കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍ 2001ല്‍ സംപ്രേഷണം തുടങ്ങും

  • By Staff
Google Oneindia Malayalam News

കൊച്ചി: ഇന്ത്യാവിഷന്‍ ചാനല്‍ അടുത്ത വര്‍ഷം ആദ്യപാദത്തില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് ഇന്ത്യാവിഷന്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ചെയര്‍മാന്‍ എം.കെ.മുനീര്‍ എംഎല്‍എ അറിയിച്ചു.

ചാനല്‍ സംരംഭത്തിന്റെ ആദ്യഘട്ടത്തില്‍ 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മുനീര്‍ പറഞ്ഞു. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 20 കോടി രൂപ വീതം ഇതിനു പുറമെ നിക്ഷേപിക്കും. ഒക്ടോബര്‍ 17 ചൊവാഴ്ച കൊച്ചിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെല്ലാ ഭാഗത്തും ഗള്‍ഫ് രാജ്യങ്ങളിലും ചാനല്‍ പരിപാടികള്‍ കാണാനാവും. യുഎസ്സിലും യൂറോപ്പിലും പരിപാടികള്‍ ലഭ്യമാവുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

മലയാളം ചാനല്‍ ആരംഭിച്ചതിനു ശേഷം കന്നട, തെലുങ്ക്, തമിഴ്, ഉറുദു എന്നീ ഭാഷകളില്‍ ചാനല്‍ തുടങ്ങും. കന്നട ചാനലുമായി ഗിരീഷ് കാസറവള്ളി, കവിത ലങ്കേഷ് തുടങ്ങിയ പ്രമുഖര്‍ സഹകരിക്കും. ഇന്ദു സാറ്റെലൈറ്റ് കമ്യൂണിക്കേഷന്‍സ് എ എന്ന പേരില്‍ കന്നട ചാനലിന് അനുവാദം ലഭിച്ചിട്ടുണ്ട്.

24 മണിക്കൂറും വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്യും. ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ ആരംഭിക്കുവാനും പദ്ധതിയുണ്ട്. കൂട്ടായ മുതല്‍മുടക്കിനും സംയുക്തസംരംഭങ്ങള്‍ക്കുമായി ആഗോളതലത്തില്‍ വന്‍കിട ടെലിവിഷന്‍ കമ്പനികളുമായി ചര്‍ച്ച നടന്നുവരുന്നതായി മുനീര്‍ വെളിപ്പെടുത്തി.

കമ്പനിയുടെ പ്രധാനഓഫീസ് കൊച്ചിയിലായിരിക്കും. കോഴിക്കോട്ടും ഒരു ഓഫീസുണ്ടാവും. കോഴിക്കോട്ടെ ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 20 വെള്ളിയാഴ്ച നടക്കും. ചടങ്ങില്‍ മോഹന്‍ലാല്‍ ഇന്ത്യാവിഷന്റെ ലോഗോ പ്രകാശനം ചെയ്യും. ശോഭനയുടെ നൃത്തപരിപാടിയുമുണ്ടായിരിക്കും.

ചാനലിന്റെ പ്രചാരണത്തിനായി ചെയര്‍മാനും ഡയറക്ടര്‍മാരുമടങ്ങുന്ന സംഘം യുഎഇ, ബഹറിന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തും. സൗദി അറേബ്യയില്‍ ഇതിനകം നടത്തികഴിഞ്ഞ പര്യടനം വന്‍വിജയമായിരുന്നുവെന്ന് മുനീര്‍ പറഞ്ഞു. അടുത്ത ഗള്‍ഫ് പര്യടനത്തിനു ശേഷം ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ പുതിയ അംഗങ്ങളെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചന നല്‍കി.

മൂല്യാധിഷ്ഠിത പരിപാടികളിലൂടെ ടെലിവിഷന്‍ മാധ്യമത്തിന് പുതിയ നിര്‍വചനം നല്‍കുകയാണ് ഇന്ത്യാവിഷന്റെ ലക്ഷ്യം. വിനോദവും വിജ്ഞാനവും സമ്മേളിക്കുന്ന ഇന്‍ഫോ ടെയിന്‍മെന്റിന് ചാനല്‍ പ്രാധാന്യം നല്‍കും. വാര്‍ത്തകള്‍ക്കും വാര്‍ത്താവിശകലനങ്ങള്‍ക്കുമായി 40 ശതമാനം സമയം നീക്കിവെക്കും. ഫീച്ചറുകള്‍, ഹിറ്റ് സിനിമകള്‍, പ്രമുഖ സംവിധായകരുടെ ടെലിഫിലിമുകള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.

സംപ്രേഷണരംഗത്ത് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ചാനലില്‍ പ്രയോജനപ്പെടുത്തും. തുടക്കം മുതല്‍ ഡിജിറ്റല്‍ സംപ്രേഷണവും ഉപഗ്രഹവുമായി ബന്ധിപ്പിച്ചുള്ള വാര്‍ത്താശേഖരണ സംവിധാനവും നടപ്പാക്കും. കാക്കനാട് മൂന്നര ഏക്കര്‍ സ്ഥലത്ത് രണ്ട് മാസത്തിനുള്ളില്‍ സ്റുഡിയോ സജ്ജമാക്കും.

എം.ടി.വാസുദേവന്‍ നായരാണ് ചാനലിന്റെ പ്രധാന പ്രോഗ്രാം കണ്‍സള്‍ട്ടന്റ്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രധാന വ്യവസായികളായ പി.വി.ഗംഗാധരന്‍ (കെടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍), കെ.സി.ബാബു (ബേബി മറൈന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍) എന്നിവര്‍ അംഗങ്ങളാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുനീര്‍ പറഞ്ഞു.

മലയാളത്തിലെ നാലാമത്തെ സ്വകാര്യചാനലാണ് ഇന്ത്യാവിഷന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X