കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിസാതട്ടിപ്പ്സംഘത്തെ അറസ്റ് ചെയ്തു

  • By Staff
Google Oneindia Malayalam News

കൊച്ചി: വ്യാജവിസ കാട്ടി സൗദി അറേബ്യയിലെ റിയാദില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ച അറബിവേഷം കെട്ടിയ ദില്ലിക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. ഒരാള്‍ രക്ഷപ്പെട്ടു.

ഉത്തര്‍പ്രദേശ് സ്വദേശികളായ ഭാസ്കര്‍ ഷെട്ടി (54), നാരായണ്‍ തിവാരി (34), ദില്ലി സ്വദേശി മുഹമ്മദ് ഷമീര്‍ (27), കണ്ണൂര്‍ സ്വദേശി ദുര്‍ഗാനന്ദ് (40) എന്നിവരാണ് പിടിയിലായത്. സംഘാംഗമായ ബദര്‍ഖാന്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

ആലുവയിലെ ഒരു ട്രാവല്‍ ഏജന്റിനെ തെറ്റിദ്ധരിപ്പിച്ച് റിക്രൂട്ട്മെന്റിനിറങ്ങിയ സംഘത്തെ ഏജന്റ് തന്നെയാണ് പിടികൂടി പൊലീസിലേല്പിച്ചത്. റിയാദില്‍ വെല്‍ഡര്‍, ഫാബ്രിക്കേറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു അറബിയും സംഘവും തട്ടിപ്പിന് ശ്രമിച്ചത്. ആലുവയിലെ അരവിന്ദ് ട്രാവല്‍സ് ഉടമ അഹമ്മദിനെ തെറ്റിദ്ധരിപ്പിച്ച് വ്യാജവിസയില്‍ റിക്രൂട്ട്മെന്റ് നടത്തി പണവുമായി മുങ്ങാനുള്ള നീക്കമാണ് അഹമ്മദിന്റെ സമയോചിതമായ ഇടപെടലില്‍ പൊളിഞ്ഞത്.

അഹമ്മദിന്റെ മുംബൈയിലുള്ള സുഹൃത്താണ് റിക്രൂട്ട്മെന്റിനായി അറബിയും സംഘവും എത്തുന്നുണ്ടെന്നും വേണ്ട സഹായം ചെയ്തുകൊടുക്കണമെന്നും ആലുവയില്‍ വിളിച്ചറിയിച്ചത്. റിക്രൂട്ട്മെന്റ് സംബന്ധിച്ച ചില രേഖകളും മുംബൈയില്‍ നിന്ന് അയച്ചുകൊടുത്തിരുന്നു. രേഖകള്‍ തൃപ്തികരമാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് റിക്രൂട്ട്മെന്റിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യാമെന്ന് അഹമ്മദ് സമ്മതിച്ചു.

വ്യാഴാഴ്ച മുംബൈയില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അറബിയെയും സംഘത്തെയും അഹമ്മദ് തന്നെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് ആലുവയിലെ പെരിയാര്‍ ഹോട്ടലില്‍ താമസസൗകര്യം ഒരുക്കുകയും ചെയ്തു. വെല്‍ഡര്‍, ഫാബ്രിക്കേറ്റര്‍ തസ്തികകളില്‍ മുംബൈയില്‍ ഉദ്യോഗാര്‍ഥികളെ ലഭിക്കാന്‍ ബുദ്ധിമുട്ടില്ലെന്നിരിക്കെ റിക്രൂട്ട്മെന്റിനായി സംഘം ഇവിടെയെത്തിയതില്‍ നേരിയ സംശയം തോന്നിയിരുന്നതായി അഹമ്മദ് പറഞ്ഞു.

അബ്ദുള്‍ ഹംദാന്‍ എന്നാണ് അറബി പരിചയപ്പെടുത്തിയത്. അഹമ്മദ് ആവശ്യപ്പെട്ടതനുസരിച്ച് വിസ കാണിച്ചുകൊടുത്തു. വിസയുടെ പകര്‍പ്പെടുത്ത് അഹമ്മദ് സൗദി കോണ്‍സുലേറ്റിലേക്ക് ഫാക്സ് ചെയ്ത് യഥാര്‍ഥവിവരം ആരാഞ്ഞു. വിസ വ്യാജമാണെന്നും ഇത് കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിര നടപടി എടുക്കണമെന്നുമായിരുന്നു കോണ്‍സുലേറ്റില്‍ നിന്നും കിട്ടിയ മറുപടി.

തട്ടിപ്പ് മനസിലായത് ഭാവിക്കാതെ അഹമ്മദ് അറബിയോട് റിയാദിലെ കമ്പനിയുടെ അനുമതിപത്രം ആവശ്യപ്പെട്ടു. പിറ്റേന്ന് നല്‍കാമെന്ന് അറബി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ബദര്‍ഖാന്‍ എന്നൊരാള്‍ അനുമതിപത്രവുമായി ഏജന്റിനെ സമീപിച്ചു. ഇതിനകം തട്ടിപ്പിനെ കുറിച്ച് ഏകദേശ ധാരണയായി കഴിഞ്ഞിരുന്ന അഹമ്മദും സുഹൃത്തുക്കളും ബദര്‍ഖാനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. തനിക്കൊന്നും അറിയില്ലെന്നും മുംബൈയിലെ ജി.ഡി.ഖാന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് ഖാനെയും കൂട്ടി പെരിയാര്‍ ഹോട്ടലിലെത്തിയ ഏജന്റും സംഘവും അറബിയെയും കൂട്ടരെയും ചോദ്യം ചെയ്തതോടെ തട്ടിപ്പ് പുറത്തായി. താന്‍ അറബിയല്ലെന്ന് അയാള്‍ സമ്മതിച്ചു.

അഞ്ചുപേരെയും ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ടശേഷം പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഹോട്ടല്‍മുറിയുടെ ജനലില്‍ തുണികെട്ടി അതില്‍ പിടിച്ചു കയറി ബദര്‍ഖാന്‍ രക്ഷപ്പെട്ടിരുന്നു.

റിക്രൂട്ട്മെന്റ് നടത്തിയതിനു ശേഷം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വ്യാജവിസ നല്‍കി 35,000 രൂപ വാങ്ങുകയാണ് സംഘത്തിന്റെ പതിവ്. കൊല്ലത്തും ചങ്ങനാശേരിയിലും സംഘം ഇതേ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X