കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്നുവെന്ന് സമിതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ അന്യസംസ്ഥാനങ്ങളിലുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോകുന്നതായി നിയമസഭാ എസ്റിമേറ്റ് സമിതി കണ്ടെത്തി. ഇതെക്കുറിച്ച് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പി. രാജു അധ്യക്ഷനായ സമിതി നിര്‍ദ്ദേശിച്ചു.

ദില്ലിയിലെ കേരള ഹൗസ്, ചെന്നെയിലെ കൊച്ചിന്‍ പാലസ്, കുറ്റാലത്തെ ഭൂമി, കന്യാകുമാരിയിലെ കേരള ഹൗസ്, തക്കല പത്മനാഭപുരം കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളിലാണ് സര്‍ക്കാരിന്റെ ഭൂമി ഭീമമായ തോതില്‍ അന്യാധീനപ്പെട്ടു പോയിരിക്കുന്നത്.

ദില്ലി കേരള ഹൗസിലെ ഭൂമിയുടെ യഥാര്‍ത്ഥ വിസ്തൃതി കൃത്യമായി നിര്‍ണ്ണയിക്കണമെന്ന് സമിതി നിര്‍ദ്ദേശമുണ്ട്. 7.86 ഏക്കര്‍ വിസ്തീര്‍ണമുള്ള ട്രാവന്‍കൂര്‍ ഹൗസിലെ കെട്ടിടങ്ങള്‍ക്ക് ദില്ലിയില്‍ നിലവിലുള്ള വാടക നിരക്ക് ഈടാക്കുന്നില്ലന്നും സമിതി കണ്ടെത്തി.

ചെന്നൈയിലെ തുങ്കംപാക്കത്തുള്ള കൊച്ചിന്‍ പാലസിന്റെ തുള്ളോക്ക് ഗാര്‍ഡന്‍സില്‍ 1.40 ഏക്കര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ചെന്നൈ നഗരഹൃദയത്തിലുള്ള ഭൂമി സംരക്ഷിക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വീഴ്ച വരുത്തിയതായി സമിതി കുറ്റപ്പെടുത്തി.

കുറ്റാലത്തെ 56.68 ഏക്കര്‍ ഭൂമിയില്‍ വ്യാപകമായ കൈയേറ്റം നടന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമിയുടെ മുഴുവന്‍ ഉടമസ്ഥാവകാശം പിടിച്ചെടുക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. കന്യാകുമാരിയിലെ 28 ഏക്കര്‍ ഭൂമി 2.65 ഏക്കറായി ചുരുങ്ങിയതിനു പുറമെ അവശേഷിക്കുന്ന വസ്തുവിന്റെ വിസ്തൃതിയെക്കുറിച്ചും ആശങ്ക നിലനില്‍ക്കുന്നതായി സമിതി പറഞ്ഞു.

തക്കല പത്മനാഭപുരം കൊട്ടാരത്തിലെ 15 സെന്റ് സ്ഥലം സ്വകാര്യ വ്യക്തി കൈയടക്കുകയാണ്. വാരണാസിയില്‍ ഉണ്ടായിരുന്ന 12 സെന്റ് സ്ഥലവും കെട്ടിടവും നോക്കി നടത്തിയിരുന്നയാള്‍ വില്‍പന നടത്തിയതായും സമിതി കണ്ടെത്തി. ഈ ക്രയവിക്രയങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് സമിതി നിര്‍ദ്ദേശിച്ചു.

കെ.സി. ജോസഫ്, എന്‍.ആര്‍. ബാലന്‍, കെ.പി. വിശ്വനാഥന്‍, പി.എസ്. സുപാല്‍, എ. കണാരന്‍, എം.വി. ഗോവിന്ദന്‍ മാസ്റര്‍, റോസമ്മ ചാക്കോ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X