ലക്ഷദ്വീപിനു വേണ്ടി നിര്‍മ്മിച്ച കപ്പല്‍ യാത്രയ്ക്ക് ഒരുങ്ങുന്നു
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി കൊച്ചിന്‍ കപ്പല്‍നിര്‍മാണ ശാലയില്‍ നിര്‍മ്മിച്ച രണ്ട് യാത്രാക്കപ്പലുകള്‍ യാത്രയ്ക്ക് സജ്ജമായി. ഇവയില്‍ ഒന്നായ എം.വി. അമിനിദിവിയുടെ ആദ്യയാത്ര ജൂണ്‍ എട്ട് വെള്ളിയാഴ്ച കവറത്തിയില്‍ നിന്ന് തുടങ്ങും. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.എം. സെയ്ദാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. കൊച്ചിയും കവറത്തിയും മറ്റ് ദ്വീപസമൂഹങ്ങളും തമ്മില്‍ ബന്ധിപ്പിച്ചാണ് കപ്പല്‍ സഞ്ചരിക്കുക.
150 യാത്രക്കാരെയും 24 ജീവനക്കാരെയും കപ്പലിന് ഉള്‍ക്കൊള്ളാനാകും. ഇതിനു പുറമെ 25 ടണ്‍ ചരക്കുകളും കപ്പലില്‍ കയറ്റാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക യാത്രാ സൗകര്യവും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായ ചികിത്സാസൗകര്യവും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഒരു പ്രാര്‍ത്ഥനാമുറിയും കപ്പലിലുണ്ട്.
മറ്റൊരു യാത്രാക്കപ്പലായ എം.വി. മിനിക്കോയ് ഉടന്‍ തന്നെ യാത്രയ്ക്ക് തയ്യാറാകും. ഈ രണ്ടു കപ്പലും ഗതാഗതത്തിന് ഉപയോഗിക്കുന്നതോടെ ദ്വീപുകള്‍ക്കിടയിലുള്ള സമുദ്ര സഞ്ചാരം കൂടുതല്‍ അനായാസകരമാകുമെന്നാണ് ലക്ഷദ്വീപ് വികസന കോര്‍പ്പറേഷന്‍ കണക്കാക്കുന്നത്. ദ്വീപിലെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കാനും ഈ കപ്പലുകള്‍ക്ക് കഴിയുമെന്ന് കരുതുന്നു.
മേഖലയില്‍ കൂടുതല്‍ ചരക്കുകപ്പലുകള്‍ യാത്രാക്കപ്പലുകളും അനുവദിക്കാന്‍ കോര്‍പ്പറേഷന് പരിപാടിയുണ്ട്. ഇതിന്റെ മുന്നോടിയായി ദ്വീപില്‍ നിന്നുള്ള ഒട്ടേറെ പേര്‍ക്ക് നാവിക പരിശീലനം നല്‍കാന്‍ കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നു.












Click it and Unblock the Notifications