കൊച്ചി കോര്‍പ്പറേഷനില്‍ അനിശ്ചിതത്വം തുടരുന്നു
കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം ആര്‍ക്ക് ലഭിക്കുമെന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ ബിജെപിയുടെ പിന്തുണ തേടില്ലെന്ന പ്രതിപക്ഷനേതാവ് എ.കെ. ആന്റണിയുടെ പ്രസ്താവന പ്രാവര്‍ത്തികമാകുന്ന പക്ഷം ഇടതുമുന്നണി തന്നെ വീണ്ടും കൊച്ചി നഗരം ഭരിക്കാനാണ് സാധ്യത. ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ചയാണ് മേയര്‍ തിരഞ്ഞെടുപ്പ്.
66 അംഗ കൗണ്‍സിലിലില്‍ എല്‍ഡിഎഫിന് 33 സീറ്റാണുള്ളത്. യുഡിഎഫ് 31 സീറ്റുകള്‍ നേടിയപ്പോള്‍ ബാക്കി രണ്ടംഗങ്ങള്‍ ബിജെപിയുടേതാണ്. മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസിനെ പിന്തുണച്ചില്ലെങ്കില്‍ ഇടതുമുന്നണി ഭരണം നേടും. ബിജെപി കോണ്‍ഗ്രസിനെ പിന്തുണക്കുകയാണെങ്കില്‍ ഇരുപക്ഷത്തിനും 33 വോട്ടു വീതമാകും. പിന്നീട് നറുക്കെടുപ്പായിരിക്കും മേയറെ നിശ്ചയിക്കുന്നത്.
നഗരഭരണം ഇനിയൊരിക്കല്‍ക്കൂടി ഇടതുപക്ഷത്തിന് പോകരുതെന്ന് ആഗ്രഹിക്കുന്ന ബിജെപി യുഡിഎഫിനെ പിന്തുണക്കാന്‍ തയ്യാറാണ്. പക്ഷെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് ഇതില്‍ പ്രധാനം. ഇടതുമുന്നണിയെ പുറത്തിരുത്തണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാമെന്ന് ഡിസിസി പ്രസിഡണ്ട് പ്രൊഫ. കെ.വി. തോമസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രസ്താവനയോട് ബിജെപി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ നാല് അംഗങ്ങളുള്ള മുസ്ലിംലീഗിനെ ചുറ്റിപ്പറ്റിയും രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ അരങ്ങേറുന്നുണ്ട്. എതിര്‍ പാളയങ്ങളില്‍ ആടി നില്‍ക്കുന്നവരെ സ്വന്തമാക്കാനും തിരക്കിട്ട കരുനീക്കള്‍ നടക്കുന്നു.
മുസ്ലിംലീഗ് ബന്ധത്തെ ശക്തമായെതിര്‍ക്കുന്ന വി.എസ്. അച്യുതാനന്ദന്‍ പക്ഷത്തിനാണ് സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയില്‍ മുന്‍തൂക്കം. ജില്ലാ സെക്രട്ടറി എ.പി. വര്‍ക്കിയും അച്യുതാനന്ദനോട് ഏറെ അടുപ്പമുള്ളയാളാണ്. വി.എസ്. പക്ഷത്തിന്റെ വക്താവാണ് ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവും മന്ത്രിയുമായ എസ്. ശര്‍മ്മ. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മേയര്‍ സ്ഥാനാര്‍ത്ഥിയുമായ ദിനേശ് മണിയും ഇക്കൂട്ടത്തില്‍ പെടുന്നു.
മുസ്ലിംലീഗ് യുഡിഎഫിനൊപ്പം തന്നെയാണെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുള്ള ഹാജി അഹമ്മദ് സേഠ് വ്യക്തമാക്കി. കടുത്ത സിപിഎം വിരുദ്ധ നിലപാടാണ് എറണാകുളം ജില്ലയിലെ ലീഗ് നേതൃത്വത്തിനുള്ളതെന്നതും ഈ ഘട്ടത്തില്‍ ശ്രദ്ധേയമാകുന്നു.