കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യനൊത്ത മന്ത്രിമാര്‍... നിയമസഭയില്‍ കണ്‍ഫ്യൂഷന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയും ചേര്‍ന്ന് ഒരു ചോദ്യത്തിന് പല ഉത്തരങ്ങള്‍ നല്‍കിയത് നിയമസഭയില്‍ ആശയക്കുഴപ്പം പടര്‍ത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രകടനങ്ങള്‍ പ്രതിപക്ഷത്തിന് ആര്‍ത്തു ചിരിയ്ക്കാന്‍ വകനല്‍കിയപ്പോള്‍ ഭരണപക്ഷ ബഞ്ചുകളില്‍ അത് മ്ലാനത പരത്തി.

ഫിബ്രവരി 20 തിങ്കളാഴ്ച ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉത്തര പ്രകടനം. മുഖ്യമന്ത്രി നായനാര്‍ക്കൊപ്പം ജലസേചന വകുപ്പ് മന്ത്രി വി പി രാമകൃഷ്ണപിള്ളയും തുറമുഖവകുപ്പ് മന്ത്രി വി സി കബീറുമായിരുന്നു സംഭവത്തിലെ നായകന്മാര്‍.

കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഏതെങ്കിലും പദ്ധതിക്കു രൂപം നല്‍കിയിട്ടുണ്ടോ എന്നതായിരുന്നു പ്രശ്നം സൃഷ്ടിച്ച ചോദ്യം. ആദ്യം ഉത്തരം പറഞ്ഞത് തുറമുഖവകുപ്പ് മന്ത്രി വി സി കബീര്‍. ഇപ്പോള്‍ അത്തരം പദ്ധതിയൊന്നും സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്നും എന്നാല്‍ വിഴിഞ്ഞത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഷ്യന്‍ ടെക്നോളജി പരീഷണാടിസ്ഥാനത്തില്‍ 10,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാനുള്ള ഒരു പദ്ധതി നടത്തുന്നുണ്ടെന്നും കബീര്‍ ഉത്തരം നല്‍കി. തിരമാലകളില്‍ നിന്നുള്ള ഊര്‍ജ്ജമാണ് പദ്ധതിക്ക് ഉപയോഗപ്പെടുത്തുന്നതത്രെ.

അടുത്ത ഊഴം ജലസേചനമന്ത്രി വി പി രാമകൃഷ്ണപിള്ളയുടേതായിരുന്നു. മന്ത്രി കബീറിന്റെ ഉത്തരത്തിന് നേരെ വിപരീതമായിരുന്നു ഇതേ ചോദ്യത്തിന് ജലസേചനമന്ത്രിയുടേത്. കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതി കേരളത്തില്‍ ഒരിടത്തും നടപ്പാക്കിയിട്ടില്ലെന്നും അത്തരം പദ്ധതിയൊന്നും നടക്കില്ലെന്നും കൂടെ മന്ത്രി പറഞ്ഞു വച്ചു.

ഇതിനു ശേഷം കടല്‍വെള്ള ശുദ്ധീകരണ പദ്ധതി മുഖ്യമന്ത്രി ഇ കെ നായനാര്‍ ഏറ്റുപിടിച്ചു. വളപട്ടണത്ത് വെസ്റ്റേണ്‍ പ്ലൈവുഡ്സ് കമ്പനി കടല്‍വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഇത്തരം പദ്ധതികള്‍ നടപ്പാക്കാവുന്നതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ വിശദീകരണം കൂടെയായപ്പോള്‍ കടല്‍വെള്ള ശുദ്ധീകരണ പദ്ധതി നിയമസഭാംഗങ്ങള്‍ക്ക് കടല്‍ പോലെയായി. ബന്ധപ്പെട്ട മന്ത്രിമാരുടെ വിശദീരണത്തിലെ പരസ്പര വൈരുദ്ധ്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സംഗതി ഏറ്റെടുത്തു. മന്ത്രിമാരുടെ മറുപടിയെക്കുറിച്ച് പ്രതിപക്ഷാംഗങ്ങള്‍ പരാമര്‍ശം നടത്തിയപ്പോള്‍ മുഖ്യമന്ത്രി തന്റെ സ്വതസിദ്ധമായ ശൈലിയിലേയ്ക്കുയര്‍ന്നു. മന്ത്രിമാര്‍ക്കൊന്നും വിവരമില്ലെടോ എന്നായി അദ്ദേഹത്തിന്റെ കമന്റ്...

മുഖ്യമന്ത്രിയും മന്ത്രിമാരും കൂടെ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് അറുതി വരുത്തണമെന്ന് പ്രതിപക്ഷനേതാക്കളായ ആര്യാടന്‍ മുഹമ്മദും ജി കാര്‍ത്തികേയനും സ്പീക്കറോട് ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കിട്ടാന്‍ താന്‍ നടപടികള്‍ എടുക്കാമെന്ന് സ്പീക്കര്‍ സഭയ്ക്ക് ഉറപ്പു നല്‍കിയതോടെ സഭയിലെ ആശയക്കുഴപ്പത്തിന് താത്കാലിക വിരാമമായി. കടല്‍വെള്ള ശുദ്ധീകരണ പദ്ധതി സംബന്ധിച്ച ചോദ്യം ആദ്യം ജലസേചനമന്ത്രിക്കും പിന്നീട് തുറമുഖവകുപ്പ് മന്ത്രിക്കും കൈമാറുകയായിരുന്നുവെന്ന് സ്പീക്കര്‍ വിശദീകരണവും നല്‍കി. എങ്കിലും പദ്ധതിയുടെ സാധ്യത സംബന്ധിച്ച് ജനപ്രതിനിധികള്‍ തത്കാലം ആശയക്കുഴപ്പത്തില്‍ തന്നെയാണ്...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X