• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വീരപ്പനെ കാണാം: കമല സുരയ്യ

  • By Staff

കൊച്ചി: രാജ്കുമാറിന്റെ മോചന ദൗത്യവുമായി കാട്ടിലേക്ക് പോകാന്‍ തയ്യാറാണെന്ന് കമല സുരയ്യ പറഞ്ഞു. താന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ലോകസേവ പാര്‍ട്ടിയുടെ പ്രവര്‍ത്തനപരിപാടികള്‍ വിശദീകരിക്കാന്‍ ആഗസ്ത് 21 തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

നക്കീരന്‍ ഗോപാലിനൊന്നും രാജ്കുമാറിനെ മോചിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ഞാന്‍ ചെന്നാല്‍ വീരപ്പന്‍ സമ്മതിക്കും. വീല്‍ചെയറിലെ എനിക്കു പോകാന്‍ കഴിയൂ. കാട്ടിലേക്കു പോകാന്‍ തമിഴ്നാട് സര്‍ക്കാര്‍ അവസരമൊരുക്കിത്തന്നാല്‍ എല്ലാ പ്രശ്നങ്ങളും ഞാന്‍ പരിഹരിക്കാം- കമല സുരയ്യ പറഞ്ഞു.

വീരപ്പനെ കാട്ടില്‍ പോയി സന്ധിക്കാന്‍ ഒരു നക്കീരന്‍ ഗോപാലിനെ മാത്രം ആശ്രയിക്കുന്നത് അസംബന്ധമാണ്. വീരപ്പന്റെ അടുത്തേക്ക് സുസമ്മതനായ ആരെയെങ്കിലും നക്കീരനൊപ്പം പറഞ്ഞുവിട്ട് അയാളെ മാനസാന്തരപ്പെടുത്താന്‍ സര്‍ക്കാര്‍ വഴിയൊരുക്കണം. സാംസ്കാരികരംഗത്തുള്ളവര്‍, നിയമപണ്ഡിതര്‍, മതപുരോഹിതര്‍ എന്നിവരടങ്ങുന്ന സംഘത്തെ വീരപ്പനടുത്തേക്കയക്കണം. ഈ സംഘത്തെ നയിക്കാന്‍ താന്‍ തയ്യാറാണ്. ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ ഒരു കലാകാരനെ തോക്കിന്‍മുനയില്‍ നിര്‍ത്തി വിലപേശുന്ന വാര്‍ത്ത കാനഡയിലിരുന്നാണ് താനറിഞ്ഞതെന്നും സുരയ്യ പറഞ്ഞു.

വീരപ്പനെ കരുത്തനാക്കിയത് രാഷ്ട്രീയക്കാരാണ്. വീരപ്പന്‍ ഇടക്ക് കാടിറങ്ങിവന്ന് ആരെയെങ്കിലും ബന്ദിയാക്കുമ്പോള്‍ മാത്രം ഉണരുന്ന ഭരണകൂടം ഉപാധികള്‍ക്കു കീഴ്പ്പെട്ട് ബന്ദികളെ മോചിപ്പിച്ചു കഴിഞ്ഞാല്‍ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നെന്നു കരുതുന്നു. വീരപ്പന്‍ വീണ്ടും പ്രത്യക്ഷപ്പെടും, ബന്ദി നാടകം കളിക്കും. ഒന്നുകില്‍ ഉപാധികള്‍ അംഗീകരിച്ച് രാജ്കുമാറിനെ മോചിപ്പിച്ച ശേഷം വീരപ്പനോട് യുദ്ധം പ്രഖ്യാപിച്ച് കാടുകയറി കീഴടക്കുക. അല്ലെങ്കില്‍ അയാളെ മാപ്പുനല്കി കാടിറങ്ങാന്‍ അനുവദിക്കുക. കേന്ദ്രം ഇടപെട്ട് കേരള പൊലീസിനെയൊ ഏതെങ്കിലും സ്വകാര്യ ഏജന്‍സികളെയോ ഏല്പിച്ചാല്‍ ഒരു മാസത്തിനകം വീരപ്പന്‍ അഴികള്‍ക്കുള്ളിലാകുമെന്നും സുരയ്യ പറഞ്ഞു.

വീരപ്പന്റെ മകളെ സ്കൂളില്‍ നിന്നു പുറത്താക്കിയത് ശരിയായില്ല.ആ കുട്ടിയും അതിന്റെ അമ്മയും എന്തു പിഴച്ചു. കുട്ടിയെ പുറത്താക്കിയ സ്കൂളിനെതിരെ നടപടിയെടുക്കണം.

മുസ്ലിങ്ങള്‍ക്കിടയില്‍ നിന്ന് തനിക്കെതിരെ എതിര്‍പ്പു വന്നു തുടങ്ങിയതായി സുരയ്യ പറഞ്ഞു. സ്ത്രീകളോടുള്ള അവരുടെ പെരുമാറ്റത്തെ വിമര്‍ശിച്ചതാണ് കാരണം. ബുദ്ധിയുള്ള സ്ത്രീകളെ സ്നേഹിക്കാന്‍ പുരുഷന് കഴിയില്ല. അതിനാല്‍ സ്ത്രീകള്‍ വിലയില്ലാത്ത വിഡ്ഡികളായി നടിക്കുകയാണ്. ഇവിടെ ശരീരം സ്വാതന്ത്യ്രത്തിനു തടസ്സമായി മാറുന്നു. മൗലവിമാര്‍ വന്ന് പലയിടത്തും ചെല്ലണമെന്ന് ആജ്ഞാപിക്കാന്‍ തുടങ്ങി. സുഖമില്ലാത്തതിനാല്‍ വരാനാവില്ലെന്നു പറഞ്ഞപ്പോള്‍ വാക്കുകൊടുത്തുപോയി വന്നേ മതിയാകൂ എന്നായി അവര്‍. വാക്കുകൊടുക്കാന്‍ മുക്ത്യാര്‍നാമയൊന്നും തന്നിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ മൗലവിമാര്‍ ഞെട്ടിപ്പോയി. നിങ്ങള്‍ പറയുന്നത് കേട്ടുനടക്കാനല്ല നിങ്ങളെയൊക്കെ പാഠം പഠിപ്പിക്കാനാണ് ഇസ്ലാമില്‍ ചേര്‍ന്നതെന്ന് പറഞ്ഞതോടെ അവര്‍ പോയ വഴി കണ്ടില്ല.

ആദ്യം ഞാന്‍ അവര്‍ക്കൊരു ആരാധനാപാത്രമായിരുന്നു. വനിതാ ലീഗിന്റെ സമ്മേളനത്തിനൊക്കെ എന്നെ കൊണ്ടുപോയി. സംസാരിക്കുന്നത് കേട്ടപ്പോള്‍ അവര്‍ക്കു ദേഷ്യമായി. എനിക്കൊന്നും മറച്ചുവയ്ക്കാനില്ല, ഉച്ചത്തില്‍ വിളിച്ചു പറയുന്നതാണ് ശീലം. എനിക്കു സ്നേഹം മാത്രമേ തരാനുള്ളു. മനസ്സ് മരുഭൂമി പോലെയാണ്. അവിടെനിന്ന് മെക്കയിലെ സംസം വെള്ളം പോലെയാണ് സ്നേഹം പ്രവഹിക്കുന്നത്. പുസ്തകം വായിച്ചു പ്രസംഗിച്ചല്ല മനുഷ്യരെ ഉദ്ധരിക്കേണ്ടത്. മനുഷ്യന്‍ അനുഭവിച്ച യാതനകളും സുഖങ്ങളുമാണ് മനുഷ്യചരിത്രം.

കാനഡയില്‍ പോയപ്പോള്‍ 12 കവിതകളെഴുതിയെന്ന് സുരയ്യ പറഞ്ഞു. എല്ലാം അവിടെത്തന്നെ പ്രസിദ്ധീകരിക്കും. കേരളത്തിനു പറ്റിയ കവിതകളല്ല അവ. അതിനാല്‍ രാജ്യത്തിനു പുറത്തുപോയാണ് ഇനി കവിതയെഴുതുക. കാനഡയില്‍വെച്ച് നചിത്രങ്ങളും വരച്ചു. കവയിത്രിയാകണോ മുസ്ലിമാകണോ എന്നു ചോദിച്ചാല്‍ മുസ്ലിമാകാനാണിഷ്ടമെന്ന് സുരയ്യ പറഞ്ഞു.

സംസ്കാരത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അഭ്യാസമൊക്കെ നിര്‍ത്തണം. അതിനുള്ളപണം വിലകുറച്ച് അരി നല്‍കാന്‍ ഉപയോഗിക്കട്ടെ. സാംസ്കാരിക വകുപ്പിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്ക്കണം.

ആശുപത്രിയില്‍ കിടന്നല്ല സിംഹിയായിട്ടായിരിക്കും താന്‍ മരിക്കുക. കുറെയേറെ ഭീഷണികളുണ്ട്. സംരക്ഷിക്കാന്‍ ആദ്യം കുറച്ച് കമാന്‍ഡോകളുണ്ടായിരുന്നു. അവര്‍ പോയപ്പോള്‍ പൊലീസാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്. കുറച്ചു കഴിഞ്ഞ് ജീവിതം ബോറടിക്കുമ്പോള്‍ മരിക്കണം. മട്ടാഞ്ചേരിയില്‍ ഒരു കൊലപാതകിയെ കണ്ടുവെച്ചിട്ടുണ്ടെന്നും 30,000 രൂപ കൊടുത്താല്‍ അയാള്‍ തന്നെ കൊന്നുതരുമെന്നും സുരയ്യ പറഞ്ഞു.

അടുത്തമാസം ലോകസേവ പാര്‍ട്ടിയുടെ രജിസ്ട്രേഷനും കണ്‍വെന്‍ഷനും നടത്തുമെന്ന് പാര്‍ട്ടി അധ്യക്ഷയായ കമല സുരയ്യ പറഞ്ഞു. ഉയിര്‍ത്തെഴുന്നേല്‍ക്കുക, സത്യം തിരിച്ചറിയുക എന്ന മുദ്രാവാക്യവുമായി നവംബറില്‍ സംസ്ഥാനതല വാഹനപ്രചരണജാഥയും നടത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെന്നും അര്‍പ്പണ മനോഭാവമുള്ള സത്യസന്ധരായ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്നും സുരയ്യ അറിയിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more