കേരളം 200 കോടി സഹായം ആവശ്യപ്പെട്ടു
ദില്ലി: കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ അടിയന്തിരമായി 200 കോടിയുടെ സഹായം അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഉദാരവല്ക്കരണനയങ്ങളുടെ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് നവംബര്‍ 14 ചൊവാഴ്ച കൃഷിമന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ പറഞ്ഞു.നാളികേരത്തിനും റബറിനും തേയിലക്കും കുത്തനെ വിലയിടിഞ്ഞ സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്രം മുന്‍കയ്യെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊപ്രയ്ക്കുള്ള താങ്ങുവില ഉടന്‍ വര്‍ദ്ധിപ്പിക്കണം. മില്‍ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 4600 രൂപയും ഉണ്ടകൊപ്രയുടേത് 4800 രൂപയും ആക്കി ഉയര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.നാളികേരത്തിന്റെ വില ഉയര്‍ത്തണമെന്നും നാളികേരം നാഫെഡ് വഴി സംഭരിക്കണമെന്നും അദ്ദേഹം കേന്ദ്രകൃഷി മന്ത്രി നിതീഷ്കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം 43 കൊപ്ര സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും ഇതിനുള്ള പകുതിച്ചെലവ് കേന്ദ്രം നല്കണമെന്നും അദ്ദേഹം പറഞ്ഞു. കൊപ്ര സംഭരിക്കാന്‍ നാഫെഡ് മുന്നോട്ട് വന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ അതിനാവശ്യമായ സ്ഥലം നല്കും.റബറിന് വ്യവസായിക ആവശ്യത്തിനുള്ള അസംസ്കൃതവസ്തുവെന്നതിനു പകരം ഒരു കാര്‍ഷികോല്പന്നമെന്ന പദവി അനുവദിക്കണം-മന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ പറഞ്ഞു.












Click it and Unblock the Notifications