ഇമിഗ്രന്റ്സ് ഓഫീസില്‍ സി.ബി.ഐ റെയ്ഡ്
കൊച്ചി: പ്രൊട്ടക്റ്റര്‍ ഒഫ് ഇമിഗ്രന്റ്സ് ഓഫീസില്‍ സി.ബി.ഐനടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കുടുങ്ങി. ഇമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വന്‍തോതില്‍ കോഴ വാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു സപ്തംബര്‍ 15 വെള്ളിയാഴ്ച റെയ്ഡ് നടത്തിയത് .
അനധികൃതമായി സൂക്ഷിച്ചിരുന്ന 16,000 രൂപ സി.ബി.ഐ കണ്ടെടുത്തു. എറണാകുളം രവിപുരത്ത് മെഴ്സി എസ്റേറ്റിലെ ഇമിഗ്രേഷന്‍ ഓഫീസില്‍ രാവിലെ ആരംഭിച്ച റെയ്ഡ് വൈകുന്നേരമാണ് അവസാനിച്ചത്.
പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റ്സ് വി.കെ. രാജന്‍, അസിസ്റന്റുമാരായ പോള്‍ ചിറക്കല്‍, ഗീത മേനോന്‍, ബിന്ദു ഹരിദാസ് എന്നിവരെ ഓഫീസില്‍ നിന്നും പുറത്തുപോകാന്‍ അനുവദിക്കാതെയായിരുന്നു റെയ്ഡ്. അസിസ്റന്റുമാരില്‍ നിന്നാണ് പണം കണ്ടെടുത്തത്.
വിദേശത്ത് പോകാന്‍ ഇമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരുടെ കൈയില്‍ നിന്നും വന്‍തോതില്‍ കോഴ വാങ്ങുന്നതായി സിബിഐയ്ക്ക് പരാതി ലഭിച്ചിരുന്നു. ട്രാവല്‍ ഏജന്‍സി വഴി അപേക്ഷിക്കുന്നവര്‍ക്ക് ഏജന്‍സി മുഖേനയും നേരിട്ട് അപേക്ഷ നല്‍കുന്നവരില്‍ നിന്ന് നേരിട്ടുമാണ് കോഴ വാങ്ങിയിരുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ പലരില്‍ നിന്നായി ഒരു ലക്ഷം രൂപ കോഴ വാങ്ങിയിരുന്നതായി സി.ബി.ഐ അധികൃതര്‍ പറഞ്ഞു.
പോള്‍ ചിറക്കലില്‍ നിന്നും 9,000 രൂപയും ബിന്ദു ഹരിദാസില്‍ നിന്നും 4,000 രൂപയും ഗീത മേനോനില്‍ നിന്നും 3,000 രൂപയും ആണ് സി.ബി.ഐ കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരുന്നു. പോളിന്റെ ചാലക്കുടിയിലും ഗീതയുടെ കടവന്ത്രയിലും ബിന്ദുവിന്റെ ഏരൂരിലുമുള്ള വസതികളിലും റെയ്ഡ് നടത്തി. ഡി.വൈ.എസ്.പി എം.കെ. കുമാരന്‍ നേതൃത്വം നല്‍കി.
![]() |