കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ കപ്പ്: ഇന്ത്യ തോറ്റു

  • By Staff
Google Oneindia Malayalam News

ഷാര്‍ജ: ഏറെ കാലത്തിനു ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ സെഞ്ച്വറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ഷാര്‍ജാ കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യമത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയെ അഞ്ചു വിക്കറ്റിന് തോല്പിച്ചു.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 224 റണ്ണെടുത്തപ്പോള്‍ ശ്രീലങ്ക 43.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്ണെടുത്ത് ലക്ഷ്യം കണ്ടു.

നൈറോബിയില്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ച പ്രൊഫഷണലിസത്തിന്റെ ഏഴയലത്തുപോലും എത്താന്‍ ടെണ്ടുല്‍ക്കര്‍ ഒഴികെയുള്ള ഇന്ത്യന്‍ കളിക്കാര്‍ക്കൊന്നും സാധിച്ചില്ല. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരേ പോലെ പരാജയപ്പെട്ട ഇന്ത്യന്‍ ടീമായിരുന്നു ഇന്നലെ ശ്രീലങ്കക്കെതിരെ കളിച്ചത്.

ടോസ് നേടി ബാറ്റിംഗാരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 33 റണ്‍സായപ്പോഴേക്കും 17 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പുറത്ത്. ചാമിന്ദ വാസിന്റെ പന്തില്‍ ഗുണവര്‍ദ്ധനെയ്ക്കു ക്യാച്ച്. പിന്നീടെത്തിയ രാഹുല്‍ ദ്രാവിഡിനും (16) വിനോദ് കാംബ്ലിക്കും (12) യുവ്രാജ് സിംഹിനും (7) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സ്കോര്‍ബോര്‍ഡില്‍ 102 റണ്‍സാകുമ്പോഴേക്കും ഇന്ത്യയുടെ നാല് മുന്‍നിര ബാറ്റ്സ്മാന്മാര്‍ കൂടാരം കയറിക്കഴിഞ്ഞിരുന്നു.

ഒരറ്റത്ത് അചഞ്ചലനായി ബാറ്റു വീശിയ ടെണ്ടുല്‍ക്കര്‍ പറ്റിയൊരു പങ്കാളിയെ കണ്ടെത്തിയത് അഞ്ചാം വിക്കറ്റിലാണ്. റോബിന്‍ സിംഹുമൊത്തുള്ള ഈ കൂട്ടുകെട്ട് 100 റണ്‍സെടുത്തു. പതിവിനു വിപരീതമായി സെഞ്ച്വറി തികയ്ക്കുമ്പോള്‍ സച്ചിന്‍ കുറച്ച് വികാരപരവശനായിരുന്നു. 45ാം ഓവറില്‍ സച്ചിന്‍ സെഞ്ച്വറി തികച്ച ഉടന്‍ തന്നെ 35 റണ്ണെടുത്ത റോബിന്‍ സിംഹ് പുറത്തായി. മുത്തയ്യ മുരളീധരന്റെ പന്തില്‍ മാര്‍വന്‍ അട്ടപ്പട്ടുവിന് ക്യാച്ച്.

മൂന്നു റണ്‍സെടുക്കുമ്പോഴേക്കും സച്ചിന്‍ റണ്ണൗട്ടായി. 140 പന്തില്‍ നിന്നും മൂന്നു ഫോറിന്റെയും ഒരു സിക്സിന്റെയും പിന്‍ബലത്തോടെ നേടിയ 101 റണ്ണായിരുന്നു സച്ചിന്റെ സമ്പാദ്യം. ഐസിസി ക്രിക്കറ്റ് ഫൈനലില്‍ കണ്ടതു പോലെ തന്നെ അവസാന ഓവറില്‍ അടിച്ചു തകര്‍ക്കാന്‍ ഷാര്‍ജയിലും ഇന്ത്യക്കായില്ല. അവസാന നാല് ഓവറില്‍ വെറും 19 റണ്‍സെടുക്കാനേ ഇന്ത്യയ്ക്കു സാധിച്ചുള്ളൂ.

മറുപടി ബാറ്റിംഗാരംഭിച്ച ശ്രീലങ്കയുടെയും തുടക്കം മികച്ചതായിരുന്നില്ല. ഗുണവര്‍ദ്ധനെയുെം (6) മാര്‍വന്‍ അട്ടപ്പട്ടുവിനെയും (0) വെങ്കിടേഷ് പ്രസാദ് നേരത്തെത്തന്നെ തിരിച്ചയച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ സനത് ജയസൂര്യയും (48) മഹേല ജയവര്‍ധനെയും (38) ശ്രീലങ്കയുടെ ഇന്നിംഗ്സിന് അടിത്തറ പാകി. 94ല്‍ വെച്ച് ജയസൂര്യ പുറത്തായെങ്കിലും ശ്രീലങ്കയ്ക്ക് വിജയിക്കാനാവശ്യമായ റണ്‍റേറ്റ് കാത്തു സൂക്ഷിച്ചാന്‍ ഇവര്‍ക്കു കഴിഞ്ഞു.

111ല്‍ മഹേല ജയവര്‍ധനെയെ കുംബ്ലെ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉണര്‍ന്നതാണ്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 93 റണ്‍സ് നേടിയ സംഘക്കാരയും (40) റസ്സല്‍ ആര്‍നോള്‍ഡും (59) ഇന്ത്യയില്‍ നിന്നും വിജയം തട്ടിപ്പറിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X