കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ചികിത്സാരീതികളെ പറ്റി ശില്പശാല

  • By Staff
Google Oneindia Malayalam News

കൊച്ചി: മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെയും സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ ഇന്റസ്റൈനല്‍ എന്‍ഡോസ്കോപ്പി ഒഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ നൂതന ചികിത്സാരീതികളെ പറ്റി കൊച്ചിയില്‍ ശില്പശാല സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 16 ശനി, ഞായര്‍ ദിവസങ്ങളിലായി പനമ്പിള്ളി നഗറിലെ അവന്യു സെന്ററിലാണ് ശില്പശാല. എന്‍ഡോസ്കോപിക് അള്‍ട്രാ സോണോഗ്രാഫി രോഗനിര്‍ണയ ചികിത്സാരീതികള്‍ക്ക് ഊന്നല്‍ നല്‍കുന്ന ശില്പശാലയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ഏഴരയ്ക്ക് വ്യവസായമന്ത്രി സുശീലാ ഗോപാലന്‍ നിര്‍വഹിക്കും.

ഡോ.വി.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സയന്റിഫിക് സെക്ഷനില്‍ ഡോ.പി.വി.ശ്രീറാം, ഡോ.വിപുല്‍ റാത്തോഡ്, ഡോ.സുനില്‍ മത്തായി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഞായറാഴ്ചത്തെ സെഷനില്‍ വീഡിയോ അവതരണം, ലൈവ് ഡമോണ്‍സ്ട്രേഷന്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉദരരോഗ ചികിത്സാരംഗത്ത് എന്‍ഡോസ്കോപ്പിക് ഉപകരണങ്ങള്‍ നിലവില്‍ വന്നതോടെ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ശില്പശാല സംഘാടക സമിതി കണ്‍വീനറായ ഡോ.സുനില്‍ മത്തായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അന്നനാളം, ആമാശയം, ചെറുകുടല്‍ എന്നിങ്ങനെ നീണ്ടുകിടക്കുന്ന കുടല്‍ഭാഗങ്ങള്‍ നേരിട്ട് വീക്ഷിച്ച് രോഗനിര്‍ണയം നടത്താനുള്ള സംവിധാനം ഇപ്പോള്‍ കേരളത്തിലെ പല ആശുപത്രികളിലും ലഭ്യമാണ്.

എന്‍ഡോസ്കോപ്പിന്റെയും ശബ്ദവീചികളുടെ സഹായത്താല്‍ പുറമെ നിന്നുകൊണ്ട് ആന്തരാവയങ്ങളെ വീക്ഷിക്കുന്ന അള്‍ട്രാ സൗണ്ട് സ്കാനിന്റെയും സമന്വയമായ എന്‍ഡോസ്കോപിക് അള്‍ട്രാസൗണ്ട് സിസ്റം (എന്‍ഡോസോണോഗ്രാഫി) സൂക്ഷ്മമായ രോഗനിര്‍ണയത്തിന് ഏറെ സഹായകമാണ്. എണ്‍പതുകളില്‍ ജപ്പാനിലും ജര്‍മനിയിലും വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഇന്ത്യയില്‍ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ് ഉള്‍പ്പെടെ ചുരുക്കം ചില ആശുപത്രികളിലാണുള്ളത്.

കുടല്‍ഭിത്തികളുടെ ഘടന പഠിക്കാനും പാന്‍ക്രിയാസ്, പിത്തനാളി, പിത്താശയം എന്നീ അവയവങ്ങളില്‍ രോഗനിര്‍ണയം നടത്താനും എന്‍ഡോസോണോഗ്രാഫിയിലൂടെ സാധിക്കും. കാന്‍സര്‍ തുടങ്ങിയവ ആരംഭഘട്ടത്തില്‍ തന്നെ ഇതിലൂടെ കണ്ടെത്താന്‍ കഴിയും. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ എന്നിവയേക്കാള്‍ അതിസൂക്ഷ്മനിരീക്ഷണത്തിന് ഈ സംവിധാനം ഉതകുമെന്നും ഡോ.സുനില്‍ മത്തായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X