാല്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാവുമെന്ന ഭയത്തിലാണ് ഈ തീവ്രവാദികള്‍. തമിഴ്നാട് സര്‍ക്കാര്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടില്ല. പകരം തീവ്രവാദികളുടെ അഭിഭാഷകന്‍ പുതുക്കോട്ട പ്രത്യേക സെഷന്‍സ് ജഡ്ജി മുമ്പാകെ നല്‍കിയ സത്യവാങ് മൂലത്തില്‍ തങ്ങള്‍ക്ക് ജാമ്യത്തില്‍ പോകാന്‍ താത്പര്യമില്ലെന്നറിയിക്കുകയായിരുന്നു. തങ്ങള്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

രാജ്കുമാര്‍ മോചിതനായാലുടന്‍ തങ്ങള്‍ക്കു നേരെ പ്രതികാരമുണ്ടാവുമെന്ന് തീവ്രവാദികള്‍ കണക്കുകൂട്ടുന്നു. മാത്രമല്ല , എങ്ങനെയും രാജ്കുമാറിനെ രക്ഷപ്പെടുത്തിയതിനു ശേഷം തമിഴ്നാട് , കര്‍ണാടക പോലീസ് വീരപ്പന്റെ കാട്ടിലെ താവളം ആക്രമിക്കാനുള്ള പദ്ധതിയിടുന്നതായും തീവ്രവാദികള്‍ സംശയിക്കുന്നുണ്ട്.

വീരപ്പനൊപ്പം കാട്ടിലുള്ള മറ്റു തീവ്രവാദികള്‍ തങ്ങളുടെ മുഖം മറച്ചാണ് ഗോപാലുമായുള്ള ചര്‍ച്ചകളില്‍ പോലും പങ്കെടുത്തിട്ടുള്ളത്. അതിനാല്‍ പുറത്തിങ്ങിയാല്‍ തന്നെ തങ്ങള്‍ വീണ്ടും ജയിലിലാകില്ല എന്നതിന് തീവ്രവാദികള്‍ക്ക് ഉറപ്പൊന്നുമില്ല.

ജാമ്യമെടുക്കുന്നതിന് കോടതിയില്‍ പണം കെട്ടിവയ്ക്കണമെന്നതും പ്രശ്നം സൃഷടിക്കുന്നു. ജാമ്യം എടുക്കണമെങ്കില്‍ 50000 കെട്ടി വയ്ക്കണം. ഈ പണം എവിടെ നിന്നുണ്ടാക്കും എന്നതാണ് പ്രശ്നം.

അതിനിടെ രാജ്കുമാറിനെ വിട്ടയയ്ക്കാന്‍ വീരപ്പന്‍ സമ്മതം മൂളിയാലുടന്‍ ഈ അഞ്ച് തീവ്രവാദികളെയും വീരപ്പന്റെ മുന്നിലെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. ഇതിനായി നക്കീരന്‍ വാരികയുടെ അസിസ്റ്റന്റ് എഡിറ്റര്‍ കാമരാജ് തയ്യാറായി നില്‍ക്കുകയാണ്.

ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായിരിക്കുന്ന ഈ അഞ്ച് തീവ്രവാദികളെയും ടാഡാ നിയമപ്രകാരം കര്‍ണാടകയില്‍ തടവില്‍ കഴിയുന്ന വീരപ്പന്റെ 51 കൂട്ടാളികളെയും സുരക്ഷിതരായി കാട്ടിലെത്തിച്ചാല്‍ മാത്രമേ ബന്ദികളെ വിട്ടയയ്ക്കൂവെന്നാണ് വീരപ്പന്റെ നിലപാട്.

മൈസൂര്‍ ജയിലില്‍ കഴിയുന്ന ടാഡാ തടവുകാരെവിട്ടയയ്ക്കാന്‍ ടാഡാ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ആഗസ്റ്റ് 19 ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ഇവരെ തിങ്കളാഴ്ച ജയിലില്‍ നിന്നു പുറത്തുവിട്ടേയ്ക്കും.

എന്നാല്‍ പുതുക്കോട്ട ജയിലില്‍ കഴിയുന്ന തീവ്രവാദികളുടെ പ്രശ്നം പരിഹരിക്കാതെ രാജ്കുമാറിന്‍െറ മോചനം യാഥാര്‍ത്ഥ്യമാവില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

പ്രത്യേകദൂതന്‍ ഗോപാ ല്‍ വീരപ്പനുമായി നേരിട്ടു നടത്തുന്ന ചര്‍ച്ചകളുടെ ഫലമറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കര്‍ണാടക , തമിഴ് നാട് സര്‍ക്കാരുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X