നിയമസഭാ സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം
തിരുവനന്തപുരം: പത്താം കേരള നിയമസഭയുടെ അവസാനസമ്മേളനം ഫിബ്രവരി 15 വ്യാഴാഴ്ച ആരംഭിക്കും. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്മേളനം ഇരുമുന്നണികളും തമ്മിലുള്ള ചൂടേറിയ രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേക്കും.
യുഡിഎഫിന്റെ കേരളമോചനയാത്ര നടക്കുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. മോചനയാത്ര അവസാനിക്കുന്നതിനു മുമ്പ് നിയമസഭാ സമ്മേളനം തുടങ്ങരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറായില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള ആയുധങ്ങളുമായാവും പ്രതിപക്ഷം സഭയിലെത്തുന്നത്.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സഭക്ക് പുറത്ത് യുഡിഎഫ് നടത്തുന്ന മോചനയാത്രയുടെ ആവേശം സഭക്കകത്തും പ്രതിഫലിക്കുമെന്ന് വ്യക്തം. സര്‍ക്കാരിന്റെ പുതിയ മദ്യനയവും പ്ലസ് ടു പ്രശ്നവും സഭയില്‍ ചര്‍ച്ചാവിഷയമായേക്കും.
24നാണ് സമ്മേളനം സമാപിക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിവും ബജറ്റ് അവതരണവും ഉള്‍പ്പെട്ടതാണ് ഈ സമ്മേളനം.