ഗുണ്ടാത്തലവനെ റോഡിലിട്ട് വെട്ടിക്കൊന്നു
തൃശ്ശൂര്‍: കൊലപാതകം അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാഫിയാ സംഘത്തലവനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. നാടന്‍ ബോംബെറിഞ്ഞ് നാട്ടുകാരെ വിരട്ടിയ ശേഷമായിരുന്നു കൊലപാതകം.
തൃശ്ശൂര്‍ ശങ്കരയ്യ റോഡില്‍ കേരളവര്‍മ്മ കോളേജ് ജംഗ്ഷനില്‍ ഡിസംബര്‍ ഏഴ് വൈകുന്നേരം ഏഴു മണിയോടടുപ്പിച്ചാണ് സംഭവം നടന്നത്. അയ്യന്തോള്‍ പുതൂര്‍ക്കര കോട്ടപ്പുറത്ത് ദുര്‍ഗാപ്രസാദ്(27) ആണ് കൊലചെയ്യപ്പെട്ടത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇയാളെ ഓട്ടോറിക്ഷയിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. തലയിലും ശരീരത്തിലും നിരവധി വെട്ടുകളേറ്റ ദുര്‍ഗാപ്രസാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
കൊല നടത്തിയ ശേഷം അക്രമികള്‍ മറ്റൊരു ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തി മൃതദേഹം ആദ്യം അശ്വനി ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. സംഭവസ്ഥലത്ത് സ്ഫോടകവസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഓട്ടോറിക്ഷ പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.
ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കരുതുന്നു. ഇക്കഴിഞ്ഞ നവംബര്‍ 18 ശനിയാഴ്ച ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ വിനോദ് എന്നയാള്‍ വ്യാഴാഴ്ചത്തെ സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു ടെലിഫോണ്‍ ബൂത്തില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.
ദുര്‍ഗാപ്രസാദിന്റെ എതിര്‍ സംഘത്തിലെ പ്രധാനിയായിരുന്ന വിനോദിന്റെ കൊലപാതകത്തിനു പ്രതികാരമായാണോ ഇയാളെ കൊന്നതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications