കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിസിസിഐ സര്‍ക്കാരിനോട് കല്പിക്കേണ്ട: മന്ത്രി

  • By Staff
Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ ബിസിസിഐ കല്പിക്കേണ്ടതില്ലെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതി. പാകിസ്ഥാനുമായി കളിക്കുന്നതിന്റെ മാര്‍ഗ്ഗരേഖകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിട്ടുനില്‍ക്കുമെന്ന ബിസിസിഐ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇക്കാര്യത്തില്‍ ഒരു വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ഇതുവരെ സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. അതിനാല്‍ വിശദീകരണമോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ നല്‍കേണ്ട അവസരം ഉണ്ടായിട്ടുമില്ല - ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. എന്തെങ്കിലും വിശദീകരണം വേണമെങ്കില്‍ ബിസിസിഐക്ക് എന്നെ സമീപിക്കാം. എന്റെ ടെലിഫോണും ഫാക്സും പ്രവര്‍ത്തന നിരതമാണ്.

ഇന്നത്തെ സാഹചര്യത്തില്‍ പാകിസ്ഥാനുമായി കളിക്കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം അന്തിമമാണ്. ഇന്ത്യയുടെ ദേശീയവികാരവും അന്തസും ആണ് മറ്റെന്തിനേക്കാളും സര്‍ക്കാരിന് വലുത്. ലോകകപ്പിലോ മറ്റേതെങ്കിലും ടൂര്‍ണമെന്റിലോ ടീം പങ്കെടുക്കുന്നില്ലെന്ന് ബിസിസിഐ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ തലവേദന മാത്രം - മന്ത്രി വ്യക്തമാക്കി.

ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റ് നടത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് ഉമാ ഭാരതി വ്യക്തമാക്കി. ഷാര്‍ജയിലെ ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ പങ്കെടുക്കാത്തത് ടൂര്‍ണമെന്റ് നടത്തിപ്പിനുള്ള ഇന്ത്യയുടെ സാധ്യതയെ ബാധിക്കുമോ എന്ന് ഐസിസി പ്രസിഡണ്ട് മാല്‍ക്കം ഗ്രേയോട് ആരാഞ്ഞിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഗ്രേ ഇക്കാര്യത്തില്‍ എതിര്‍പ്പൊന്നും പറഞ്ഞിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കാര്യങ്ങള്‍ തീര്‍ത്തും ഉഭയകക്ഷിസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നവംബര്‍ 3 മുതല്‍ 11 വരെ നടക്കുന്ന ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് മന്ത്രി പറഞ്ഞു. മെയ് 10 മുതല്‍ 19 വരെ ഇസ്ലാമാബാദില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിന് അനുമതി നല്‍കിയതും മന്ത്രി ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X