ആന്റണി കരുണാകരനെ കണ്ടു
തിരുവനന്തപുരം: എതിര്‍ഗ്രൂപ്പിനെതിരെ ഇടക്കിടെ വെടിപൊട്ടിക്കുന്ന കെ.കരുണാകരനുമായി എ.കെ.ആന്റണി കൂടിക്കണ്ട് ചര്‍ച്ച നടത്തി. കരുണാകരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് മാര്‍ച്ച് ആറ് ചൊവാഴ്ചയായിരുന്നു കൂടിക്കാഴ്ച.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാ പ്രശ്നങ്ങള്‍ ഇടക്കിടെ പരസ്യമായി ഉന്നയിക്കുന്ന കരുണാകരനെ അനുനയിപ്പിക്കുകയാണ് ആന്റണിയുടെ സന്ദര്‍ശനോദ്ദേശ്യമെന്ന് കരുതുന്നു. പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ തത്കാലം മാറ്റിവെച്ച് തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഒന്നിച്ചുനില്‍ക്കാന്‍ എല്ലാ ഗ്രൂപ്പുകളെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ആന്റണി.
ഇപ്പോഴും ഇടഞ്ഞുനില്‍ക്കുന്ന കരുണാകരന്റെ നീക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ദോഷം ചെയ്യാനിടയുണ്ടെന്ന ധാരണ മുന്നണിയിലും പാര്‍ട്ടിക്കകത്തുമുണ്ട്. തന്റെ ഗ്രൂപ്പിന്റെ നിലനില്പ് സുരക്ഷിതമാക്കാനൊരുങ്ങുന്ന കരുണാകരന്‍ കടുംകൈകള്‍ക്ക് തയ്യാറാവുമോ എന്ന ആശങ്ക കോണ്‍ഗ്രസിലെ മറ്റ് ഗ്രൂപ്പുകളിലുണ്ട്.
കരുണാകരന്‍ ബംഗാളിലെ മമതയുടെ റോള്‍ ഏറ്റെടുക്കണമെന്ന് ബിജെപി പ്രസിഡന്റ് സി.കെ.പത്മനാഭനും മറ്റും ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധേയനാവുകയാണ്. മുരളീധരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് കരുണാകരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും നിലവില്‍ തനിക്കുള്ള രാഷ്ട്രീയപ്രാധാന്യം മുതലെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്.
ഈ പശ്ചാത്തലത്തില്‍ കടുംകൈകള്‍ക്ക് തയ്യാറാവാതെ ഒന്നിച്ചുനില്‍ക്കണമെന്ന് അഭ്യര്‍ഥിക്കാനാണ് ആന്റണിയുടെ സന്ദര്‍ശനമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications