കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധിയെഴുതാന്‍ ഇനി മൂന്ന് ദിവസം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പതിനൊന്നാം കേരള നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം കൂടി മാത്രം. മെയ് 10 വ്യാഴാഴ്ചയാണ് കേരളത്തില്‍ പോളിംഗ്. പ്രചാരണത്തിന് ഇനി രണ്ടു ദിവസം കൂടി അവശേഷിക്കുമ്പോള്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിലാണ്.

എല്‍ ഡി എഫിന്റേയും യു ഡി എഫിന്റേയും ബി ജെ പി യുടെയും കേന്ദ്ര- സംസ്ഥാന നേതാക്കള്‍ രംഗത്തിറങ്ങി പ്രചാരണരംഗം കൊഴുപ്പിക്കുന്നു. യു ഡി എഫിനു വേണ്ടി കോണ്‍ഗ്രസ് അഖിലേന്ത്യാ അദ്ധ്യക്ഷ സോണിയാ ഗാന്ധി, എല്‍ഡിഎഫിനു വേണ്ടി സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്, ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. ദേവഗൗഡ, ബി ജെപിയ്ക്കു വേണ്ടി പാര്‍ട്ടി അദ്ധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തി, കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി തുടങ്ങിയ പ്രമുഖര്‍ സംസ്ഥാനത്തെത്തി പ്രചാരണം നടത്തി. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രി വാജ്പേയിയെ സംസ്ഥാനത്തെത്തിക്കാന്‍ ബി ജെ പി ശ്രമിച്ചു വരികയാണ്.

ഒരു മുന്നണിയ്ക്കും പ്രകടമായ അനുകൂലതരംഗങ്ങള്‍ ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബഹുദൂരം മുന്നേറിയ ഇടതുമുന്നണിയ്ക്കൊപ്പം പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളുമൊക്കെ പറഞ്ഞൊതുക്കി യുഡിഎഫ് എത്തിയിട്ടുണ്ടെന്നതാണ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെ അവസ്ഥ.

വോട്ടര്‍ പട്ടികകളിലെ വെട്ടിനിരത്തല്‍, ബി ജെ പി , പി ഡി പി , ഐ എന്‍ എല്‍ എന്നീ കക്ഷികളുടെ നിലപാട് തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ് ഇപ്പോള്‍ മുന്നണികളുടെ പ്രചാരണം. ഇടതുമുന്നണി ഭരണം നിലനിര്‍ത്താനും ഐക്യമുന്നണി ഭരണം പിടിച്ചെടുക്കാനും പാടുപെടുമ്പോള്‍ കേരള നിയമസഭയിലാദ്യമായി തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാനുള്ള വാശിയിലാണ് ബിജെപി ഇത്തവണ.

ബിജെപിയുടെ നിലപാട് നിര്‍ണായകമാകുന്ന ഏതാനും മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന വസ്തുത കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. എ കെ ആന്റണി തുടങ്ങി ഐക്യജനാധിപത്യ മുന്നണിയുടെ പ്രമുഖരായ നേതാക്കള്‍ മത്സരിക്കുന്നവയുള്‍പ്പെടെ പത്തു സീറ്റുകളില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്നതാണ് മറ്റൊരു സവിശേഷത. എന്നാല്‍, ഈ സീറ്റുകളില്‍ ആരെ പിന്തുണയ്ക്കണെമെന്ന കാര്യം പാര്‍ട്ടി ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ബിജെപി യുടെ നിലപാടാണ് അവസാനഘട്ടത്തിലെ പ്രധാനചോദ്യ ചിഹ്നം.

തങ്ങളെ നിയമസഭ കാണിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ചില മണ്ഡലങ്ങളില്‍ വോട്ട് മറിച്ചു നല്‍കാമെന്ന വാഗ്ദാനം ബിജെപി പരസ്യമായും രഹസ്യമായും ഇരുമുന്നണികള്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍, ബിജെപി യുടെ വോട്ട് വേണ്ടെന്ന് എല്‍ഡിഎഫ് പരസ്യമായി പ്രഖ്യപിച്ചിരിക്കുകയാണ്. യുഡിഎഫാകട്ടെ ഇടതമുന്നണിയെ താഴെയിറക്കാന്‍ ആരുടെ വോട്ടും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ്. എന്തു വില കൊടുത്തും ഇത്തവണ നിയമസഭയില്‍ കേറുമെന്ന ഉറച്ച നിലപാടിലാണ് ബിജെപി.

പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോള്‍ പുറത്തുവന്ന അഭിപ്രായ സര്‍വേകളിലെല്ലാം യു ഡിഎഫിനാണ് വിജയസാധ്യത. ഇതു മുന്നില്‍ കണ്ട് ഇരുമുന്നണികളും ബിജെപിയും അവസാനവട്ട തന്ത്രങ്ങള്‍ മെനയുന്ന ചിത്രമാണ് തിരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കേ കേരളത്തില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X