സര്‍ക്കാര്‍ ധവളപത്രം ഇറക്കും
തിരുവനന്തപുരം: കേരളത്തിന്റെ യഥാര്‍ത്ഥ സാമ്പത്തികസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനു ധവളപത്രം പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതു തയ്യാറാക്കുന്നതിന് ധനമന്ത്രി ചെയര്‍മാനായി മന്ത്രിസഭാ ഉപസമിതി രൂപവല്ക്കരിക്കാനും മെയ് 30 ബുധനാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു.
അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ധവളപത്രം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി യോഗത്തിന് ശേഷം പത്രലേഖകരോട് പറഞ്ഞു. ധനമന്ത്രി കെ. ശങ്കരനാരായണനു പുറമെ റവന്യൂ മന്ത്രി കെ.എം. മാണി, വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ എന്നിവര്‍ ഉപസമിതിയില്‍ അംഗങ്ങളായിരിക്കും. ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനോദ് റോയ് സമിതി കണ്‍വീനറായിരിക്കും.
വിവരിക്കാനാവാത്തത്ര ഭയാനകമായ സ്ഥിതിയിലാണ് കേരളത്തിന്റെ സാമ്പത്തിക നിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യവകുപ്പ് മന്ത്രിസഭയ്ക്ക് നല്കിയ വിവരമനുസരിച്ച് കേരളം അതിഭീമമായ കടക്കെണിയിലാണ് . വൈദ്യുതി ബോര്‍ഡ് , കെഎസ്ആര്‍ടിസി, ഭവന നിര്‍മ്മാണബോര്‍ഡ് എന്നിവ തകര്‍ച്ചയുടെ വക്കിലാണ്. പ്ലസ് ടു അധ്യാപകര്‍ക്കു രണ്ടു വര്‍ഷമായി ശമ്പളമില്ല. കടംവാങ്ങിയ വകയില്‍ സഹകരണസംഘങ്ങള്‍ക്ക് നല്കാനുള്ളത് 800 കോടിയാണ്.
ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നെല്ലാം പണം വാങ്ങിയിട്ടുണ്ട്. വസ്തുനിഷ്ഠമായ ചിത്രം ജനങ്ങളെ ബോധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഈ സ്ഥിതിയില്‍ നിന്നും സംസ്ഥാനത്തെ കരകയറ്റാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പല നിര്‍ദേശങ്ങളും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നുള്ളത് അതിലൊന്നു മാത്രമാണ്. പക്ഷെ ഈ നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയിലില്ലെന്ന് ആന്റണി പറഞ്ഞു. മന്ത്രിമാര്‍ ഉത്തരവിട്ടാല്‍ പോലും പലകാര്യങ്ങളും നടപ്പാക്കാന്‍ കഴിയുന്നില്ല.
ഇക്കാര്യത്തില്‍ തങ്ങള്‍ ആരെയും കുറ്റം പറയുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ മൊത്തത്തിലുള്ള ധനകാര്യമാനേജ്മെന്റാണ് പ്രശ്നത്തിനു കാരണമായത്. ധനസ്ഥിതിയുടെ പേര് പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍ ധവളപത്രം വരട്ടെ, എല്ലാം ചര്‍ച്ചചെയ്യാമെന്നായിരുന്നു മറുപടി. ഉറച്ച പരിഹാര നടപടികള്‍ വേണ്ടിവരും. ചിലപ്പോള്‍ കടുത്ത നടപടികളുണ്ടാവാമെന്ന് ആന്റണി സൂചിപ്പിച്ചു.












Click it and Unblock the Notifications