അഗാര്‍ക്കറും ബദാനിയും തിളങ്ങി; ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍
രാജ്കോട്ട്: അജിത് അഗാര്‍ക്കറിന്റെ വെടിക്കെട്ട് ബാറ്റിംഗും ഹേമാങ് ബദാനിയുടെയും റിതീന്ദര്‍ സോധിയുടെയും അവസരോചിത ബാറ്റിംഗും സിംബാബ്വെക്കെതിരായ അവസാന ഏകദിന മത്സരത്തില്‍ കൂറ്റന്‍ സ്കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 301 റണ്‍സെടുത്തു.
തുടക്കത്തില്‍ പതറിയ ഇന്ത്യന്‍ ഇന്നിംഗ്സില്‍ ശ്രദ്ധേയമായത് അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അജിത് അഗാര്‍ക്കറാണ്. ഏറ്റവും വേഗത്തില്‍ 50 റണ്‍സെടുക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന പദവിയുമായാണ് അഗാര്‍ക്കര്‍ കളം വിട്ടത്. 21 പന്തില്‍ നിന്ന് 50 റണ്‍സിലെത്തിയ അഗാര്‍ക്കര്‍ നിശ്ചിത സമയം പൂര്‍ത്തിയാകുമ്പോള്‍ 25 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. 22 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി തികച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റിക്കാര്‍ഡാണ് അഗാര്‍ക്കര്‍ തകര്‍ത്തത്.
ടോസ് നേടിയ സിംബാബ്വെ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബാറ്റിംഗ് വിക്കറ്റെങ്കിലും ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങി. സൗരവ് ഗാംഗുലിയുടെ അഭാവത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത എസ്. ശ്രീറാമാണ് (2) ആദ്യം പുറത്തായത്. ഹീത്ത് സ്ട്രീക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്ലവറിന് ക്യാച്ച്. പിന്നീടെത്തിയ ആക്ടിംഗ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (6) ഒരു അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി.
27 റണ്‍സെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രൈസ് വിക്കറ്റ് യുവതാരം മുലേലെക്കി എന്‍കാല നേടി. സച്ചിന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ മൂന്നിന് 42. തുടര്‍ന്ന് ഹേമാങ് ബദാനിയും യുവ്രാജ് സിംഹും ഇന്നിംഗ്സ് നേരെയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ബ്രയാന്‍ മര്‍ഫിയുടെ ആദ്യ പന്തില്‍ തന്നെ 29 റണ്‍സെടുത്ത യുവ്രാജ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയ വീരേന്ദര്‍ ഷെവാഗിനും (19) അധികം ആയുസ്സുണ്ടായില്ല. മര്‍ഫിയുടെ പന്തില്‍ ആന്‍ഡി ഫ്ലവര്‍ പിടിച്ചാണ് ഷെവാഗ് പുറത്തായത്.
114 റണ്‍സാകുമ്പോഴേക്കും അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് വിയര്‍ക്കുകയായിരുന്ന ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ബദാനിയും സോധിയും തമ്മിലുള്ള ആറംവിക്കറ്റ് കൂട്ടുകെട്ടാണ്. ഒന്നും രണ്ടും റണ്‍സുകള്‍ എടുത്തുകൊണ്ട് ഇവര്‍ 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 44ാം ഓവറില്‍ 77 റണ്‍സെടുത്ത ബദാനി മര്‍ഫിയുടെ പന്തില്‍ പുറത്തായി.
തുടര്‍ന്നാണ് അഗാര്‍ക്കര്‍ ബാറ്റിംഗിനെത്തിയത്. ഏഴു ഫോറും നാലു സിക്സും ഉള്‍പ്പെടെയാണ് അഗാര്‍ക്കറിന്റെ ഉജ്വല ഇന്നിംഗ്സ് പിറന്നത്. കളി അവസാനിക്കുമ്പോള്‍ അഗാര്‍ക്കറിനൊപ്പം 53 റണ്‍സോടെ സോധി പുറത്താകെ നിന്നു.
സിംബാബ്വെയുടെ എല്ലാ ബൗളര്‍മാര്‍ക്കും അടികിട്ടി. 10 ഓവറില്‍ 63 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത മര്‍ഫിയാണ് സിംബാബ്വെ നിരയില്‍ ശരാശരി പ്രകടനം പുറത്തെടുത്തത്. അവസാന ഓവര്‍ എറിഞ്ഞ മുന്‍ ക്യാപ്റ്റന്‍ അലിസ്റര്‍ കാംബെല്‍ 21 റണ്‍സ് വഴങ്ങി.












Click it and Unblock the Notifications