പള്ളിപ്പുറം മദ്യദുരന്തം: കേസ് സിബിമാത്യുവിന് കൈമാറണമെന്ന് കോടതി
കൊച്ചി: പള്ളിപ്പുറം മദ്യദുരന്തത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ ഐജി സിബിമാത്യുവിന് കൈമാറണമെന്ന് കേരള ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റിസ് കെ.കെ. ഉഷ, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഡിസംബര്‍ 22 വെള്ളിയാഴ്ച ഈ ഉത്തരവിട്ടത്.
ഇപ്പോള്‍ ഡിഐജി വിന്‍സെന്റ്.എം. പോളാണ് പള്ളിപ്പുറം മദ്യദുരന്തം അന്വേഷിച്ചുവരുന്നത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലില്‍ ഉണ്ടായ മദ്യദുരന്തം അന്വേഷിക്കുന്നത് ഐജി സിബിമാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതുവരെ സ്വീകരിച്ച നടപടികളെപ്പറ്റി ജനവരി രണ്ടിനു മുമ്പ് കോടതിയെ ബോധിപ്പിക്കാനും ഉത്തരവില്‍ പറയുന്നു.
റെയ്ഡുകളില്‍ പിടിച്ചെടുത്ത വ്യാജ സ്പിരിറ്റ് പെട്ടെന്നു നശിപ്പിക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളാനും കോടതി സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടു.
അബ്കാരി കരാറുകാര്‍ അനധികൃതമായി സോള്‍വെന്‍സി സര്‍ട്ടിഫിക്കറ്റ് നേടിയതിനെക്കുറിച്ച് അന്വേഷണം വിപുലപ്പെടുത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മാത്രം നടക്കുന്ന ഈ അന്വേഷണം സംസ്ഥാനവ്യാപകമാക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications