കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കാവസാക്കി രോഗം വ്യാപകമാവുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികളുടെ ജീവനു ഭീഷണിയാകുന്ന കാവസാക്കി രോഗം കേരളത്തില്‍ വ്യാപകമാവുന്നു. ഒന്നിനും അഞ്ചിനുമിടയ്ക്കു പ്രായമുള്ള കുട്ടികളുടെ ഹൃദയത്തെ ബാധിച്ച് മരണത്തിനിടയാക്കുന്ന രോഗം ഇതുവരെ ജപ്പാനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രമാണ് കാര്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മാത്രം ഈ രോഗം ബാധിച്ച 27 കുട്ടികള്‍ ചികിത്സയ്ക്കെത്തി.

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍ അഞ്ചില്‍ താഴെ കുട്ടികള്‍ക്കു മാത്രമാണ് കാവസാക്കി രോഗബാധ കണ്ടുവരുന്നത്. കേരളത്തില്‍ ഈ രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഭയാനകമാം വിധം വര്‍ധിക്കുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കേരളത്തില്‍ കാവസാക്കി രോഗം കാരണമുള്ള മരണം ഇതുവരെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.

ഈ രോഗത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അതിനുള്ള പ്രതിരോധ മാര്‍ഗവും ലഭ്യമല്ല. ഹൃദയത്തിലെ രക്തധമനിയെ ബാധിക്കുന്ന കാവസാക്കി കൂടുതല്‍ ആണ്‍കുട്ടികളിലാണ് കണ്ടുവരുന്നത്. രോഗബാധയെത്തുടര്‍ന്ന് രക്തധമനികള്‍ വീര്‍ക്കുകയും അവിടെ രക്തം കട്ടപിടിക്കുകയും ചെയ്യുന്നതിനാലാണ് മരണം സംഭവിക്കുന്നത്.

ജപ്പാനിലെ ഡോ.ടോമി സാക്കു കാവസാക്കിയാണ് ഈ രോഗത്തെക്കുറിച്ചുള്ള വിവരം ആദ്യമായി നല്കിയത്. അതിനാലാണ് ഈ രോഗത്തിന് കാവസാക്കി എന്ന പേരു ലഭിച്ചത്.

ശക്തമായ പനി, കണ്ണിലും വായിലും ദൃശ്യമാവുന്ന ചുവപ്പ് നിറം, കൈപ്പത്തിയിലും പാദങ്ങളിലും ചുവപ്പ് നിറവും നീരും, അഞ്ചാം പനിയിലെന്നതു പോലെ ശരീരത്തിനു പുറത്ത് ദൃശ്യമാവുന്ന കുരുക്കള്‍, കഴുത്തിലെ നീര് എന്നിവയാണ് കാവസാക്കിയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ദൃശ്യമായി പത്തു ദിവസത്തിനകം കുട്ടിയുടെ മരണം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്.

ലക്ഷണങ്ങള്‍ ദൃശ്യമായ ഉടനെ തന്നെ ചികിത്സിച്ചാല്‍ രോഗം ഹൃദയത്തെ ബാധിക്കുന്നത് തടയാനാവുകയും അതുവഴി മരണമൊഴിവാക്കാന്‍ കഴിയുകയും ചെയ്യും. എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷമെത്തിയ കേസുകളില്‍ 62 ശതമാനം കുട്ടികളുടെയും ഹൃദയത്തില്‍ രോഗം ബാധിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാം രക്ഷപ്പെട്ടു.

ഇന്ത്യയില്‍ കേരളത്തില്‍ മാത്രം ഈ രോഗം കൂടുതലായി കാണുന്നതിന്റെ കാരണമെന്തെന്ന് പഠനം നടത്താന്‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X