അഭിപ്രായ സര്‍വേകള്‍ അലകളുണ്ടാക്കുന്നു
തിരുവനന്തപുരം: ഇടതുമുന്നണി പരാജയപ്പെടുമെന്ന അഞ്ചോളം അഭിപ്രായ സര്‍വേകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗത്ത് അലകളുയര്‍ത്തിയിരക്കുകയാണ്.
ഏറ്റവും ഒടുവില്‍ പുറത്തുവന്നത് ബിജെപി അനുഭാവമുള്ള ജയിന്‍ ടിവി നടത്തിയ സര്‍വെ ഫലമാണ്. യുഡിഎഫ് 78 മുതല്‍ 82 സീറ്റുകള്‍ വരെ നേടുമെന്നാണ് ജയിന്‍ ടിവി സര്‍വെ പറയുന്നത്.
ഓള്‍ ആര്‍ ബിജെപി പേപ്പേഴ്സ് - ഇതായിരുന്നു സര്‍വെ ഫലങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ മറുപടി. അഭിപ്രായ വോട്ടെടുപ്പുകള്‍ മൗലികമല്ലെന്നും അവ പരാജയപ്പെടുമെന്നും സിപിഎം നേതാവ് എം. എ. ബേബി പറഞ്ഞു. അഭിപ്രായ വോട്ടെടുപ്പുകള്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് മുന്‍ ഫലങ്ങള്‍ തെളിയിക്കുന്നുവെന്നും ബേബി അഭിപ്രായപ്പെട്ടു.
എന്നാല്‍ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ നിഷ്പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ഇടതുമുന്നണി ഭയക്കുന്നു. തോല്‍ക്കാന്‍ സാധ്യതയുള്ള കക്ഷിക്ക് വോട്ട് നല്‍കിയിട്ട് കാര്യമില്ലെന്ന തോന്നല്‍ വോട്ടര്‍മാര്‍ക്കുണ്ടായേക്കും എന്നാണ് യുഡിഎഫിന്റെ പ്രത്യാശ.
ഒരു പ്രമുഖ മാധ്യമ സ്ഥാപനം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 17 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
പുറത്തുവന്ന സര്‍വെകളെല്ലാം തങ്ങള്‍ക്ക് എതിരായത് ഇടതുമുന്നണിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. സിപിഎം നേതാവ് സുര്‍ജിത്തും, സിപിഐ നേതാവ് ബര്‍ദനുമെല്ലാം അഭിപ്രായ വോട്ടെടുപ്പുകളെ വിമര്‍ശിച്ചത് ഇതിനുദാഹരണമാണ്.












Click it and Unblock the Notifications