സ്ഫോടനത്തിന് പിന്നില്‍ ചേകന്നൂരിന്റെ കൊലയാളികള്‍?
തിരുവനന്തപുരം: ഫോറന്‍സിക് ലാബില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചേകന്നൂര്‍ മൗലവിയെ വധിച്ചവരാണെന്ന സംശയം ബലപ്പെടുന്നു.
1995 മാര്‍ച്ച് 21ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടന്ന സ്ഫോടനം അട്ടിമറിയാണെന്ന് ആര്‍.രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് ഇങ്ങനെയൊരു സംശയത്തിന് ആക്കം കൂടിയിരിക്കുന്നത്.
മൗലവി വധവുമായി ബന്ധപ്പെട്ട് പൊലീസും ക്രൈംബ്രാഞ്ചും ശേഖരിച്ച പല സുപ്രധാന രേഖകളും സ്ഫോടനത്തില്‍ നശിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്ഫോടനം ആസൂത്രിതമായി നടത്തിയതാണെന്ന് മൗലവി വധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഐ അന്വേഷണം പുരോഗമിക്കവെ കോഴിക്കോട് ആസ്ഥാനമായുള്ള മതനേതാവിന് മൗലവി വധത്തില്‍ സുപ്രധാന പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. മുസ്ലീം മതത്തിലെ ഒരു വിഭാഗത്തിന്റെ നേതാവായ ഇദ്ദേഹത്തെ ഉടന്‍ തന്നെ സിബിഐ ചോദ്യം ചെയ്യാനിടയുണ്ട്.
ഇപ്പോള്‍ പിടിയിലായിരിക്കുന്ന പ്രതികളറിയാതെ ചുവന്നകുന്നില്‍ നിന്നും മൗലവിയുടെ മൃതശരീരാവശിഷ്ടങ്ങള്‍ മാറ്റിയിരിക്കാമെന്നും സിബിഐ അനുമാനിക്കുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധവുമായി ബന്ധമുണ്ടെന്നും സംശയമുയര്‍ന്നിട്ടുണ്ട്. മൗലവി വധത്തെകുറിച്ച് ആദ്യം അന്വേഷിച്ച ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ പിന്നീട് ഈ ആത്മീയനേതാവിന്റെ സംഘടനയുടെ ഓഫീസ് തലവനായി നിയമിച്ചത് കൂടുതല്‍ സംശയമുണര്‍ത്തിയിരിക്കുകയാണ്.
ലാബ് സ്ഫോടനത്തെ കുറിച്ചുള്ള അന്വേഷണവുമായി ലാബ് ഡയറക്ടര്‍ സഹകരിച്ചില്ലെന്നും അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഡിസംബര്‍ 18 തിങ്കളാഴ്ച നിയമസഭയുടെ മുമ്പാകെ വച്ച റിപ്പോര്‍ട്ടിലെ ഈ പരാമര്‍ശം മൗലവിവധവുമായും സ്ഫോടനവുമായും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ സംശയമുണര്‍ത്തുന്നു.












Click it and Unblock the Notifications