ജേക്കബിനെതിരെ ഗോപി കോട്ടമുറിക്കല്‍
കൊച്ചി: മുന്‍ മന്ത്രി ടി. എം. ജേക്കബിനെതിരെ പിറവത്ത് ഗോപി കോട്ടമുറിക്കല്‍ വീണ്ടും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
കഴിഞ്ഞ ദിവസം പിറവത്ത് ചേര്‍ന്ന സിപിഎം മണ്ഡലം ജനറല്‍ ബോഡി യോഗത്തില്‍ ജില്ലാ സെക്രട്ടറി എ. പി. വര്‍ക്കി ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം വെളിപ്പെടുത്തിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഗോപി പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
1987ല്‍ പിറവത്ത് മത്സരിച്ച ഗോപി കോണ്‍ഗ്രസിലെ ബന്നി ബഹനാനെ തോല്‍പ്പിച്ചിരുന്നു. 1991ല്‍ പിറവത്ത് ടി. എം. ജേക്കബ് രണ്ടായിരത്തോളം വോട്ടുകള്‍ക്കാണ് ഗോപിയെ തോല്‍പ്പിച്ചത്. പിറവത്ത് സിപിഎം പഞ്ചായത്ത് അടിസ്ഥാനത്തില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കുകയാണിപ്പോള്‍. മണ്ഡലത്തിലെ പ്രമുഖരെ സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു കഴിഞ്ഞു.
എറണാകുളം ജില്ലയിലെ മറ്റൊരു മണ്ഡലമായ ആലുവയില്‍ കളമശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലറായ എ. എം. യൂസഫിനെയാണ് സിപിഎം പരിഗണിക്കുന്നത്. സാമുദായിക പരിഗണനയും നേതൃപരിചയവുമാണ് യൂസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വഴിതെളിച്ചത്. 1980 മുതല്‍ തുടര്‍ച്ചയായി ആലുവയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന കെ. മുഹമ്മദാലി തന്നെയാണ് ഇത്തവണയും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications