രാമക്ഷേത്ര നിര്‍മ്മാണം മാര്‍ച്ചിനു ശേഷം: സിംഗാള്‍
ധര്‍മ്മശാല: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മാര്‍ച്ചിനു ശേഷം ആരംഭിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ അശോക് സിംഗാള്‍ പറഞ്ഞു.
കാംഗ്ര ജില്ലയിലെ ഗഗ്ഗല്‍ വിമാനത്താവളത്തില്‍ ജനവരി ആറ് ശനിയാഴ്ച വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവരി 21 ഞായറാഴ്ച അലഹബാദില്‍ ചേരുന്ന സന്ന്യാസിമാരുടെ യോഗത്തില്‍ ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നും സിംഗാള്‍ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ വികാരം രാഷ്ട്രീയക്കാരും പാര്‍ലമെന്റംഗങ്ങളും അവഗണിക്കരുതെന്ന് വിഎച്ച്പി മേധാവി പറഞ്ഞു. മുസ്ലീങ്ങളും ജനവികാരം മനസ്സിലാക്കി അതിനെ ആദരിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ ശിലകള്‍ മാര്‍ച്ചോടു കൂടി തയ്യാറാവും. ക്ഷേത്ര നിര്‍മ്മാണക്കാര്യത്തില്‍ വിവിധ സന്ന്യാസിമാരും ഹിന്ദുമത നേതാക്കളും അവരുടെ അനുയായികളും ഒറ്റക്കെട്ടാണ്. ഈ മതകാര്യത്തില്‍ ഇടപെടുന്നത് രാഷ്ട്രീയക്കാര്‍ മതിയാക്കുമെന്നാണ് പ്രതീക്ഷ. ക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ സ്വയം തോല്ക്കുകയാണെന്നും അത്തരക്കാര്‍ ഹൈന്ദവ വിരുദ്ധരായി മുദ്രകുത്തപ്പെടുമെന്നും അശോക് സിംഗാള്‍ പറഞ്ഞു. പ്രധാനമന്ത്രി ഈ വിഷയത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കാണണമെന്നും സിംഗാള്‍ ആവശ്യപ്പെട്ടു.
ദലായ് ലാമയെ സന്ദര്‍ശിക്കാനാണ് അശോക് സിംഗാള്‍ ധര്‍മ്മശാലയിലെത്തിയത്. ദലായ് ലാമയെ ഇന്ത്യയിലെ ഏറ്റവും വലിയ ആത്മീയ പുരുഷനായി അദ്ദേഹം വിശേഷിപ്പിച്ചു.












Click it and Unblock the Notifications