ഇംഗ്ലണ്ടിന് ജയിക്കാന്‍ 285 റണ്‍സ് വേണം
മാഞ്ചസ്റര്‍: പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ടെസ്റ് ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് ഒരു ദിവസവും 10 വിക്കറ്റും കൂടി കൈയിലിരിക്കെ 285 റണ്‍സ് കൂടി വേണം. ഒന്നാം ടെസ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു.
ജയിക്കാന്‍ 370 റണ്‍സ് എന്ന ലക്ഷ്യവുമായി ഓള്‍ഡ് ട്രാഫോഡില്‍ നാലാം ദിവസമായ ജൂണ്‍ മൂന്ന് ഞായറാഴ്ച രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് കളിനിര്‍ത്തിയപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 85 റണ്‍സ് എന്ന നിലയിലാണ്. 48 റണ്‍സോടെ മൈക്കല്‍ ട്രസ്കോത്തിക്കും 30 റണ്‍സോടെ മൈക്കല്‍ ആര്‍തേര്‍ട്ടണും ബാറ്റ് ചെയ്യുന്നു.
നേരത്തെ പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 323 റണ്‍സിനവസാനിച്ചു. ഒന്നാം ഇന്നിംഗ്സില്‍ 46 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ശക്തമായി നിലയിലുള്ള പാകിസ്ഥാനെ അവസാന ഓവറുകളില്‍ തളയ്ക്കുകയായിരുന്നു. ഒരവസരത്തില്‍ നാലു വിക്കറ്റിന് 203 റണ്‍സെന്ന നിലയിലായിരുന്നു പാകിസ്ഥാനെ തളയ്ക്കുന്നതില്‍ ഇംഗ്ലണ്ടിന്റെ മൂന്നു ഫാസ്റ് ബൗളര്‍മാരും മുഖ്യപങ്കു വഹിച്ചു. ഡാരന്‍ ഗഫ്, ആന്‍ഡി കാഡിക്ക്, മൈക്കല്‍ ഹൊഗാര്‍ഡ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഇന്‍സമാം ഉള്‍ ഹഖും (85) യൂസഫ് യൂഹാനയും (49) മാത്രമാണ് പാക് നിരയില്‍ കാര്യമായ ചെറുത്തുനില്പ് നടത്തിയത്. വാലറ്റത്ത് മുന്‍ ക്യാപ്റ്റന്‍ വസീം അക്രവും (36) ചെറുത്തു നിന്നു.