• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദ്യ വില്‍പന സഹകരണമേഖലയില്‍

  • By Super

തിരുവനന്തപുരം: കേരളത്തിലെ മദ്യ വില്‍പന ഏപ്രില്‍ ഒന്ന് മുതല്‍ സഹകരണ മേഖലയിലാകുന്നു. ഏപ്രില്‍ ഒന്ന് ഞായറാഴ്ച മുതലാണ് കള്ള് വില്‍പനയും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ചില്ലറ വില്‍പനയും സഹകരണമേഖലയിലാകുന്നത്.

കള്ള് ചെത്ത് തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ വഴിയാണ് ഇനി മേല്‍ കള്ള് വില്‍പന. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ചില്ലറ വില്‍പന പൊതുമേഖലാ സ്ഥാപനങ്ങളായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനും കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷനും സഹകരണ സ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡിനുമാണ്. മദ്യ വ്യവസായത്തില്‍ നിന്നും ഇടനിലക്കാരെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കള്ള് വില്‍പന സഹകരണ മേഖലയിലാക്കുന്ന നിയമം കൊണ്ടുവരികയായിരുന്നു.

ഇപ്പോഴുള്ള കള്ള് ഷാപ്പുകള്‍ അടച്ചുപൂട്ടുന്നതിനുള്ള അവസാന സമയം അടുത്തു വരുന്നുണ്ടെങ്കിലും പകരം വിതരണ സംവിധാനം എല്ലായിടത്തും സജ്ജമായിട്ടില്ല. കള്ള് ഷാപ്പുകള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി 2001-2002 സാമ്പത്തിക വര്‍ഷത്തേയ്ക്ക് കേരളത്തില്‍ ഷാപ്പു ലേലം നടന്നില്ല. ഏകദേശം 110 കോടി രൂപയാണ് സംസ്ഥാന ഖജനാവിന് ഈയിനത്തില്‍ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം 140 കോടി രൂപയാണ് കള്ള് ഷാപ്പ് ലേലത്തിലൂടെ കിസ്ത് ആയി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം ചെത്ത് തൊഴിലാളി സഹകരണ സംഘങ്ങളില്‍ നിന്നും വെറും 30 കോടി രൂപയേ കിസ്ത് ഇനത്തില്‍ ഈടാക്കുന്നുള്ളൂ. കള്ള് വിപണനത്തിനായി താലൂക്ക് അടിസ്ഥാനത്തിലും റേഞ്ച് അടിസ്ഥാനത്തിലും സംസ്ഥാനത്ത് രൂപം കൊള്ളുന്ന സഹകരണ സംഘങ്ങള്‍ക്ക് വന്‍ലാഭം ഉറപ്പു വരുത്തുന്നതിനാണ് കിസ്ത് തുക കുറച്ചു നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

എന്നാല്‍ വിദേശമദ്യ ചില്ലറവില്‍പന ശാലകള്‍ പൊതുമേഖലയിലാക്കുന്നതു വഴി ലേലത്തുകയില്‍ കുറവു വരുന്നില്ല. സംസ്ഥാനത്തൊട്ടാകെ 245 വിദേശമദ്യ ചില്ലറ വില്‍പന ശാലകളാണുള്ളത്. ഇവ ബിവറേജസ് കോര്‍പറേഷന്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്ക് കൈമാറി. ഏപ്രില്‍ ഒന്ന് മുതല്‍ വിദേശമദ്യക്കച്ചവടവും പൊതുമേഖലയിലായിരിക്കും.

ബിവറേജസ് കോര്‍പറേഷന് 130 എണ്ണം , സിവില്‍ സപ്ലൈസ് കോര്‍പറേഷന് 70 എണ്ണം, കണ്‍സ്യൂമര്‍ഫെഡിന് 31 എണ്ണം എന്നിങ്ങനെയാണ് ചില്ലറ വില്‍പന ശാലകള്‍ കൈമാറിയിരിക്കുന്നത്. 14 ചില്ലറ വില്‍പനശാലകള്‍ ഇപ്പോള്‍ത്തന്നെ ബിവറേജസ് കോര്‍പറേഷനാണ് നടത്തുന്നത്. നിലവിലുള്ള ലൈസന്‍സുകളുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുന്ന മുറയ്ക്ക് പൊതുമേഖലയിലെ ലൈസന്‍സുകള്‍ നിലവില്‍ വരും. എന്നാല്‍, കടമുറികള്‍ കണ്ടെത്തുകയെന്ന കടമ്പ പൂര്‍ത്തിയാവേണ്ടതുണ്ടെന്നതിനാല്‍ ഈ മദ്യശാലകളില്‍ ഒട്ടേറെയെണ്ണം ഒന്നാം തീയതി തന്നെ പ്രവര്‍ത്തിച്ചു തുടങ്ങില്ല. ഇപ്പോഴുള്ള കടകള്‍ നിലവിലുള്ള കരാറുകാരുടേതാണ്.

പുതിയ കടകള്‍ വരുന്നത് തങ്ങളുടെ ബാറുകളുടെ സമീപത്ത് ആവില്ലെന്ന് ഉറപ്പുവരുത്താന്‍ ബാറുടമകള്‍ പണവും ശുപാര്‍ശയുമടക്കമുള്ള മാര്‍ഗങ്ങളില്‍ ശ്രമിക്കുകയാണ്. പൊതുമേഖലയിലെ വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ രാത്രി ഒമ്പതര വരെ തുറന്നിരിക്കുമെന്ന് ധാരണയായിട്ടുണ്ട്. നിലവില്‍ ബിവറേജസ് കോര്‍പറേഷന്റെ കടകള്‍ എട്ടരയ്ക്ക് അടയ്ക്കുമായിരുന്നു.

മദ്യ ചില്ലറ വില്‍പന ശാലകള്‍ പൊതുമേഖലയിലാവുന്നതോടെ സംസ്ഥാനത്ത് വ്യാജമദ്യത്തിന്റെ ഭീഷണി ബാറുകളില്‍ മാത്രമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സഹകരണ സംഘങ്ങള്‍ പിടിച്ചടക്കുന്നതിനായ സി പി എം നടത്തുന്ന ശ്രമങ്ങള്‍ ഈ പശ്ചാത്തലത്തില്‍ കൂടുതള്‍ ശ്രദ്ധേയമാകുകയും ചെയ്യുന്നു. കള്ള് വിപണനത്തിനുള്ള സഹകരണസംഘങ്ങളുടെ രജിസ്ട്രേഷന്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലാണ് .പലയിടത്തും സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മിക്കയിടത്തും സഹകരണസംഘങ്ങള്‍ രൂപീകരിക്കുന്നതിനാവശ്യമായ അംഗസംഖ്യ ഒത്തു വന്നിട്ടില്ല.

ഈ സാഹചര്യത്തില്‍ സഹകരണ സംഘങ്ങള്‍ അബ്കാരി കോണ്‍ട്രാക്ടര്‍ മാരുടെ പിന്‍വാതില്‍ നിയന്ത്രണത്തിലാകാനും സാധ്യതയുണ്ട്. കിസ്ത് തുക കുറവാണെങ്കിലും മിക്ക സഹകരണ സംഘങ്ങള്‍ക്കും അത് അടയ്ക്കാന്‍ തക്ക സാമ്പത്തിക ശേഷി ഇല്ല. ഇതും അബ്കാരികളുടെ പിന്‍വാതില്‍ പ്രവേശനത്തെ എളുപ്പമാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ കള്ള് ചെത്ത് തൊഴിലാളികളുടെ സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ണ്ണ തോതില്‍ എല്ലാ ജില്ലയിലും നടന്നു വരുന്നതായി സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ജെ ലളിതാംബിക ചൂണ്ടിക്കാണിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more